ബിജെപിക്കും കോണ്‍ഗ്രസ്സിനും ഇടയിലെ ദൂരം 4,337 വോട്ട്

Friday 14 December 2018 3:51 am IST

ന്യൂദല്‍ഹി: മധ്യപ്രദേശില്‍ ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസ്സിലേക്ക് ഭരണമെത്തിച്ചത് 4,337 വോട്ടുകള്‍. ഏഴ് മണ്ഡലങ്ങളില്‍ ആയിരത്തില്‍ താഴെ വോട്ടുകള്‍ക്കാണ് ബിജെപി തോറ്റത്. ഇതില്‍ തന്നെ അഞ്ഞൂറില്‍ താഴെ രണ്ടിടത്തും. 

ഗ്വാളിയോര്‍ സൗത്ത് (121), സുവാസ്ര (350), ജബല്‍പുര്‍ നോര്‍ത്ത് (578), രാജ്‌നഗര്‍ (732), ദാമോ (798), ബിയോറ (826), രാജ്പൂര്‍ (932) എന്നിവിടങ്ങളിലാണ് കുറഞ്ഞ വോട്ടുകള്‍ക്ക് ബിജെപി തോറ്റത്. ഏഴിടത്തും വിജയിച്ചത് കോണ്‍ഗ്രസ്. ഈ മണ്ഡലങ്ങളില്‍ നിന്നായി ആകെ 4337 വോട്ടുകളുടെ ഭൂരിപക്ഷമാണ് കോണ്‍ഗ്രസ്സിന് ലഭിച്ചത്. ആ വോട്ടുകള്‍ക്ക് ഒരു സംസ്ഥാന ഭരണത്തിന്റെ വിലയുണ്ടായിരുന്നുവെന്ന് തിരിച്ചറിയുകയാണ് ബിജെപി. 

ഇവിടങ്ങളില്‍ ജയിച്ചിരുന്നെങ്കില്‍ ബിജെപി 115 സീറ്റിലെത്തി നാലാമതും ഭരണത്തിലെത്തുമായിരുന്നു. കോണ്‍ഗ്രസ്സിന്റെ സീറ്റുകള്‍ 107ലേക്ക് താഴുമായിരുന്നു. ആയിരത്തില്‍ താഴെ വോട്ടുകള്‍ക്ക് കോണ്‍ഗ്രസ് തോറ്റത് മൂന്നിടത്ത് മാത്രമാണ്. മധ്യപ്രദേശില്‍ ഭരണത്തില്‍ തിരിച്ചെത്താന്‍ ഭാഗ്യമാണ് കോണ്‍ഗ്രസ്സിനെ സഹായിച്ചതെന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്കുകള്‍. വോട്ടിങ് ശതമാനത്തിലും ബിജെപിയാണ് മുന്നില്‍- 41 ശതമാനം. കോണ്‍ഗ്രസ്സിന് 40.9 ശതമാനം വോട്ട് ലഭിച്ചു. കോണ്‍ഗ്രസ്സിനേക്കാള്‍ 47,824 വോട്ടുകളും ബിജെപിക്ക് അധികമായി ലഭിച്ചു. ഭരണം നഷ്ടപ്പെട്ടെങ്കിലും അടിത്തറ ശക്തമാണെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. ശക്തമായ സംഘടനാ സംവിധാനമുള്ളതാണ് ഗുണം ചെയ്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.