ഐഎസില്‍ ചേരാന്‍ നാടുവിട്ടത് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും സുഹൃത്തുക്കളും

Friday 14 December 2018 4:51 pm IST

 

കണ്ണൂര്‍: കണ്ണൂരില്‍ നിന്നും ഇസ്ലാമിക് സ്‌റ്റേറ്റ്‌സി (ഐഎസ്)ന്റെ ഭാഗമാകാന്‍ പോയവര്‍ മുമ്പ് ഐഎസില്‍ ചേര്‍ന്നവരുടെ ബന്ധുക്കളും സുഹൃത്തുക്കളും. പാപ്പിനിശേരിയില്‍നിന്നും പോയി ഐഎസില്‍ ചേര്‍ന്ന് സിറിയയില്‍ കൊല്ലപ്പെട്ട ഷമീറിന്റെ ഭാര്യ ഫൗസിയയുടെ അനുജത്തിയാണ് ഇപ്പോള്‍ ഐഎസില്‍ ചേരാന്‍ നാടുവിട്ട അഫ്‌സീല. ഷമീറിന്റെ മക്കളായ സല്‍മാന്‍, സഫ്വാന്‍ എന്നിവരും കൊല്ലപ്പെട്ടതായി നേരത്തെ വിവരം ലഭിച്ചിരുന്നു. ഷമീറിന്റെ സുഹൃത്താണ് നാടുവിട്ട മറ്റൊരാളായ സജ്ജാദ്. സജ്ജാദിന്റെ ഭാര്യ കുടക് സ്വദേശിയാണ്. മതം മാറിയ ശേഷം ഷാഹിന എന്ന പേര് സ്വീകരിക്കുകയായിരുന്നു. കേരളത്തില്‍ നിന്നും ഐഎസില്‍ ചേര്‍ന്നവരില്‍ 99 ശതമാനം പേരും കൊല്ലപ്പെട്ടുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. 

കണ്ണൂരില്‍ നിന്ന് 10 പേര്‍ കൂടിയാണ് ഐഎസില്‍ ചേരാന്‍ നാടുവിട്ടത്. എന്നാല്‍ ഇവര്‍ സിറിയയിലോ, അഫ്ഗാനിസ്ഥാനിലോ എത്തിയതായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പൂതപ്പാറയിലെ കെ.സജ്ജാദ്, ഭാര്യ ഷാഹിന, രണ്ട് കുട്ടികള്‍, പുതപ്പാറയിലെ തന്നെ അന്‍വര്‍, ഭാര്യ അഫ്‌സീല, മൂന്നു കുട്ടികള്‍, കുറുവയിലെ ടി.പി.നിസാം എന്നിവരാണ് നവംബര്‍ 20ന് വീടുവിട്ടത്. മൈസൂരുവിലേക്ക് എന്നു പറഞ്ഞാണ് വീട്ടില്‍ നിന്നും ഇറങ്ങിയത്. മടങ്ങി വരാത്തതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുഎയിലേക്ക് പോയതായും അവിടെ നിന്ന് മുങ്ങിയതായും വിവരം ലഭിച്ചത്. അഫ്ഗാനിസ്ഥാനിലെ കേന്ദ്രത്തില്‍ എത്തിയിരിക്കാമെന്ന് പൊലീസ് സംശയിക്കുന്നു. ഡിവൈഎസ്പി പി.പി.സദാനന്ദന്റെ നേതൃത്വത്തിലാണ് പൊലീസ് അന്വേഷണം നടത്തുന്നത്. തീവ്രവാദ സ്വഭാവമുള്ള സംഘടനയുമായി ഇവര്‍ക്ക് നേരത്തെ ബന്ധമുള്ളതായി പൊലീസ് കണ്ടെത്തിയിരുന്നു. 

കണ്ണൂരില്‍ നിന്ന് ഐഎസില്‍ ചേരാന്‍ പോയ 35 പേരില്‍ അഞ്ചുപേരെ തുര്‍ക്കിയില്‍ നിന്ന് പൊലീസ് പിടികൂടി നാട്ടിലേക്ക് അയച്ചിരുന്നു. കേരളത്തില്‍ നിന്നും ഭീകര സംഘടനയായ ഐഎസില്‍ ചേര്‍ന്നവരില്‍ കൂടുതല്‍ പേരും കണ്ണൂര്‍ സ്വദേശികളാണെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഇവരില്‍ സ്ത്രീകളും, കുട്ടികളുമുണ്ട്. കണ്ണൂരില്‍ നിന്ന് ആളുകള്‍ ഐഎസില്‍ ചേര്‍ന്നതിന്റെ കൂടുതല്‍ തെളിവുകളും പോലീസിന് ലഭിച്ചിരുന്നു. സിറിയയിലെത്തിയവര്‍ വീട്ടുകാര്‍ക്കയച്ച ശബ്ദ് സന്ദേശങ്ങളാണ് പൊലീസ് കണ്ടെത്തിയത്. കൂടാതെ നേരെത്തെ അറസ്റ്റിലായവരുടെ പാസ്‌പോര്‍ട്ടും പോലീസ് പിടിച്ചെടുത്തിരുന്നു. മുമ്പ് ചക്കരക്കല്ല് സ്വദേശിയായ ഷജിലിന്റെ ഭാര്യ സഹോദരന് അയച്ച ശബ്ദ സന്ദേശങ്ങള്‍ ഐഎസ് ബന്ധത്തെ കുറിച്ച് പൊലീസിന് ലഭിച്ച തെളിവുകളില്‍ ഒന്നായിരുന്നു. ഇതിലാണ് ഷജില്‍ സിറിയയില്‍ വെച്ച് കൊല്ലപ്പെട്ടതായി പറയുന്നത്. ഇറാഖി സൈന്യത്തിന്റെ വെടിയേറ്റാണ് മരണമെന്നും സൂചിപ്പിച്ചിരുന്നു. ഭര്‍ത്താക്കന്മാര്‍ നഷ്ടപ്പെട്ട നിരവധി സ്ത്രീകള്‍ സിറിയയിലുള്ളതായും സന്ദേശത്തിലുണ്ടായിരുന്നു. പരിഭ്രാന്തയായി പൊട്ടിക്കരഞ്ഞു കൊണ്ടാണു ഹഫ്‌സിയ സംസാരിച്ചിരുന്നത്. കൂടാതെ വളപട്ടണം സ്വദേശിയായ മനാഫും ഐഎസിന് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു. 

കൊല്ലപ്പെട്ട ഷജിലിന്റെ സുഹൃത്താണ് മനാഫ്. ഷജില്‍ കൊല്ലപ്പെട്ടതിനാല്‍, ഷജില്‍ തരാനുള്ള പണം താന്‍ തരാമെന്നു പറഞ്ഞ് മനാഫ് സുഹൃത്തിനെ വിളിച്ചതിന്റെ രേഖകളും പൊലീസിനു ലഭിച്ചിരുന്നു. ഐഎസ് ബന്ധത്തിന്റെ പേരില്‍ കേരളത്തില്‍ നിന്ന് അറസ്റ്റ് ചെയ്തവരിലും കാണാതായവരിലും കൊല്ലപ്പെട്ടവരിലുമായി കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലയില്‍പ്പെട്ട നിരവധിപേരാണുള്ളത്. പാലക്കാട് ജില്ലയിലെ കഞ്ചിക്കോട്, കോഴിക്കോട് വടകര, മലപ്പുറത്ത് കൊണ്ടോട്ടി, വണ്ടൂര്‍, കണ്ണൂരില്‍ ചാലാട് എന്നിവിടങ്ങളില്‍ നിന്നുള്ള അഞ്ച് മലയാളികള്‍  സിറിയയിലെ അലപ്പോയില്‍ കൊല്ലപ്പെട്ടതായി കഴിഞ്ഞ വര്‍ഷം സ്ഥിരീകരിച്ചിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.