എസ്എഫ്‌ഐക്കാരെ പിടിക്കാന്‍ പോലീസിന് പേടി

Friday 14 December 2018 1:55 am IST
ട്രാഫിക് നിയമം ലംഘിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകനെ തടഞ്ഞ പോലീസുകാരന്‍ അമല്‍ കൃഷ്ണക്കാണ് ആദ്യം മര്‍ദനമേറ്റത്. തുടര്‍ന്ന് യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നെത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ വന്‍സംഘം എസ്എപി ക്യാമ്പിലെ പോലീസുകാരായ വിനയചന്ദ്രന്‍, ശരത് എന്നിവരെ പൊതുനിരത്തില്‍ വളഞ്ഞിട്ട് തല്ലി. എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടത്തില്‍ ഏറെനേരം ഗതാഗതവും സ്തംഭിച്ചു.

തിരുവനന്തപുരം: നഗരമധ്യത്തില്‍ പോലീസുകാരെ തല്ലിച്ചതയ്ക്കുകയും കസ്റ്റഡിയിലെടുത്ത പ്രതികളെ മോചിപ്പിക്കുകയും ചെയ്ത എസ്എഫ്‌ഐക്കരെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് ഭയം. സംഭവം വിവാദമായതോടെ കേസ് എടുത്തെങ്കിലും  ഒരു നടപടിയും ഉണ്ടായിട്ടില്ല. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. 

 ബുധനാഴ്ച വൈകിട്ട് പാളയം യുദ്ധസ്മാരകത്തിന് മുന്നില്‍ നടുറോഡില്‍ വെച്ചാണ് യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നും സംഘടിച്ചെത്തിയ സംഘവും എസ്എഫ്‌ഐ നേതാക്കളും ചേര്‍ന്ന്  ട്രാഫിക് പോലീസുകാരെ ആക്രമിച്ചത്. 

ട്രാഫിക് നിയമം ലംഘിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകനെ തടഞ്ഞ പോലീസുകാരന്‍ അമല്‍ കൃഷ്ണക്കാണ് ആദ്യം മര്‍ദനമേറ്റത്. തുടര്‍ന്ന് യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നെത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ വന്‍സംഘം എസ്എപി ക്യാമ്പിലെ പോലീസുകാരായ വിനയചന്ദ്രന്‍, ശരത് എന്നിവരെ പൊതുനിരത്തില്‍ വളഞ്ഞിട്ട് തല്ലി. എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടത്തില്‍ ഏറെനേരം ഗതാഗതവും സ്തംഭിച്ചു.

വിവരം അറിഞ്ഞ് കൂടുതല്‍ പോലീസുകാര്‍ എത്തി പ്രതികളെ കസ്റ്റഡിയില്‍ എടുത്തെങ്കിലും ഒരൊറ്റ എസ്എഫ്‌ഐ പ്രവര്‍ത്തകനെപ്പോലും കൊണ്ടുപോകാനായില്ല. എസ്എഫ്‌ഐ, സിപിഎം നേതാക്കള്‍ കൂട്ടത്തോടെ സ്ഥലത്തെത്തി പോലീസിനെ ഭീഷണിപ്പെടുത്തിയതാണ് കാരണം. യൂണിവേഴ്‌സിറ്റി കോളേജിലെ യൂണിയന്‍ നേതാവ് അടക്കമുള്ള സംഘമാണ് അക്രമം അഴിച്ചു വിട്ടത്. 

സിസിടിവി ദൃശ്യങ്ങള്‍ അടക്കം പുറത്തു വന്നതോടെയാണ് പോലീസ് കേസെടുക്കാന്‍നിര്‍ബന്ധിരായത്. അതേസമയം നഗരം കേന്ദ്രീകരിച്ചു എസ്എഫ്‌ഐ ഗുണ്ടാ പ്രവര്‍ത്തനത്തിന് യൂണിവേഴ്‌സിറ്റി കോളേജ് ശക്തി പകരുകയാണെന്നും, ആഭ്യന്തര വകുപ്പിന്റെ മൗനാനുവാദത്തോടെയാണ് ഇത് നടക്കുന്നതെന്നും എബിവിപി ആരോപിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.