സിപിഎമ്മിന്റെ ഭീഷണി; പ്രളയദുരിത വായ്പ ലഭിക്കാനും വനിതാ മതിലില്‍ അണിചേരണം

Monday 17 December 2018 1:05 am IST
കുടുംബശ്രീ സംവിധാനം നിലവില്‍ സിപിഎമ്മിന്റെ പോഷകസംഘടനയെന്ന നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. കുടുംബശ്രീ എഡിഎസ്, സിഡിഎസ് ഭരണനേതൃത്വം സര്‍ക്കാരിന്റെ സ്വാധീനത്തില്‍ സിപിഎം പിടിച്ചെടുക്കുകയായിരുന്നു.

ആലപ്പുഴ: പ്രളയദുരിതബാധിതര്‍ക്ക് ഗൃഹോപകരണങ്ങള്‍ വാങ്ങുന്നതിനായി കുടുംബശ്രീ മുഖേന ഒരു ലക്ഷം രൂപ വായ്പ ലഭിക്കുന്നതിന് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലില്‍ അണിചേരണമെന്ന് ഭീഷണി. പ്രളയം ഏറ്റവും കൂടുതല്‍ നാശം വിതച്ച കുട്ടനാട്ടിലെ പല പ്രദേശങ്ങളിലും വായ്പ ലഭ്യമാക്കണമെങ്കില്‍ വനിതാ മതിലില്‍ പങ്കാളികളാകണമെന്ന് ദുരിതബാധിതരെ ഗ്രാമപഞ്ചായത്തംഗങ്ങളും കുടുംബശ്രീ ഭാരവാഹികളും നിര്‍ബന്ധിക്കുന്നതായാണ് പരാതി.

 കുടുംബശ്രീ സംവിധാനം നിലവില്‍ സിപിഎമ്മിന്റെ പോഷകസംഘടനയെന്ന നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. കുടുംബശ്രീ എഡിഎസ്, സിഡിഎസ് ഭരണനേതൃത്വം സര്‍ക്കാരിന്റെ സ്വാധീനത്തില്‍ സിപിഎം പിടിച്ചെടുക്കുകയായിരുന്നു. 

റിസര്‍ജന്റ് കേരള ലോണ്‍ സ്‌കീം (ആര്‍കെഎല്‍എസ്) എന്ന പേരിലാണ് സര്‍ക്കാര്‍ വായ്പാ പദ്ധതി നടപ്പാക്കിയിരിക്കുന്നത്.  വായ്പ അനുവദിക്കുന്നതിന്റെ എല്ലാ ഘട്ടങ്ങളിലും സിഡിഎസിന്റെയും, എഡിഎസിന്റെയും, ജില്ലാ മിഷന്റെയും മേല്‍നോട്ടം വേണമെന്ന് കുടുംബശ്രീ മിഷന്‍ ഇതുസംബന്ധിച്ച് ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

  സര്‍ക്കാരിന്റെ കാര്യമായ സഹായങ്ങള്‍ ഒന്നും  ലഭിക്കാതെ ദുരിതക്കയത്തില്‍ നിന്ന് മോചിതരാകത്തവര്‍ വനിതാ മതിലില്‍ പങ്കെടുക്കുമെന്ന് ഉറപ്പ് നല്‍കാന്‍ നിര്‍ബന്ധിതരാകുകയാണ്. പ്രളയത്തില്‍ ഗൃഹോപകരണങ്ങള്‍ നഷ്ടമായവര്‍ക്ക് കുടുംബശ്രീ മുഖേന വായപയെടുക്കാതെ മറ്റു മാര്‍ഗങ്ങളില്ല. കൂടാതെ കുടുംബശ്രീ അംഗങ്ങളായ സ്ത്രീകള്‍ക്ക് മാത്രമേ സഹായം ലഭിക്കുകയുള്ളൂ എന്ന നിബന്ധനയും സിപിഎം മുതലെടുക്കുന്നു.

വായ്പ തുക തിരിച്ചടയ്ക്കാനുള്ള പ്രാപ്തി വിലയിരുത്തി ഒരോ വ്യക്തിക്കും അനുവദിക്കാവുന്ന തുക എത്രയെന്ന് കണ്ടെത്തേണ്ട ചുമതല അയല്‍ക്കൂട്ടങ്ങള്‍ക്കാണ്. 

കുടുംബശ്രീയുടേതല്ലാത്ത സര്‍വീസ് സഹകരണസംഘങ്ങള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങി മറ്റ് അയല്‍ക്കൂട്ട പ്രസ്ഥാനങ്ങളില്‍ അംഗങ്ങളായവര്‍ വായ്പയ്ക്കായി മാത്രം കുടുംബശ്രീയില്‍ അംഗത്വമെടുക്കേണ്ട ഗതികേടാണുള്ളത്. ചുരുക്കത്തില്‍ വായ്പ ലഭിക്കാനുള്ള മാനദണ്ഡങ്ങളെല്ലാം വനിതാ മതില്‍ അടക്കമുള്ള പാര്‍ട്ടി പരിപാടികള്‍ വിജയിപ്പിക്കാനുള്ള അവസരമായി സിപിഎം മാറ്റുകയാണെന്നാണ് വിമര്‍ശനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.