ശ്രീലങ്കന്‍ പ്രധാനമന്ത്രി രാജപക്‌സെ രാജിവെച്ചു

Saturday 15 December 2018 1:42 pm IST
ഭരണത്തിന്റെ സ്ഥിരതയ്ക്കായാണ് രാജിയെന്നാണ് വിശദീകരണം നല്‍കിയിരിക്കുന്നത്.

കൊളംബോ : ഏറെനാളായി രാജ്യത്ത് നിലനിന്ന ഭരണ അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹീന്ദ്ര രാജപക്‌സെ രാജിവെച്ചു. രാജപക്‌സെയുടെ മകന്‍ നമല്‍ രാജപക്‌സെ ട്വിറ്ററിലൂടെയാണ് രാജിക്കാര്യം അറിയിച്ചത്. ഭരണത്തിന്റെ സ്ഥിരതയ്ക്കായാണ് രാജിയെന്നാണ് വിശദീകരണം നല്‍കിയിരിക്കുന്നത്. 

ഭൂരിപക്ഷമില്ലാതെ രാജപക്‌സെയ്ക്ക് പ്രധാനമന്ത്രി പദത്തില്‍ തുടരാനാകില്ലെന്ന് കഴിഞ്ഞ ദിവസം ശ്രീലങ്കന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് രാജി. രണ്ടു തവണ പാര്‍ലമെന്റിലെ വിശ്വാസ വോട്ടെടുപ്പില്‍ രാജപക്‌സെ പരാജയപ്പെട്ടിരുന്നു. ഇതിനെ ചോദ്യം ചെയ്ത് 122 സഭാംഗങ്ങള്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി ഉത്തരവ്. 

മുന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമ സിംഗയെ പുറത്താക്കിയാണ് രാജപക്‌സെ ആ സ്ഥാനം ഏറ്റെടുത്തത്. അന്നുമുതല്‍ പാര്‍ലമെന്റില്‍ രാജപക്‌സെയ്‌ക്കെതിരെയുള്ള പ്രതിഷേധം നടന്നുവരികയായിരുന്നു. 

അതിനിടെ കഴിഞ്ഞ ദിവസം പ്രസിഡന്റ് മൈത്രിപാല സിരിസേന പാര്‍ലമെന്റ് പിരിച്ചുവിട്ടത് നിയമ വിരുദ്ധം ആണെന്ന്് സുപ്രീംകോടതി ഉത്തരവിട്ടു. കാലാവധി അവസാനിക്കാന്‍ രണ്ടു വര്‍ഷം കൂടിയുള്ളപ്പോള്‍ പിരിച്ചുവിട്ട് വീണ്ടും തെരഞ്ഞെടുപ്പ് നടത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് കോടതിയുടെ കണ്ടെത്തല്‍. അംഗങ്ങള്‍ക്ക് എളുപ്പത്തില്‍ സിരിസേനയെ ഇംപീച്ച് ചെയ്യാന്‍ വഴിയൊരുക്കുന്നതും കൂടിയാണ് ഈ ഉത്തരവ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.