പേരാമ്പ്രയില്‍ സിപിഎം കേന്ദ്രത്തില്‍ സ്‌ഫോടനം

Friday 14 December 2018 1:00 am IST

പേരാമ്പ്ര: പേരാമ്പ്ര ടൗണില്‍ സിപിഎം കേന്ദ്രത്തില്‍ സ്‌ഫോടനം. പേരാമ്പ്ര ബസ് സ്റ്റാന്‍ഡിന് സമീപം കാര്‍ത്തിക ഹോട്ടല്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ മുകള്‍നിലയിലെ മുറിയില്‍ വച്ചിരുന്ന സ്റ്റീല്‍ ബോംബാണ് പൊട്ടിത്തെറിച്ചത്. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് സ്‌ഫോടനം. സിഐടിയു സംസ്ഥാനകമ്മറ്റി അംഗം ടി.കെ. ലോഹിതാക്ഷന്റെ ഉടമസ്ഥതയിലുള്ളതാണ് കാര്‍ത്തിക ഹോട്ടല്‍. ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരെ ആക്രമിക്കാന്‍  തയ്യാറാക്കിവെച്ചതായിരുന്നു ബോംബുകള്‍ എന്നാണ് സൂചന. 

മുറി വൃത്തിയാക്കാന്‍ എത്തിയ ഇതര സംസ്ഥാനത്തൊഴിലാളികളാണ്  സ്റ്റീല്‍പാത്രമാണെന്ന് കരുതി ബോംബ് കൈയിലെടുത്തത്. കടലാസില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയ ബോംബില്‍ നിന്ന് പുക ഉയരുന്നത് കണ്ടതോടെ പുറത്തേക്ക് എറിയുകയും ബോംബ് പൊട്ടിത്തെറിക്കുകയുമായിരുന്നു. രണ്ട് ബോംബുകള്‍ പൊട്ടാത്ത നിലയിലും കണ്ടെത്തിയിട്ടുണ്ട്. 

ഹോട്ടലിന് സമീപത്തുള്ള ക്ഷേത്രക്കുളത്തിന്റെ മതിലിന് മുകളിലേക്കാണ് ഇതരസംസ്ഥാന തൊഴിലാളികള്‍ ബോംബ് വലിച്ചെറിഞ്ഞത്. ബോംബ് പൊട്ടിയതിന്റെ അവശിഷ്ടങ്ങള്‍ ക്ഷേത്രക്കുളത്തില്‍ ചിതറികിടക്കുകയാണ്. പേരാമ്പ്രയിലെ കല്ലോട് സംഘപരിവാര്‍ സംഘടനാ പ്രവര്‍ത്തകര്‍ക്കുനേരെ നടത്തുന്ന അക്രമങ്ങള്‍ക്ക് ശക്തികൂട്ടാന്‍ സിപിഎം നേതൃത്വത്തിന്റെ പിന്തുണയോടെ തയ്യാറാക്കിവെച്ചതാണോ ബോംബുകളെന്ന സംശയം ഉയര്‍ന്നിരിക്കുകയാണ്. 

കഴിഞ്ഞദിവസമാണ് പേരാമ്പ്രയില്‍ ആര്‍എസ്എസ് മണ്ഡല്‍ ബൗദ്ധിക് പ്രമുഖ് കെ.പി. പ്രസൂണിനെയും അച്ഛനെയും വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമമുണ്ടായത്. 

ഈ കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ മൂന്നുപേരെ അറസ്റ്റു ചെയ്‌തെങ്കിലും സിപിഎമ്മുകാര്‍ വീണ്ടും അക്രമത്തിന് കോപ്പുകൂട്ടുകയാണെന്ന് ബോംബു സ്‌ഫോടനത്തോടെ  വ്യക്തമായിരിക്കുകയാണ്. പയ്യോളിയില്‍ നിന്നെത്തിയ പോലീസും ബോംബുസ്‌ക്വാഡും സ്‌ഫോടനാവശിഷ്ടങ്ങള്‍ പരിശോധിച്ചു. പേരാമ്പ്രയില്‍ നടന്ന സ്‌ഫോടനത്തെപ്പറ്റിയും സിപിഎം നടത്തുന്ന ആയുധസംഭരണത്തെപ്പറ്റിയും സമഗ്രാന്വേഷണം വേണമെന്ന് ബിജെപി പേരാമ്പ്ര പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.