പ്രസാദത്തില്‍ വിഷം: മരണം 12 ആയി

Monday 17 December 2018 3:25 am IST

ബെംഗളൂരു: ചാമരാജനഗര്‍ ഹാനൂര്‍ കിച്ചുഗുട്ടി മാരമ്മ ക്ഷേത്രത്തില്‍ നിന്ന് വിതരണം ചെയ്ത പ്രസാദത്തില്‍ നിന്നുള്ള വിഷബാധയില്‍ മരിച്ചവരുടെ എണ്ണം പന്ത്രണ്ടായി. മാണ്ഡ്യ ചിക്കനകലനഹള്ളി സ്വദേശി പ്രകാശ് (48) ആണ് മരിച്ചത്. ഇയാള്‍ ക്ഷേത്രത്തിലെ നിത്യ സന്ദര്‍ശകനായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഹനൂര്‍ ടൗണ്‍ ബസ്സ്റ്റാന്‍ഡിനു സമീപത്താണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

സംഭവത്തില്‍ പൂജാരി ഉള്‍പ്പെടെ മൂന്നു പേരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. പൂജാരി മഹാദേവ, ക്ഷേത്ര മാനേജര്‍ മാതേഷ്, കമ്മിറ്റിയംഗം ചിന്നപ്പി എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. ക്ഷേത്രത്തിലെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന ചടങ്ങിന് ശേഷം വിതരണം ചെയ്ത ഭക്ഷണത്തില്‍ നിന്നാണ് വിഷബാധയേറ്റത്. 

നേരത്തെ ഇവിടെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ഒരു വിഭാഗം ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയതായാണ് പോലീസ് കരുതുന്നത്. കീടനാശിനിയായ ഓര്‍ഗാനോ ഫോസ്‌ഫേറ്റാണ് ഭക്ഷണത്തില്‍ കലര്‍ന്നതെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. പ്രസാദം കഴിച്ച തൊണ്ണൂറോളം പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇവരില്‍ പലരുടെയും സ്ഥിതി അതീവ ഗുരുതരമാണ്. മതിയായ വെന്റിലേറ്ററുകള്‍ ആശുപത്രികളില്‍ ഇല്ലാത്തത് ചികിത്സയ്ക്ക് തിരിച്ചടിയാകുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.