അസം തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുന്നേറ്റം

Saturday 15 December 2018 10:10 am IST
വോട്ടെണ്ണല്‍ മൂന്നാം ദിവസത്തിലേക്ക് കടന്നതോടെ 7769 സീറ്റുകള്‍ ഇതുവരെ ബിജെപി നേടി. ഗ്രാമ പഞ്ചായത്തുകളിലേക്കുള്ള 21,990 സീറ്റുകളില്‍ 17,904 എണ്ണത്തിന്റെ ഫലമാണ് ഇതുവരെ പുറത്തുവന്നിട്ടുള്ളത്.

ഗുവാഹത്തി : അസം ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി മുന്നേറ്റം തുടരുന്നു. ഡിസംബര്‍ അഞ്ചുമുതല്‍ ഒമ്പതുവരെ നടന്ന തെഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ വ്യാഴാഴ്ചയാണ് തുടങ്ങിയത്. ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചായിരുന്നു ഇവിടെ തെരഞ്ഞെടുപ്പ് നടത്തിയത്. 

വോട്ടെണ്ണല്‍ മൂന്നാം ദിവസത്തിലേക്ക് കടന്നതോടെ 7769 സീറ്റുകള്‍ ഇതുവരെ ബിജെപി നേടി. ഗ്രാമ പഞ്ചായത്തുകളിലേക്കുള്ള 21,990 സീറ്റുകളില്‍ 17,904 എണ്ണത്തിന്റെ ഫലമാണ് ഇതുവരെ പുറത്തുവന്നിട്ടുള്ളത്. ബാക്കി സീറ്റുകളിലെ വോട്ടെണ്ണല്‍ ഇപ്പോഴും തുടരുകയാണ്. 

സീറ്റുനിലയില്‍ കോണ്‍ഗ്രസ് ആണ് രണ്ടാമതുള്ളത്. 5896 സീറ്റ്. ബിജെപിയുടെ സഖ്യകക്ഷിയായ അസം ഗണപരിഷത്ത്- 1372, ന്യൂനപക്ഷ പാര്‍ട്ടിയായ എഐയുഡിഎഫ്- 755, സ്വതന്ത്രര്‍ ഉള്‍പ്പടെ മറ്റ് കക്ഷികള്‍- 2112 എന്നിങ്ങനെയാണ് മറ്റുപാര്‍ട്ടികളുടെ സീറ്റുനില.അതേസമയം 734 പേര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 

420 ജില്ലാ പഞ്ചായത്തുകളിലെ സീറ്റുകളിലും 233 എണ്ണം ബിജെപി നേടിയിട്ടുണ്ട്. കോണ്‍ഗ്രസ്സ്- 139, എഐയുഡിഎഫ്- 24, അസം ഗണപരിഷത്ത്- 18 എന്നിങ്ങനെയാണ് മറ്റുപാര്‍ട്ടികള്‍ നേടിയിട്ടുള്ളത്. 416 സീറ്റുകളിലെ ഫലമാണ് ഇതുവരെ പുറത്തുവന്നത്. 

അഞ്ചാലിക് പഞ്ചായത്തിലും ബിജെപി തന്നെയാണ് മുന്നില്‍. 2199 സീറ്റുകള്‍ ഉള്ളതില്‍  1944 എണ്ണത്തിന്റെ ഫലമാണ് പുറത്തുവന്നിട്ടുള്ളത്. ഇതില്‍ 910 സീറ്റുകള്‍ നേടിയാണ് ബിജെപി മുന്നേറുന്നത്. കോണ്‍ഗ്രസ് 656, അസം ഗണ പരിഷത്ത് 122, എഐയുഡിഎഫ്- 122, മറ്റുള്ളവര്‍ 167 എന്നിങ്ങനെയാണ് ഫലം പുറത്തുവന്നിരിക്കുന്നത് 78571 സ്ഥാനാര്‍ത്ഥികളാണ് അസം ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.