ഇന്ന് 'ചരിത്രത്തിന്റെ' പിറന്നാള്‍

Sunday 16 December 2018 6:17 am IST

ധാക്കയില്‍ പിറന്ന ഇന്ത്യന്‍ വിജയ ചരിത്രത്തിന്റെ 47-ാം വാര്‍ഷികദിനമാണ് ഇന്ന്. പാക്കിസ്ഥാന്‍ സൈന്യം ഇന്ത്യയ്ക്കു മുന്നില്‍ കീഴടങ്ങിയ ദിവസം. കിഴക്കന്‍ പാക്കിസ്ഥാന്‍ എന്ന് അതുവരെ അറിയപ്പെട്ടിരുന്ന ഭൂപ്രദേശം ബംഗ്ലാദേശ് ആയി മാറിയ ദിവസം. ഇന്ത്യ അഭിമാനത്തോടെയും പാക്കിസ്ഥാന്‍ പകയോടേയും കാണുന്ന ചരിത്ര ദിനമാണിത്. 

ഇന്ത്യ ഹിന്ദുക്കള്‍ക്കും പാക്കിസ്ഥാന്‍ മുസ്ലീംങ്ങള്‍ക്കും എന്ന രീതിയിലായിരുന്നു ഇന്ത്യാവിഭജനം. മുസ്ലിം ഭൂരിപക്ഷപ്രദേശങ്ങള്‍ ചേര്‍ത്തു രൂപം നല്‍കിയ പാക്കിസ്ഥാന്‍ കിഴക്കും പടിഞ്ഞാറുമായി രണ്ടു ഭൂപ്രദേശമായി മാറി. ഇത് ഭരണം ഏറെ ദുഷ്‌കരമാക്കി. ഇരുഭാഗവും ജനസംഖ്യയില്‍ ഏതാണ്ടു തുല്യമായിരുന്നെങ്കിലും രാഷ്ട്രീയ മേധാവിത്വം പശ്ചിമ പാക്കിസ്ഥാന് ആയിരുന്നു. തലസ്ഥാനം റാവല്‍പിണ്ടിയായിരുന്നു. ഇത് കിഴക്കന്‍ പാക്കിസ്ഥാനില്‍ ഏറെ അസ്വസ്ഥതയുണ്ടാക്കി. ഫലഭൂയിഷ്ടിയിലും സമ്പല്‍ സമൃദ്ധിയിലും മുന്നിലായിരുന്ന അവരെ സാമ്പത്തികമായി മുതലെടുക്കുന്നതായി പരക്കെ പരാതിയുയര്‍ന്നു. ഇതില്‍ നിന്ന് ഉടലെടുത്ത അസ്വസ്ഥതയാണ് ആത്യന്തികമായി ബംഗ്ലാദേശിന്റെ പിറവിലേയ്ക്കു നയിച്ചത്.

കിഴക്കന്‍ പാക്കിസ്ഥാന്റെ അവകാശങ്ങള്‍ക്കായി നിലകൊണ്ട ഷെയ്ക്ക് മുജിബുര്‍ റഹ്മാന്‍ നയിച്ച അവാമി ലീഗ് 1971 മാര്‍ച്ചില്‍ കിഴക്കന്‍ പാക്കിസ്ഥാനില്‍ വിജയം നേടിയതാണ് തുടക്കം. അന്നത്തെ പാക്കിസ്ഥാന്‍ പ്രസിഡഡന്റ് യാഹ്യാ ഖാന്‍ അത് അംഗീകരിക്കുന്നതിനു പകരം അടിച്ചമര്‍ത്തല്‍ നയമാണു സ്വീകരിച്ചത്. അതു രാഷ്ട്രീയ പോരാട്ടവും കടന്ന് നേര്‍ക്കുനേര്‍ പോരാട്ടമായി. മുക്തി ബാഹിനി സേന രൂപീകരിച്ചു ബംഗ്ലാദേശ് തിരിച്ചടിച്ചു.  ഓപ്പറേഷന്‍ സെര്‍ച്ച് ലൈറ്റ് എന്നു പേരിട്ട സൈനിക നടപടിയിലൂടെ പാക്കിസ്ഥാന്‍ നടത്തിയ ക്രൂരമായ അടിച്ചമര്‍ത്തല്‍ കൊടുമ്പിരിക്കൊണ്ടതോടെ മുജിബുര്‍ റഹ്മാന്‍ കിഴക്കന്‍ പാക്കിസ്ഥാന് ബംഗ്ലാദേശ് എന്ന പേരില്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ലക്ഷക്കണക്കിന് പേര്‍ അഭയാര്‍ഥികളായി ഇന്ത്യയിലേയ്ക്ക് ഒഴുകി. ബ്രിട്ടീഷ് പത്രമായ സണ്‍ഡെ ടൈംസില്‍ ആന്റണി മസ്‌ക്രിനാസ് എന്ന ലേഖകന്‍ എഴുതിയലേഖനത്തിലൂടെയാണ് കിഴക്കന്‍ പാക്കിസ്ഥാനിലെ മനുഷ്യവേട്ട ലോകം അറിഞ്ഞത്. അതോടെ പാക്കിസ്ഥാന്‍ തുറന്നു കാട്ടപ്പെട്ടു. 

" 1971ല്‍ ധാക്കയില്‍ ലഫ്. ജനറല്‍ ജഗജിത് സിങ് അറോറയ്ക്കു മുന്നില്‍ പാക്കിസ്ഥാന്‍ ലഫ്. ജനറല്‍ ആമിര്‍ അബ്ദുല്ല ഖാന്‍ നിയാസി കീഴടങ്ങല്‍ കരാറില്‍ ഒപ്പുവെയ്ക്കുന്നു. (ഫയല്‍ചിത്രം)"
മുക്തി ബാഹിനിക്ക് ഇന്ത്യയുടെ സഹായം ലഭിക്കുന്നു എന്ന ആരോപണവുമായാണ് യാഹ്യാ ഖാന്‍ ഇന്ത്യയുമായി യുദ്ധം പ്രഖ്യാപിച്ചത്. കിഴക്കും പടിഞ്ഞാറും അതിര്‍ത്തികളില്‍ ഇരുരാജ്യങ്ങളും പൊരിഞ്ഞു പോരാടി. 14 ദിവസം നീണ്ട യുദ്ധത്തില്‍ ബംഗ്ലാദേശിലെ പാക്കിസ്ഥാന്‍ സൈന്യം ഡിസംബര്‍ 16ന് ഇന്ത്യക്കുമുന്നില്‍ കീഴടങ്ങുകയും ചെയ്തു. ധാക്കയില്‍ ലഫ. ജനറല്‍ ജഗജിത് സിങ് അറോറയ്ക്കു മുന്നില്‍ ലഫ് ജനറല്‍ ആമിര്‍ അബ്ദുല്ല ഖാന്‍ നിയാസിയാണ് കീഴടങ്ങല്‍ കരാറില്‍ പാക്കിസ്ഥാനുവേണ്ടി ഒപ്പുവച്ചത്.     

ഏതാണ്ട് അരനൂറ്റാണ്ട് ഇപ്പുറം നിന്നുകൊണ്ട് ഇപ്പോള്‍ ചിന്തിക്കുമ്പോള്‍, ആ യുദ്ധംകൊണ്ടു നമ്മള്‍ എന്തു നേടി, എന്തു നേടാമായിരുന്നു എന്നും വിലയിരുത്തേണ്ടിയിരിക്കുന്നു. പാക് സൈന്യത്തിന്റെ ക്രൂരതയ്ക്കിരയായ ഒരു ജനതയെ രക്ഷിക്കുക മാത്രമായിരുന്നില്ല ഇന്ത്യയുടെ ലക്ഷ്യം. അതൊരു തന്ത്രപരമായ നീക്കമായിരുന്നു. നമ്മുടെ രണ്ടു വശങ്ങളിലും ശത്രുക്കളുടെ സാന്നിദ്ധ്യം ഉണ്ടാവുന്നത് ഒഴിവാക്കി. അതുവഴി ഒരു വശത്തു പാക്കിസ്ഥാനെ ദുര്‍മലമാക്കുകയും മറുവശത്ത് ഒരു സുഹൃത് രാജ്യത്തെ സൃഷ്ടിക്കുകയുമായിരുന്നു ലക്ഷ്യം. 

ഇന്ന് ഇന്ത്യയാല്‍ ചുറ്റപ്പെട്ടൊരുരാജ്യമാണ് ബംഗ്ലാദേശ്. മൂന്നു വശത്തും ഇന്ത്യന്‍ ഭൂപ്രദേശം. ഒരു വശത്ത് ബംഗാള്‍ ഉള്‍ക്കടല്‍. ലോകത്തിലെ ഏറ്റവും നീളം കൂടിയ അഞ്ചാമത്തെ അതിര്‍ത്തിയാണ് 4156 കിലോമീറ്ററുള്ള ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തി. ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ത്യന്‍ നാവിക സേനയുടെ ശക്തമായ സാന്നിദ്ധ്യം കടലിലും നമുക്കു മുന്‍തൂക്കം നല്‍കുന്നു. വിദേശ നയങ്ങള്‍ രൂപപ്പെടുത്തുമ്പോള്‍ ബംഗ്ലാദേശിന് ഇതൊക്കെ പരിഗണിക്കേണ്ടിവരും. ഭൂമിശാസ്ത്രത്തെ ആര്‍ക്കും മാറ്റിമറിക്കാനാവില്ലല്ലോ. അതുകൊണ്ടുതന്നെ ബംഗ്ലാദേശിനെ ഇന്ത്യയാല്‍ പാട്ടപ്പെട്ട രാജ്യം എന്നു വിളിക്കാം. 

പരസ്പര സൗഹൃദം വളര്‍ത്തുകയും നിലനിര്‍ത്തുകയും ചെയ്യുന്നതിലേയ്ക്കുള്ള പ്രധാന ചുവടുവയ്പ്പായിരുന്നു ഇരു രാജ്യങ്ങളും തമ്മില്‍ 41 വര്‍ഷമായി നിലനിന്നു വന്ന അതിര്‍ത്തി പ്രശ്നത്തിനു പരിഹാരം കാണാനുള്ള അടുത്ത കാലത്തെ ഭരണഘടനാ ഭേദഗതി ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയത്. 161 പ്രദേശങ്ങള്‍ പരസ്പരം കൈമാറാന്‍ ഇതു സഹായിച്ചു. 

ഒട്ടേറെപ്പേരുടെ പൗരത്വ പ്രശ്നത്തിനാണ് ഇതോടെ പരിഹാരമായത്. അതിര്‍ത്തി സംസ്ഥാനങ്ങളും ബംഗ്ലാദേശുമായുള്ള മിക്ക പ്രശ്നങ്ങള്‍ക്കും ഇത് ഒരു പരിധിവരെ പരിഹാരമാകും. ഒരു പതിറ്റാണ്ടിനിടെ ഇന്ത്യ അവര്‍ക്കു നല്‍കിയ സഹായങ്ങള്‍ പരസ്പര ബന്ധത്തെ വളരെ മെച്ചപ്പെടുത്തി. മോദി സര്‍ക്കാരിന്റെ നാലു വര്‍ഷത്തെ പ്രവര്‍ത്തനം അതു ത്വരിതപ്പെടുത്തിയിട്ടുമുണ്ട്. 

രഞ്ജിത് കാര്‍ത്തികേയന്‍

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.