ഐ ലീഗ് : റിയല്‍ കശ്മീര്‍ ടീം ഗോകുലം അധികൃതരെ കൈയേറ്റം ചെയ്തു

Saturday 15 December 2018 2:52 am IST

കോഴിക്കോട്: ഐ ലീഗ് ഫുട്‌ബോള്‍ മത്സരത്തിനെത്തിയ റിയല്‍ കശ്മീര്‍ ടീം ഗോകുലം കേരള എഫ്‌സി ടീം അധികൃതരെ കൈയേറ്റം ചെയ്തു. കോര്‍പ്പറേഷന്‍ ഗ്രൗണ്ടില്‍ അതിക്രമിച്ചുകയറിയ കശ്മീര്‍ ടീം അംഗങ്ങളെ തടഞ്ഞ ഗോകുലം ടീം സിഇഒ അശോക് കുമാര്‍ ഉള്‍പ്പെടെയുള്ളവരെയാണ് കൈയേറ്റം ചെയ്തത്്.

ഇത് ഗ്രൗണ്ട്‌സ്മാന്‍ ഹമീദ് മൊബൈലില്‍ പകര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ മൊബൈല്‍ പിടിച്ചുവാങ്ങി എറിഞ്ഞു പൊട്ടിക്കുകയും ചെയ്തു.  വാക്കുതര്‍ക്കത്തിനൊടുവില്‍ സ്റ്റേഡിയത്തില്‍ പ്രവേശിച്ച കശ്മീര്‍ ടീം  പരിശീലനവും നടത്തി. 

കോര്‍പ്പറേഷന്‍ സ്റ്റേഡിയം പരിശീലനത്തിന് വിട്ടുനല്‍ കണമെന്നാവശ്യപ്പെട്ടാണ് റിയല്‍ കാശ്മീര്‍ ടീം അംഗങ്ങള്‍ സ്റ്റേഡിയത്തില്‍ എത്തിയത്. എന്നാല്‍ ഇന്ന് ഐലീഗ് മത്സരം നടക്കുന്നതിനാല്‍  മൈതാനം പരിശീലനത്തിന് വിട്ടുനല്‍കാനാകില്ലെന്ന് അധികൃതര്‍ അറിയിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. 

 കശ്മീര്‍ ടീമിന് പരിശീലത്തിനായി മെഡിക്കല്‍ കോളേജ് ഒളിമ്പ്യന്‍ റഹ്മാന്‍ സ്റ്റേഡിയമാണ് അനുവദിച്ചിരുന്നത്. ഗ്രൗണ്ടിലേക്ക് ടീമിനെ കൊണ്ടുപോകാമെന്നേറ്റ വാഹനം അഞ്ചു മിനിറ്റ് വൈകിയതോടെ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിന് സമീപത്തെ ഹോട്ടലില്‍ താമസിക്കുന്ന  ടീം സ്റ്റേഡിയത്തിലേക്ക് വരികയായിരുന്നു. 

ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാതെ ആതിഥേയ ടീം അധികൃതര്‍ അപമാനിക്കുകയായിരുന്നുവെന്ന് കശ്മീര്‍ ടീം ട്വിറ്ററില്‍ കുറിച്ചു. കാശ്മീര്‍ ടീം മാച്ച് കമ്മീഷണര്‍ക്കും അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനും പരാതി നല്‍കി. ഗോകുലവും പരാതി നല്‍കിയിട്ടുണ്ട്്.   പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കണമെന്ന് ജമ്മുകശ്മീര്‍  മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല ട്വീറ്റ് ചെയ്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.