പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന് കൂത്തുപറമ്പിലും ഓഫീസ്

Friday 14 December 2018 4:56 pm IST

 

കണ്ണൂര്‍: കേരളത്തിലെ ഒബിസി, മതന്യൂനപക്ഷ വിഭാഗങ്ങളുടെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന് കൂത്തുപറമ്പില്‍ പുതിയ ഓഫീസ് അനുമദിച്ച് സര്‍ക്കാര്‍ ഉത്തരവായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ 10 പുതിയ ഓഫീസുകള്‍ കൂടി അനുവദിക്കുന്നതിന്റെ ഭാഗമായാണിത്. 2019 മാര്‍ച്ചോടെ ഓഫീസ് സ്ഥാപിക്കാനാണ് പദ്ധതി. ഇതിലേക്കായി 40 പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതിനും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.  

കൂത്തുപറമ്പിനു പുറമെ, തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര, കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി, പത്തനാപുരം, ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല, ഇടുക്കി ജില്ലയിലെ ദേവികുളം, എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, പാലക്കാട് ജില്ലയിലെ വടക്കുംചേരി, കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര, കാസര്‍കോട്  ജില്ലയിലെ കാഞ്ഞങ്ങാട് എന്നിവയാണ് പുതുതായി ആരംഭിക്കുന്ന ഓഫീസുകള്‍. നിലവില്‍ കോര്‍പ്പറേഷന് 14 ജില്ലാ ഓഫീസുകളും, വര്‍ക്കല, ഹരിപ്പാട്, ചേലക്കര, പട്ടാമ്പി, വണ്ടൂര്‍, തിരൂര്‍ എന്നീ 6 ഉപജില്ലാ  ഓഫീസുകളുമാണ് ഉള്ളത്. 

കുറഞ്ഞ പലിശ നിരക്കിലും ലളിതമായ വ്യവസ്ഥയിലും സ്വയം തൊഴില്‍, വിദ്യാഭ്യാസം, പ്രവാസികള്‍ക്കും പ്രൊഫഷണലുകള്‍ക്കും വേണ്ടിയുള്ള പ്രത്യേക സ്വയംതൊഴില്‍ വായ്പാ പദ്ധതികള്‍, ഗൃഹനിര്‍മ്മാണം, പെണ്‍കുട്ടികളുടെ വിവാഹം തുടങ്ങി വായ്പാ ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കി വരുന്ന കോര്‍പ്പറേഷന്‍ ഇതുവരെ 4.90 ലക്ഷം ഗുണഭോക്താക്തൃ കുടുംബങ്ങള്‍ക്ക് 3050 കോടി രൂപയുടെ വായ്പാ വിതരണം ചെയ്തിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷം 450 കോടി രൂപയുടെ വായ്പാ വിതരണമാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.