ശശിയെ ‘മാന്യനാക്കി’

Saturday 15 December 2018 3:44 pm IST
പാര്‍ട്ടി ഓഫീസില്‍ വെച്ച് ശശി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകയായ യുവതിയോട് അപമര്യാദയായി പെരുമാറിയിട്ടില്ലെന്നാണ് കമ്മീഷന്റെ റിപ്പോര്‍ട്ട്. കൂടാതെ യുവതിക്ക് 5000 രൂപ നല്‍കിയത് സംഘടനാച്ചെലവിന്‌.

തിരുവനന്തപുരം: കോളിളക്കമുണ്ടാക്കിയ ലൈംഗിക പീഡന പരാതിയില്‍ ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശിയെ മാന്യനാക്കി ചിത്രീകരിച്ച സിപിഎമ്മിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. പരാതിക്കാരിയായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകയെ കുറ്റപ്പെടുത്തുന്ന റിപ്പോര്‍ട്ട് വനിതകള്‍ക്കായി മതിലൊരുക്കാനിറങ്ങിയ സിപിഎമ്മിന് നാണക്കേടായി.

തന്നോട് എംഎല്‍എ അപമര്യാദയായി പെരുമാറിയെന്ന് കാണിച്ച് പാര്‍ട്ടി സംസ്ഥാന ഘടകത്തിനും കേന്ദ്ര നേതൃത്വത്തിനും യുവതി പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ അംഗങ്ങളായ മന്ത്രി എ.കെ. ബാലനും, പി.കെ. ശ്രീമതി എംപിയും അന്വേഷിച്ച് നല്‍കിയ റിപ്പോര്‍ട്ടിലാണ് ശശിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയത്. യുവതിയുടെ പരാതിയിലെ വാദങ്ങളെല്ലാം ഖണ്ഡിക്കുന്ന തരത്തിലാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍. 

ശശിക്കെതിരെയുള്ള ഗൂഢാലോചനയാണ് പരാതിക്ക് പിന്നിലെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ശശിക്കെതിരെ ആരും മൊഴി നല്‍കിയിട്ടില്ല. യുവതിയെ പാര്‍ട്ടി ഓഫീസിലേക്ക് വിളിച്ചു വരുത്തിയതില്‍ തെറ്റില്ല. ഓഫീസില്‍ വച്ച് യുവതിയോട് ശശി അപമര്യാദയായി പെരുമാറിയിട്ടില്ല. സംഭവ ദിവസം ഓഫീസില്‍ നല്ല തിരക്കുണ്ടായിരുന്നു, വാതില്‍ അടച്ചിരുന്നില്ല. അതിനാല്‍ അപമര്യാദയായി പെരുമാറാന്‍ സാധിക്കില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. സംഘടനാ യോഗത്തിലൊന്നും യുവതി പരാതി പറഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സംഘടനാ ചെലവിനെന്ന പേരില്‍ യുവതിക്ക് ശശി 5000 രൂപ നല്‍കിയെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍, ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തില്‍ പരാതി ഉന്നയിക്കാന്‍ പോലും അനുവദിച്ചിരുന്നില്ല. 

അതേസമയം, ഇത്രയ്ക്ക് 'മാന്യനായ' ശശിയെ പാര്‍ട്ടി എന്തിന് ശിക്ഷിച്ചുവെന്ന് വ്യക്തമല്ല. ആറു മാസത്തേക്ക് ശശിയെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തു. സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇടപെട്ടതിനു ശേഷമാണ് സംസ്ഥാന നേതൃത്വം അന്വേഷണ കമ്മീഷനെ പോലും നിയമിച്ചത്. ഇതൊന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ല. നിയമപരമായി പോലീസിനു കൈമാറേണ്ടതാണ് പരാതി. എന്നാല്‍, നിയമമന്ത്രികൂടിയുള്‍പ്പെട്ട സമിതി അന്വേഷണം നടത്തിയതും വിവാദത്തിനിടയാക്കിയിരുന്നു.

ശശിയെ മുഖ്യമന്ത്രി രക്ഷിക്കുന്നുവെന്ന് ആദ്യമേ ആരോപണം ഉയര്‍ന്നിരുന്നു. അതിനാലാണ് പാര്‍ട്ടി സംസ്ഥാന ഘടകത്തിന് പരാതി നല്‍കിയിട്ടും അന്വേഷണം നടത്താതിരുന്നത്. അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് പരിശോധിക്കുന്നതില്‍ കാലതാമസം വരുത്തിയതും ശശിയെ രക്ഷപ്പെടുത്താനായിരുന്നു.

സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.