സരബ്ജിത് സിങ് വധക്കേസിലെ പ്രതികളെ പാക് കോടതി വെറുതെവിട്ടു

Monday 17 December 2018 2:16 am IST
സാക്ഷികള്‍ മൊഴിമാറ്റിപ്പറഞ്ഞതാണ് പ്രതികള്‍ക്ക് തുണയായത്. 2013ലാണ് തലയ്ക്ക് മാരകമായ ക്ഷതമേറ്റ് നാല്‍പ്പത്തൊമ്പതുകാരന്‍ സരബ്ജിത് കൊല്ലപ്പെട്ടത്. സഹതടവുകാരായ അമീര്‍ താന്‍ഡ്ബാ, മുദസിര്‍ മുനീര്‍ എന്നിവര്‍ ഇഷ്ടികയും ഇരുമ്പുദണ്ഡുമായി സരബ്ജിതിനെ ആക്രമിക്കുകയായിരുന്നു.

ഇസ്ലാമാബാദ്: ലാഹോറിലെ കോട്ട് ലഖ്പത് ജയിലില്‍ അഞ്ചു വര്‍ഷം മുമ്പ് ഇന്ത്യക്കാരന്‍ സരബ്ജിത് സിങ് ക്രൂരമായി കൊല ചെയ്യപ്പെട്ട കേസിലെ പ്രതികളെ പാക് കോടതി കുറ്റവിമുക്തരാക്കി.  തെളിവുകളുടെ അഭാവത്തില്‍ പ്രതികളെ വിട്ടയയ്ക്കുന്നുവെന്ന് ലാഹോറിലെ ജില്ലാ സെഷന്‍സ് കോടതി ഉത്തരവില്‍ പറയുന്നു.

സാക്ഷികള്‍ മൊഴിമാറ്റിപ്പറഞ്ഞതാണ് പ്രതികള്‍ക്ക് തുണയായത്. 2013ലാണ് തലയ്ക്ക് മാരകമായ ക്ഷതമേറ്റ് നാല്‍പ്പത്തൊമ്പതുകാരന്‍ സരബ്ജിത് കൊല്ലപ്പെട്ടത്. സഹതടവുകാരായ അമീര്‍ താന്‍ഡ്ബാ, മുദസിര്‍ മുനീര്‍ എന്നിവര്‍ ഇഷ്ടികയും ഇരുമ്പുദണ്ഡുമായി സരബ്ജിതിനെ ആക്രമിക്കുകയായിരുന്നു. ലാഹോറിലെ ജിന്നാ ആശുപത്രയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. അഞ്ചു ദിവസം അത്യാസന്നനിലയില്‍ കിടന്ന സരബ്ജിതിന്റെ മൊഴിയെടുക്കാന്‍ പോലും ഡോക്ടര്‍മാര്‍ സമ്മതിച്ചില്ലെന്ന് സാക്ഷികളിലൊരാള്‍ മുമ്പ് മൊഴി നല്‍കിയിരുന്നു. 

ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ച് 16 വര്‍ഷമാണ് സരബ്ജിത് പാക് ജയിലില്‍ കഴിഞ്ഞത്. വധശിക്ഷാ വിധി ഇന്ത്യയില്‍ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. 1990ല്‍ പാക്കിസ്ഥാനിലുണ്ടായ ബോംബ് സ്‌ഫോടനങ്ങളില്‍ പ്രതിയെന്നായിരുന്നു ആരോപണം. അദ്ദേഹത്തിന്റെ അഭിഭാഷകര്‍ പലതവണ ദയാഹര്‍ജി നല്‍കിയെങ്കിലും ഒന്നു പോലും പരിഗണിച്ചില്ല. സരബ്ജിതിന്റെ കൊലപാതകത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ഇന്ത്യ, പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പാക് സര്‍ക്കാര്‍ പദ്ധതിയിട്ട കൊലപാതകമാണെങ്കില്‍ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ സഹോദരി ദല്‍ബിത് കൗറിന്റെ നിലപാട്. 

സരബ്ജിത്തിന്റെ സുരക്ഷയില്‍ പാളിച്ചകളുണ്ടായതെങ്ങനെയെന്നും ആക്രമിക്കപ്പെട്ടതെങ്ങനെയെന്നും അന്വേഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.  

1990 ആഗസ്റ്റ് 29 ല്‍ അതിര്‍ത്തി കടന്ന് അബദ്ധത്തില്‍ പാക്കിസ്ഥാനിലെത്തിയ സരബ്ജിതിനെ പാക് അധികൃതര്‍ കസ്റ്റഡിയിലെടുത്തെന്നാണ് കുടുംബത്തിന്റെ വെളിപ്പെടുത്തല്‍. ഫൈസലാബാദ്, മുള്‍ട്ടാന്‍, ലാഹോര്‍ എന്നിവിടങ്ങളിലുണ്ടായ ബോംബു സ്‌ഫോടനങ്ങളില്‍ സരബ്ജിതനെ പിന്നീട് പാക്കിസ്ഥാന്‍ പ്രതിചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.