സ്വര്‍ണ നക്ഷത്രം

Sunday 16 December 2018 12:32 pm IST
സിന്ധുവിന്റെ കരിയറിലെ പതിനാലാം കിരീടമാണിത്. ഈ വര്‍ഷത്തെ ആദ്യത്തേതും. ഇതിന് മുമ്പ് ലോക ചാമ്പ്യന്‍ഷിപ്പ്, ഏഷ്യന്‍ ഗെയിംസ്, കോമണ്‍വെല്‍ത്ത് ഗെയിംസ്, തായ്‌ലന്‍ഡ് ഓപ്പണ്‍ എന്നിവയില്‍ സിന്ധു വെളളി മെഡല്‍ കരസ്ഥമാക്കിയിരുന്നു.

ഗ്വാങ്ഷൂ: തുടര്‍ച്ചയായി ഏഴു ഫൈനലുകളിലെ തോല്‍വിക്കുശേഷം പി.വി. സിന്ധു ജയിച്ചുകയറിയത് ചരിത്രത്തിലേക്ക്.  ജാപ്പാന്റെ നൊസോമി ഒകുഹാരയെ ഉഗ്രപോരാട്ടത്തില്‍ വീഴ്ത്തി ലോക ടൂര്‍ ബാഡ്മിന്റണില്‍ സുവര്‍ണ കിരീടം ശിരസിലേറ്റി. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ താരം ഈ ടൂര്‍ണമെന്റില്‍ ചാമ്പ്യനാകുന്നത്. 

ഏഴു ഫൈനലുകളില്‍ കാലിടറിയ സിന്ധു ലോക ടൂര്‍ ബാഡ്മിന്റണിന്റെ കലാശപ്പോരാട്ടത്തില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് ഒകുഹാരയെ വീഴ്്ത്തിയത്. സ്‌കോര്‍ 21-19, 21-17. മത്സരം ഒരു മണിക്കൂറും രണ്ട് മിനിറ്റും നീണ്ടുനിന്നു. തുടര്‍ച്ചയായ മൂന്നാം തവണയാണ് സിന്ധു ഇവിടെ ഫൈനല്‍ കളിക്കുന്നത് . കഴിഞ്ഞ തവണ റണ്ണേഴ്‌സ് അപ്പായി.

സിന്ധുവിന്റെ കരിയറിലെ പതിനാലാം കിരീടമാണിത്. ഈ വര്‍ഷത്തെ ആദ്യത്തേതും. ഇതിന് മുമ്പ് ലോക ചാമ്പ്യന്‍ഷിപ്പ്, ഏഷ്യന്‍ ഗെയിംസ്, കോമണ്‍വെല്‍ത്ത് ഗെയിംസ്, തായ്‌ലന്‍ഡ് ഓപ്പണ്‍ എന്നിവയില്‍ സിന്ധു വെളളി മെഡല്‍ കരസ്ഥമാക്കിയിരുന്നു.

ഒളിമ്പിക്‌സ് വെള്ളിമെഡല്‍ ജേതാവായ സിന്ധു കലാശപ്പോരാട്ടത്തില്‍ ഒകുഹാരക്കെതിരെ ഉശിരന്‍ പോരാട്ടമാണ് കാഴ്ചവെച്ചത്. പ്ലേസിങ്ങ് ഷോട്ടുകളിലുടെ പോയിന്റുകള്‍ വാരിക്കൂടി തുടക്കത്തില്‍ തന്നെ 7-3 ന് മുന്നിലെത്തി. പക്ഷെ ഒകുഹാര തുടര്‍ച്ചയായ റാലികളിലൂടെ ലീഡ് 5-7 ആക്കി കുറച്ചു. ഇടവേളയ്ക്ക് സിന്ധു 14-6 ന് മുന്നിലായി. ഒകുഹാര തുര്‍ച്ചയായി പോയിന്റുകള്‍ നേടിയതോടെ ഇരുവരും ഒപ്പത്തിനൊപ്പം (16-16) എത്തി. പിന്നീട് ജാപ്പനീസ് താരം പിഴവുകള്‍ വരുത്തിയതോടെ സിന്ധു 21-19 ന് ഗെയിം സ്വന്തമാക്കി.

രണ്ടാം ഗെയിമിന്റെ തുടക്കത്തിലും സിന്ധുവിന്റെ മുന്നേറ്റമാണ് കണ്ടത്. ഒകുഹാര തകര്‍ത്തുകളിച്ചതോടെ സ്‌കോര്‍ 7-7. ഇടവേളയ്ക്ക് സിന്ധു വീണ്ടും ലീഡ് നേടി. 11-9. പിന്നീട് രണ്ടുപേരും ഒപ്പത്തിനൊപ്പമാണ് മുന്നേറിയത്. പക്ഷെ അവസാന ഘട്ടങ്ങളില്‍ ഒകുഹാര പിഴവ് ആവര്‍ത്തിച്ചതോടെ ഗെയിമും (21-17) സ്വര്‍ണവും സിന്ധുവിന് സ്വന്തമായി.

ലോകത്തെ മുന്‍നിരതാരങ്ങള്‍ മത്സരിക്കുന്ന ലോക ടൂര്‍ ബാഡ്മിന്റണില്‍  ഇത്തവണ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് സിന്ധു ചാമ്പ്യനായത്. ലോക ഒന്നാം നമ്പര്‍ തായ് സു യിങ്, രണ്ടാം നമ്പര്‍ അകനെ യാമാഗൂച്ചി, അമേരിക്കയുടെ ബീവന്‍ എന്നിവരെ ഗ്രൂപ്പ് മത്സരത്തില്‍ വീഴ്ത്തി. സെമിയില്‍ ഇന്ത്യോനേഷ്യയുടെ ഇന്റാനോണിനെയും മറികടന്നു. കലാശപ്പപ്പോരാട്ടത്തില്‍ കിരീടവും നേടി സിന്ധുവിന് 2018 ന് അവസാനിപ്പിക്കാനായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.