അനന്തമായ കാല്‍പനിക പ്രണയം അസാദ്ധ്യം

Monday 17 December 2018 1:08 am IST

നന്തമായ കാല്‍പനിക പ്രണയം എന്നത് അസാധ്യമായ കാര്യമാണ്. ഒരു പ്രയോഗം ഓര്‍മ്മയില്‍ വരുന്നു. ഇഷ്ടത്തിന്റെ ദൈര്‍ഘ്യം ശലഭത്തിന്റെ ആയുസ്സ് പോലെ ചെറുതും വെറുപ്പിന്റേത് ആമയുടെ ആയുസ്സ് പോലെ അനന്തവുമാണ് എന്ന്. വളരെ വേഗം ഇല്ലാതാകുന്ന വികാരമാണ് പ്രണയം. വര്‍ഷങ്ങളോളം ആളുകള്‍ പ്രണയം അഭിനയിച്ച് ജീവിക്കുന്നുണ്ടാകാം. കഥകളിലും കവിതകളിലും ശാശ്വത പ്രണയമുണ്ട്. മാര്‍ക്കേസിന്റെ കോളറാക്കാലത്തെ പ്രണയത്തിലുമൊക്കെ അതുണ്ട്. അതൊക്കെ ഒരു magic realistic കുസൃതി മാത്രം.

ബി. മുരളി

ബെര്‍ടലൂച്ചിയുടെ പല സിനിമകളും പ്രശസ്തമായ സാഹിത്യ കൃതികളെ അവലംബിച്ച് നിര്‍മ്മിക്കപ്പെട്ടവയാണ്. സിനിമയ്ക്ക് സാഹിത്യത്തില്‍ നിന്ന് അതിന്റെ വ്യത്യസ്തത ലഭിക്കുന്നത് കഥയിലുള്ള ആശയത്തെയും കഥാപാത്രങ്ങളെയും വസ്തുതകളെയും  സ്ഥലകാലങ്ങളേയും എങ്ങനെ സിനിമയുടെ ചലന സിദ്ധാന്തങ്ങളുടെ പ്രയോഗ രീതികളിലൂടെയും ഷോട്ട് കോംപസിഷനുകളിലൂടെയും ദൃശ്യവല്‍ക്കരിക്കുന്നു എന്നുള്ളതിനെ അടിസ്ഥാനപ്പെടുത്തിയാണ്. 

പ്രശസ്തവും ഏറെ വായിക്കപ്പെട്ടതുമായ ഒരു കഥ സിനിമയാക്കുമ്പോള്‍ മൗലികതയുള്ള ഒരു ചലച്ചിത്രകാരന് കഥയുടെ ചതുരങ്ങള്‍ക്കുള്ളില്‍ തന്നെ നിന്നുകൊണ്ട് സിനിമയെടുക്കാനാവില്ല. അയാള്‍, കഥയില്‍ എഴുതപ്പെടാത്തതും എന്നാല്‍ പ്രമേയ പരിസരത്ത് ഉണ്ടാവാന്‍ സാധ്യതയുള്ള കഥാപാത്രങ്ങളെയും സംഭവങ്ങളെയും സൃഷ്ടിച്ചുകൊണ്ട് സ്വതന്ത്രാവിഷ്‌കാരം നടത്തേണ്ടിവരും.

വി.കെ. ജോസഫ്

അനാഥനായ ഒര പയ്യന്‍. അതു കൊണ്ട് ഏതു സമയത്തും അവനെ ആര്‍ക്കും എന്തിലും പ്രതിയാക്കാം. അവന്റെ വേദനയാണ് ആ സിനിമയിലൂടെ ഞാന്‍ പറയാന്‍ ശ്രമിച്ചത്. കാരണം ആ വേദന എന്നെയും വേദനിപ്പിച്ചു. കുപ്രസിദ്ധ പയ്യനായ അജയന്റെ വേദന ഞാന്‍ അനുഭവിച്ചതാണ്. ധാരാളം യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. അജയനെപ്പോലെ ഒട്ടേറെ പേരെ ഞാന്‍ നേരിട്ടുകണ്ടിട്ടുണ്ട്. ഹോട്ടലുകളിലും റസ്റ്റാറന്റുകളിലും പുറംപണിക്കു വരുന്നവര്‍ക്കിടയിലും അത്തരക്കാര്‍ ഏറെയുണ്ട്. ഈ ജന്മം തന്നെ ഒരു പാപമാണ് എന്നു കരുതുന്ന മനുഷ്യര്‍. ആര്‍ക്കോ ജനിച്ച്, ആരോ വളര്‍ത്തി സമൂഹത്തില്‍ ഒറ്റപ്പെട്ടുപോകുന്നവര്‍. അവരെ അംഗീകരിക്കാനും കൂടെക്കൂട്ടാനും സമൂഹം മടിക്കുന്നത് എനിക്കു നേരിട്ടറിയാം.

വിഷ്ണു നാരായണന്‍ നമ്പൂതിരി

ഗാന്ധിസിനിമയില്‍ വര്‍ഗീയ ലഹളയില്‍ കുട്ടിയെ നഷ്ടപ്പെട്ട് പ്രതികാര ദാഹിയായി മാറുന്ന ഓംപുരി, ഗാന്ധിയുടെ സാമീപ്യത്തില്‍ പശ്ചാത്തപിച്ചു നില്‍ക്കുന്ന രംഗം അതീവ ഹൃദ്യമായ അഭിനയ മുഹൂര്‍ത്തമാണ്. ആ സന്ദര്‍ഭം ഡബ്ബ് ചെയ്യാന്‍ ഞാന്‍ വല്ലാതെ ബുദ്ധിമുട്ടി. ശബ്ദത്തിന്റെ മെച്ചം കൊണ്ടു മാത്രം ശബ്ദലേഖനകലയില്‍ സാന്നിധ്യം അറിയിക്കാനാകില്ല. കഥാപാത്രങ്ങളുടെ പല ഭാവങ്ങളെയും ആവിഷ്‌കരിക്കാനുള്ള കഴിവു പ്രധാനമാണ്. ചിത്രീകരണ വേളയില്‍ അമിതാഭിനയത്തിലേക്കു വീണുപോയ ഒരു സന്ദര്‍ഭത്തെ ശബ്ദംകൊണ്ടു മിതപ്പെടുത്താനാവും. നേരെ തിരിച്ചുമുണ്ട്. താഴേക്കുപോയ അഭിനയ സന്ദര്‍ഭത്തിനു ശബ്ദത്താല്‍ ജീവന്‍ കൊടുക്കാനുമാവും. വാചികാഭിനയമാണിത്. നല്ല ആര്‍ട്ടിസ്റ്റുകള്‍ക്കേ നല്ല ഡബ്ബിംഗ് ആര്‍ട്ടിസ്റ്റാകാനാവൂ.

അലിയാര്‍

എന്നെ ആശുപത്രിയില്‍ കൊണ്ടുചെല്ലുമ്പോള്‍ ഡോക്ടര്‍മാരുടെ വലിയ ഒരു നിര ഏറ്റുവാങ്ങാനുണ്ടായിരുന്നു. ആ രാത്രി തന്നെ ശസ്ത്രക്രിയ നടത്തിയതുകൊണ്ടാണ് ഇടതു കണ്ണുകൊണ്ട് കൂടി ഞാന്‍ ഇന്നും ലോകത്തെ കാണുന്നത്.  രാത്രി 12 മണിക്ക് സ്‌പെഷ്യലൈസ്ഡ് ഡോക്ടര്‍മാര്‍ ഉണ്ടാവില്ലല്ലോ. പിറ്റേന്നു കാലത്തേ അവര്‍ വരുമായിരുന്നുള്ളു. അതുവരെ കാത്തിരുന്നെങ്കില്‍ എന്റെ ഇടതു കണ്ണിന്റെ വെളിച്ചം അപ്പോഴേ കെട്ടുപോയേനെ. എല്ലാ ചികിത്സയ്ക്കും ഏര്‍പ്പാടാക്കി രാത്രിയില്‍ ഉറക്കമിളച്ച് ഓരോ അര മണിക്കൂറും ആവര്‍ത്തിച്ചാവര്‍ത്തിച്ച് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനെ വിളിച്ചുകൊണ്ടിരുന്ന ആ വലിയ മനുഷ്യന്‍ മുന്‍മന്ത്രി ടി.കെ. രാമകൃഷ്ണനാണ്. അദ്ദേഹം ആ രാത്രി ഉറങ്ങിയില്ല, അടുത്ത ദിവസവും.

പ്രഭാവര്‍മ്മ

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.