വേഗ പിച്ചില്‍ വിജയം തേടി രണ്ടാം ടെസ്റ്റ് ഇന്നുമുതല്‍

Friday 14 December 2018 5:11 am IST

പെര്‍ത്ത്: പഴയകാല ഇന്ത്യന്‍ ടീമുകളൊക്കെ പച്ചപ്പുള്ള വിക്കറ്റുകള്‍ കണ്ടാല്‍ നെറ്റിചുളിക്കും. പക്ഷെ വിരാട് കോഹ്‌ലിയുടെ ഇന്ത്യന്‍ ടീം പെര്‍ത്തിലെ പുത്തന്‍ സ്‌റ്റേഡിയമായ ഒപ്ടസിലെ വേഗപിച്ച് കങ്കാരുക്കളെ അമര്‍ച്ചചെയ്യാനുള്ള വേദിയാക്കനുളള ഒരുക്കത്തിലാണ്. കാരണം പേസും ബൗണ്‍സുമുള്ള പിച്ചില്‍ വിക്കറ്റുകള്‍ കൊയ്യാന്‍ കെല്‍പ്പുളള പേസര്‍മാര്‍ ടീമിലുണ്ട്. വേഗ പിച്ചില്‍ വിജയം പിടിക്കാന്‍ ഇരു ടീമുകളും അങ്കം കുറിക്കുന്നതോടെ ഇന്നാരംഭിക്കുന്ന രണ്ടാം ടെസ്റ്റ് സംഘര്‍ഷഭരിതമാകും.

ഒപ്ടസിലെ പച്ചപ്പുനിറഞ്ഞ പിച്ച് അനാവരണം ചെയ്തതോടെ ഇന്ത്യന്‍ ക്യാമ്പ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ജീവനുള്ള ഈ പിച്ച് ഞങ്ങളെ തളര്‍ത്തുകയല്ല മറിച്ച് ഉത്തേജിപ്പിക്കുകയാണെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ കോഹ്‌ലി പറഞ്ഞു. പിച്ചിന്റെ ആനുകൂല്യം മുതലാക്കി ഓസീസിനെ വീഴ്ത്തി പരമ്പരയില്‍ 2-0 ന്റെ ലീഡ് നേടുകയാണ് ഇന്ത്യന്‍ ലക്ഷ്യം. അഡ്‌ലെയ്ഡിലെ ആദ്യ ടെസ്റ്റില്‍ 31 റണ്‍സിന് വിജയിച്ച ഇന്ത്യ നാലു മത്സരങ്ങളുടെ പരമ്പരയില്‍ 1-0 ന് മുന്നിലാണ്.

ആദ്യ ടെസ്റ്റില്‍ വിജയിച്ച ടീമില്‍ ചില മാറ്റങ്ങളുമായാണ് ഇന്ത്യ പെര്‍ത്തില്‍ ഇറങ്ങുന്നത്. വിജയത്തിന് പ്രധാനപങ്കുവഹിച്ച സ്പിന്നര്‍ അശ്വിനും രോഹിത് ശര്‍മയും രണ്ടാം ടെസ്റ്റിനില്ല. പരിക്കാണ് ഇവര്‍ക്ക് പ്രശ്‌നമായത്. ആദ്യ ടെസ്റ്റിനിടയ്ക്കാണ് ഇവര്‍ക്ക് പരിക്കേറ്റത്. ഇവര്‍ക്ക പകരം രവീന്ദ്ര ജഡേജയേയും ഹനുമാ വിഹാരിയെയും ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. പേസര്‍മാരായ ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ് എന്നിവരും പതിമൂന്നംഗ ടീമിലുണ്ട്.

പേസിനെ തുണയ്ക്കുന്ന പിച്ചില്‍ കോഹ്‌ലി നാല് പേസ് ബൗളര്‍മാരെ ഇറക്കിയേക്കും. ആദ്യ ടെസ്റ്റില്‍ തകര്‍ത്തെറിഞ്ഞ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ ഇവര്‍ക്കൊപ്പം ഭുവിക്കോ ഉമേഷിനോ അവസരം നല്‍കും. ഈ വര്‍ഷമാദ്യം ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യ നാലു പേസര്‍മാരെ പരിക്ഷിച്ചിരുന്നു. 2012 ല്‍ പെര്‍ത്തിലെ ടെസ്റ്റില്‍ ധോണിയുടെ ഇന്ത്യന്‍ ടീം നാലു പേസര്‍മാരുമായാണ് കളിച്ചത്.

രോഹിത് ശര്‍മയ്ക്ക് പരിക്കേറ്റതിനാല്‍ ഹനുമ വിഹാരിക്ക് അവസാന ഇലവനില്‍ സ്ഥാനം ലഭിക്കും. ഇംഗ്ലണ്ടിനെതിരെ ഓവലില്‍ അരങ്ങേറിയ വിഹാരിയുടെ രണ്ടാം ടെസ്റ്റാകും ഇത്. ഓവലില്‍ വിഹാരി 10.3 ഓവര്‍ ബൗള്‍ ചെയ്യുകയും ചെയ്തു.

പരിക്ക് മൂലം പൃഥ്വി ഷാ വിട്ടുനില്‍ക്കുന്നതിനാല്‍ മുരളി വിജയും ലോകേഷ് രാഹുലും ഇന്ത്യന്‍ ഇന്നിങ്ങ്‌സ് ഓപ്പണ്‍ ചെയ്യും.

രണ്ടാം ടെസ്റ്റില്‍ വിജയം നേടി പരമ്പരയില്‍ തിരിച്ചുവരാന്‍ തയ്യാറെടുക്കുന്ന ഓസ്‌ട്രേലിയ ബാറ്റിങ്ങില്‍ തന്ത്രപരമായ മാറ്റങ്ങള്‍ വരുത്തിയേക്കും. ആദ്യ ടെസ്റ്റില്‍ മോശം ഷോട്ട് കളിച്ച ആരോണ്‍ ഫിഞ്ചിനെ ഓപ്പണര്‍ സ്ഥാനത്ത് നിന്ന് താഴേക്ക്് ഇറക്കും. ഉസ്മാന്‍ ഖ്വാജയോ ഷോന്‍ മാര്‍ഷോ പകരം ഓപ്പണറാകും.

ആദ്യ ടെസ്റ്റിനിടെ പരിക്കേറ്റ ക്യാപ്റ്റന്‍ ടിം പെയ്ന്‍ ആരോഗ്യം വീണ്ടെടുത്തതിനാല്‍ ഓള്‍ റൗണ്ടര്‍ മിച്ചല്‍ മാര്‍ഷിന് രണ്ടാം ടെസ്റ്റില്‍ കളിക്കാന്‍ അവസരം ലഭിക്കില്ല. ആദ്യ ടെസ്റ്റ് കളിച്ച ടീമിനെ തന്നെയാണ് ഓസ്‌ട്രേലിയ രണ്ടാം ടെസ്റ്റിനും നിലനിര്‍ത്തിയിരിക്കുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.