പോലീസുകാരെ എസ്എഫ്ഐക്കാര്‍ പൊതു നിരത്തില്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ചു

Thursday 13 December 2018 9:28 am IST

തിരുവനന്തപുരം: സിഗ്‌നല്‍ ലംഘിച്ച ബൈക്ക് തടഞ്ഞതിന് ട്രാഫിക്ക് പോലീസുകാര്‍ക്ക് എസ്എഫ്ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനം. എസ്എപി ക്യാമ്പിലെ പോലീസുകാരായ വിനയ ചന്ദ്രന്‍ , ശരത് എന്നിവരെയാണ് പൊതുനിരത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് തല്ലിയത്.

ബുധനാഴ്ച വൈകുന്നേരം 6 മണിയോടുകൂടിയാണ് സംഭവം. പാളയം യുദ്ധസ്മാരകത്തിന് മുന്നില്‍ വെച്ചാണ് ഡ്യൂട്ടിയിലായിരുന്ന പോലീസുകാരെ 20തോളം വരുന്ന എസ്എഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്. സാരമായി പരിക്കേറ്റ ഇരുവരെയും ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ ഭാഗത്ത് അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

ട്രാഫിക് നിയമം ലംഘിച്ച് യുടേണ്‍ എടുത്ത ബൈക്ക് യാത്രക്കാരനെ ഡ്യൂട്ടിയിലുണ്ടായിരുന്ന അമല്‍ കൃഷ്ണയെന്ന പോലീസുകാരന്‍ തടഞ്ഞു. പ്രകോപിതനായ യുവാവ് പോലീസിനെ പിടിച്ചു തള്ളുകയും തര്‍ക്കിക്കുകയും ചെയ്തു.

ഇതുകണ്ട പോലീസുകാരായ വിനയ ചന്ദ്രനും ശരത്തും ഇടപെട്ടു. തുടര്‍ന്ന് യുവാവ് ഫോണ്‍ ചെയ്ത് കൂട്ടുകാരെ വിളിച്ചു വരുത്തുകയായിരുന്നു. ഉടന്‍ യൂണിവേഴ്സിറ്റി കോളേജിന് സമീപത്തു നിന്നും വിദ്യാത്ഥികള്‍ പാഞ്ഞെത്തി. സഹപ്രവര്‍ത്തകരെ മദ്ദിക്കുന്നത് കണ്ട അമല്‍കൃഷ്ണ കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് സഹായമഭ്യര്‍ത്ഥിച്ചു. പോലീസ് സംഘം എത്തിയപ്പോഴേക്കും ഇരു പോലീസുകാരെയും മദ്ദിച്ചവശരാക്കിയിരുന്നു.

സ്ഥലത്തെത്തിയ പോലീസ് സംഘം അക്രമികളെ പിടികൂടി ജീപ്പില്‍ കയറ്റാന്‍ ശ്രമിക്കവേ എസ്എഫ്ഐ നേതാക്കള്‍ സ്ഥലത്തെത്തി ജീപ്പ് തടഞ്ഞു. കൂടുതല്‍ എസ്എഫ്ഐ നേതാക്കളും വിദ്യാര്‍ത്ഥികളും സംഘടിച്ചതോടെ പോലീസുകാര്‍ പിന്‍മാറി. പരിക്കേറ്റ പോലീസുകാരെ മറ്റൊരു ജീപ്പില്‍ ആശുപത്രിയിലേക്ക് മാറ്റി.

എന്നാല്‍ പോലീസുകാരെ ആക്രമിച്ച സംഭവത്തില്‍ എസ്എഫ്ഐക്കാര്‍ക്ക് ബന്ധമില്ലെന്ന് ജില്ലാ പ്രസിഡന്റ് ഷിജിത്ത് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.