കണ്ണൂരില്‍നിന്നും ഐഎസില്‍ ചേര്‍ന്നവര്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധം

Saturday 15 December 2018 6:14 pm IST

കണ്ണൂര്‍: അടുത്തിടെ കണ്ണൂരില്‍നിന്നും മുസ്ലിം ഭീകരവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്‌സില്‍ ചേര്‍ന്നവര്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ദേശീയ മാധ്യമം. കുടുംബത്തോടൊപ്പം അഫ്ഗാനിസ്ഥാനിലെ ഐഎസ് കേന്ദ്രത്തിലെത്തിയ കെ.സജ്ജാദ്, അന്‍വര്‍ പൂതപ്പാറ എന്നിവര്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ മുന്‍ പ്രവര്‍ത്തകരാണെന്ന് ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് ചെയ്തത്. 

സജ്ജാദും ഭാര്യ ഷാഹിനയും രണ്ട് മക്കളും അന്‍വറും ഭാര്യ അഫ്‌സിലയും മൂന്ന് മക്കളുമാണ് അഫ്ഗാനിലെ ഐഎസ് കേന്ദ്രത്തിലെത്തിയത്. ടി.പി. നിസാം എന്ന മറ്റൊരാളും ഇവര്‍ക്കൊപ്പം ഐഎസ് കേന്ദ്രത്തില്‍ ചേര്‍ന്നതായി പോലീസ് പറയുന്നു.

ബന്ധുക്കളോട് മൈസൂരിലേക്കെന്ന് പറഞ്ഞ് കഴിഞ്ഞ നവംബര്‍ 19നാണ് ഇവര്‍ നാടുവിട്ടത്. 20ന് യുഎഇയില്‍ എത്തുകയും അവിടെനിന്നും ഇറാന്‍ വഴി അഫ്ഗാനിലേക്ക് കടക്കുകയും ചെയ്തു. എട്ട് വര്‍ഷം മുന്‍പ് അന്‍വര്‍ സംഘടനയില്‍ പ്രവര്‍ത്തിച്ചിരുന്നതായി നേതാക്കള്‍ പറയുന്നു. സാമ്പത്തിക ക്രമക്കേടിനെ തുടര്‍ന്ന് മൂന്ന് വര്‍ഷം മുന്‍പ് സജ്ജാദിനെ പുറത്താക്കിയിരുന്നുവെന്നും നേതാക്കള്‍ അവകാശപ്പെട്ടു. നിസാം സലഫി വിഭാഗവുമായി ബന്ധമുള്ളയാണെന്ന് പോലീസ് വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം കണ്ണൂരില്‍നിന്നും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ അബ്ദുള്‍ റസാക്ക്, മിതിലജ്, റാഷിദ്, അബ്ദുള്‍ മനാഫ്, മുഹമ്മദ് ഷാജി, അബ്ദുള്‍ ഖയ്യൂം എന്നിവര്‍ ഐഎസ്സില്‍ ചേര്‍ന്നിരുന്നു. അന്‍വറിന്റെ സഹോദരനും പാപ്പിനിശ്ശേരിയലെ പോപ്പുലര്‍ ഫ്രണ്ട് നേതാവുമായിരുന്ന മുഹമ്മദ് ഷമീര്‍ സിറിയയിലെ ഐഎസ് കേന്ദ്രത്തില്‍ രണ്ട് കുട്ടികള്‍ക്കൊപ്പം കൊല്ലപ്പെട്ടിരുന്നു. 2015ലാണ് ഷമീര്‍ ഭീകരപ്രവര്‍ത്തനത്തിനായി ഐഎസ്സില്‍ ചേര്‍ന്നത്. തുടര്‍ച്ചയായി മുസ്ലിം ഭീകര കേന്ദ്രങ്ങളിലേക്ക് നടക്കുന്ന റിക്രൂട്ട്‌മെന്റ് കണ്ടില്ലെന്ന് നടിക്കുകയാണ് സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും മാധ്യമങ്ങളും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.