ആര്‍എസ്എസ് പ്രവര്‍ത്തകനെ പട്ടാപ്പകല്‍ വെട്ടിക്കൊല്ലാന്‍ ശ്രമം

Saturday 15 December 2018 5:29 pm IST

കുറ്റ്യാടി: ആര്‍എസ്എസ് പ്രവര്‍ത്തകനെ പട്ടാപ്പകല്‍ വെട്ടിക്കൊല്ലാന്‍ സിപിഎം ശ്രമം. അമ്പലക്കുളങ്ങര ശാഖാ മുഖ്യശിക്ഷക് പൊയികയില്‍ ശ്രീജു(30)വിന് നേരെയാണ് വധശ്രമമുണ്ടായത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ്  കാറിലെത്തിയ സിപിഎം സംഘം ശ്രീജുവിനെ വെട്ടിയത്. തലയ്ക്കും കാലിനും കഴുത്തിനും പുറത്തും വെട്ടേറ്റിട്ടുണ്ട്. പുറത്ത് കത്തികൊണ്ട് കുത്തിയതിനെത്തുടര്‍ന്ന് ആഴത്തിലുള്ള മുറിവുണ്ട്. ഗുരുതരമായി പരിക്കേറ്റ ശ്രീജുവിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. 

അമ്പലക്കുളങ്ങര ടൗണിലെ കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് പോകാന്‍ ബൈക്കില്‍ കയറുമ്പോഴാണ് വെള്ള കാറിലെത്തിയ നാലംഗസംഘം വെട്ടി വീഴ്ത്തിയത്. ആക്രമണത്തിനുശേഷം കാര്‍ കക്കട്ടില്‍ ഭാഗത്തേക്കാണ് ഓടിച്ചു പോയത്. സാരമായി പരിക്കേറ്റ ശ്രീജുവിനെ നാട്ടുകാരും ബിജെപി പ്രവര്‍ത്തകരും ചേര്‍ന്ന് കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തിന് പിന്നില്‍ വ്യക്തമായ ആസൂത്രണമുണ്ടെന്ന് ബിജെപി ആരോപിച്ചു. സിപിഎം നേതൃത്വത്തിന്റെ അറിവോടെ തയ്യാറാക്കിയ പദ്ധതി പ്രകാരമാണ് ആക്രമണം നടത്തിയതെന്നും ബിജെപി ആരോപിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.