സിപിഐയും സിപി‌എമ്മും ഇപ്പോഴും നോട്ടയ്ക്ക് പിന്നില്‍ തന്നെ

Thursday 13 December 2018 11:54 am IST

ന്യൂദല്‍ഹി: നോട്ടയോട് ഏറ്റുമുട്ടി തോല്‍ക്കുന്ന പാര്‍ട്ടിയെന്ന് സിപിഐയും സിപി‌എമ്മും വീണ്ടും തെളിയിച്ചു. രാജസ്ഥാനില്‍ രണ്ട് സീറ്റില്‍ വിജയിച്ചെങ്കിലും 434210 വോട്ടാണ് സിപിഎമ്മിന് ലഭിച്ചത്. അതായത് 1.2 ശതമാനം. നോട്ടക്ക് 1.3 ശതമാനത്തോടെ 467781 വോട്ടുകള്‍ ലഭിച്ചു. സിപിഎമ്മിനേക്കാള്‍ 0.1 ശതമാനം വോട്ട് അധികം. 

പൊതുവെ തെരഞ്ഞെടുപ്പുകളില്‍ സംപൂജ്യരാകാറുള്ള സിപിഎമ്മിന് രണ്ട് സീറ്റ് ലഭിച്ചത് കേരളത്തിലുള്‍പ്പെടെ പ്രവര്‍ത്തകര്‍ ആഘോഷമാക്കിയിരുന്നു. തങ്ങളുടെ കര്‍ഷക സമരങ്ങള്‍ക്ക് ലഭിച്ച അംഗീകാരമായാണ് അവര്‍ അവകാശപ്പെട്ടത്. എന്നാല്‍ യഥാര്‍ത്ഥ ചിത്രം നോട്ടക്കും താഴെയാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഏഴ് പാര്‍ട്ടികളുടെ ലോക് താന്ത്രിക് മോര്‍ച്ചയെന്ന മുന്നണിയുണ്ടാക്കി മത്സരിച്ചാണ് സിപിഎമ്മിന് രണ്ട് സീറ്റ് ലഭിച്ചത്. സമാജ്‌വാദി പാര്‍ട്ടി, തീവ്ര ഇടത് പാര്‍ട്ടിയായ സിപിഐ (എംഎല്‍) എന്നിവരും സഖ്യത്തിലുണ്ടായിരുന്നു.

തെലങ്കാനയില്‍ സിപിഎമ്മിനും സിപിഐക്കും 0.4 ശതമാനം വീതം വോട്ടാണ് ലഭിച്ചത്. നോട്ടക്ക് 1.1 ശതമാനവും. സിപിഎം 91099 വോട്ടും സിപിഐ 83215 വോട്ടും നേടിയപ്പോള്‍ നോട്ടക്ക് ഇതിന്റെ ഇരട്ടിയിലേറെ (224709) ലഭിച്ചു. 28 പാര്‍ട്ടികളുടെ സഖ്യമുണ്ടാക്കി മത്സരിച്ചിട്ടാണ് തെലങ്കാനയില്‍ സിപിഎമ്മിന്റെ ഗതികേട്. കോണ്‍ഗ്രസ്-ടിഡിപി സഖ്യത്തിനൊപ്പമായിരുന്നു സിപിഐ.

ചത്തീസ്‌ഗഡില്‍ സിപിഐക്ക് 0.3 ശതമാനം (48255) വോട്ട് കിട്ടിയപ്പോള്‍ രണ്ട് ശതമാനം വോട്ടാണ് നോട്ടക്ക് ലഭിച്ചത്- 282744 വോട്ടുകള്‍. സിപിഎം മത്സരിച്ചിട്ടില്ല. മധ്യപ്രദേശിലും മിസോറാമിലും സിപിമ്മും സിപിഐയും മത്സരിച്ചിട്ടില്ല. ദേശീയ പാര്‍ട്ടിയെന്ന പദവിയിലിരുന്നാണ് സിപിഎമ്മിന്റെയും സിപിഐയുടെയും നാണക്കേട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.