ഇന്ത്യന്‍ സൈന്യത്തെ കല്ലെറിയാനെത്തിയ വിഘടനവാദികളെ പിന്തുണച്ച് ഇമ്രാന്‍ ഖാന്‍

Monday 17 December 2018 12:49 pm IST
രണ്ട് ദിവസം മുന്‍പ് തെക്കന്‍ കശ്മീരിലെ പുല്‍വാമയിലാണ് സംഭവം. പുല്‍വാമയിലെ സിര്‍നൂ ഗ്രാമത്തില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നെന്ന വിവരത്തെ തുടര്‍ന്ന് സൈന്യവും പൊലീസും തിരച്ചില്‍ നടത്തുന്നതിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.

ന്യൂദല്‍ഹി: ഇന്ത്യന്‍ സൈന്യത്തെ കല്ലെറിയാനെത്തിയ വിഘടനവാദികളെ പിന്തുണച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. രണ്ട് ദിവസം മുന്‍പ് സൈന്യവും ഭീകരരുമായി ഏറ്റുമുട്ടല്‍ നടക്കുന്നതിനിടെ കല്ലെറിയാനെത്തിയ ആറുപേര്‍ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടിരുന്നു.

എന്നാല്‍ ഇതിനെ മുതലെടുത്ത് പരാമര്‍ശമുന്നയിച്ച ഇമ്രാന്‍ നിഷ്‌കളങ്കരായ ജനങ്ങളെയാണ് ഇന്ത്യ കൊലപ്പെടുത്തിയതെന്ന് വാദിച്ചു. ചര്‍ച്ച മാത്രമാണ് കശ്മീര്‍ പ്രശ്‌നം പരിഹരിക്കാനുള്ള ഏക മാര്‍ഗം. അല്ലാതെ പാവപ്പെട്ടവരെ വധിക്കരുത്. ഇതെക്കുറിച്ച് ഐക്യരാഷ്ട്ര സംഘടന രക്ഷാ സമിതിയെ അറിയിക്കുമെന്നും, കശ്മീരില്‍ ഹിത പരിശോധന നടത്താന്‍ ആവശ്യപ്പെടുമെന്നുമാണ് ഇമ്രാന്‍ ട്വിറ്ററില്‍ പറഞ്ഞത്.

രണ്ട് ദിവസം മുന്‍പ് തെക്കന്‍ കശ്മീരിലെ പുല്‍വാമയിലാണ് സംഭവം. പുല്‍വാമയിലെ സിര്‍നൂ ഗ്രാമത്തില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നെന്ന വിവരത്തെ തുടര്‍ന്ന് സൈന്യവും പൊലീസും തിരച്ചില്‍ നടത്തുന്നതിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.

തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന്‍ വീരമൃത്യു വരിക്കുകയായിരുന്നു. ശക്തമായ തിരിച്ചടിച്ച ഇന്ത്യന്‍ സൈന്യം മൂന്നു ഭീകരരെ വധിച്ചു. കൊല്ലപ്പെട്ടവരില്‍ സൈനികനായിരിക്കെ ഭീകര സംഘടനയില്‍ ചേര്‍ന്ന സഹൂര്‍ താക്കറും ഉള്‍പ്പെടുന്നു.

ഏറ്റുമുട്ടലിനിടെ സംഭവസ്ഥലത്തേക്ക് എത്തിച്ചേരാന്‍ ഉച്ചഭാഷിണി വഴി ആഹ്വാനമുണ്ടായതോടെ ഭീകരര്‍ക്ക് പിന്തുണയുമായി നിരവധി വിഘടന വാദികള്‍ പ്രദേശത്തേക്കെത്തി. തുടര്‍ന്ന് ഇവര്‍ സൈന്യത്തിനു നേരെ കല്ലേറും ആരംഭിച്ചു. വിഘടനവാദികളെ പിരിച്ചു വിടാന്‍ സൈന്യം ഗ്രനേഡുകള്‍ ഉപയോഗിച്ചെങ്കിലും കല്ലേറ് തുടരുകയായിരുന്നു. ഇതിനിടയിലാണ് വെടിവെപ്പില്‍ ആറു പേര്‍ മരിച്ചത്.

ഭീകരര്‍ക്കെതിരായുള്ള സൈനിക നടപടി തടസ്സപ്പെടുത്തി കല്ലേറു നടത്തുന്നവരെ ഭീകരരായിത്തന്നെ കാണേണ്ടി വരുമെന്ന് കരസേന മേധാവി ബിപിന്‍ റാവത്ത് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഏറ്റുമുട്ടലിനിടെ വിഘടനവാദികള്‍ നടത്തുന്ന കല്ലേറ് സൈനികരുടെ ജീവനു ഭീഷണിയായതിനെ തുടര്‍ന്നാണ് സൈന്യം ഇത്തരത്തില്‍ മുന്നറിയിപ്പ് നല്‍കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.