വരാനിരിക്കുന്നു, മോദി ഫാക്ടര്‍

Tuesday 18 December 2018 3:05 am IST
രണ്ടോ മൂന്നോ മാസത്തിനിടെ വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ഡിസംബറിലെ ചിത്രമായിരിക്കില്ല ലോക്‌സഭ തിരഞ്ഞെടുപ്പ് വരുമ്പോള്‍ ഉണ്ടാകുക. അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഇടനിലക്കാരന്‍ ക്രിസ്ത്യന്‍ മിഷേലിനെ ഇന്ത്യയിലെത്തിച്ചതിനാല്‍ അഴിമതിയില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പങ്ക് വ്യക്തമാകും. വിജയ മല്യ അടക്കം ബാങ്ക് വായ്പാ തട്ടിപ്പുകാരെ ഇന്ത്യയില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ വിജയിക്കും. മോദിയുടെ അഴിമതി വിരുദ്ധ പ്രതിച്ഛായ നേട്ടമാകും. റഫാല്‍ യുദ്ധവിമാന വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കുറ്റ വിമുക്തമാക്കപ്പെട്ടതും സാമ്പത്തിക വളര്‍ച്ചയിലുണ്ടായ പുരോഗതിയും അടിസ്ഥാന സൗകര്യ വികസനത്തിലടക്കം വന്ന മാറ്റങ്ങളും 2019നെ സ്വാധീനിക്കാതിരിക്കില്ല.

പ്രാദേശിക ഭരണവിരുദ്ധ വികാരവും 2019 ലോക്‌സഭ തിരഞ്ഞെടുപ്പിലേക്കുള്ള സെമി ഫൈനല്‍ എന്ന പ്രതിപക്ഷ പ്രചാരണവും തമ്മിലുള്ള ഏറ്റുമുട്ടല്‍ ആയിരുന്നു  അഞ്ച് സംസ്ഥാനങ്ങളിലേക്ക്  നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. മധ്യപ്രദേശിലും ഛത്തീസ്ഗഢിലും പതിനഞ്ച് വര്‍ഷമാണ് തുടര്‍ച്ചയായി ബിജെപി അധികാരത്തിലിരുന്നത്. പത്തുവര്‍ഷം ഭരിച്ച മിസോറം കോണ്‍ഗ്രസിന് നഷ്ടമായതും ഈ പറയുന്ന ഭരണവിരുദ്ധ വികാരം കൊണ്ടാണല്ലോ. അഞ്ച്  വര്‍ഷം കൂടുമ്പോള്‍, നിലവിലെ ഭരണം മാറ്റുമെന്ന രാജസ്ഥാനിലെ പതിവ് അവിടത്തെ തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചു. ഇത്രയും വര്‍ഷത്തെ ഭരണ വിരുദ്ധ വികാരം വലിയൊരു തകര്‍ച്ചയിലേക്ക് ബിജെപിയെ നയിക്കാതിരുന്നത് ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ ആണെന്ന ജനങ്ങളുടെ വിലയിരുത്തലിന്റെ ഭാഗം കൂടിയാണ്. ഈ സാഹചര്യത്തിലാണ് നരേന്ദ്രമോദിയും കേന്ദ്രഭരണവും പ്രധാന സ്വാധീനഘടകമായി മാറിയത്. അനുകൂലമായ സാഹചര്യമുണ്ടായിട്ടും കോണ്‍ഗ്രസിനെ വലിയൊരു വിജയത്തിലേക്ക് എത്തിക്കാന്‍ രാഹുല്‍ഗാന്ധിക്കു സാധിച്ചുമില്ല. മോദിയെ തള്ളാന്‍ തയ്യാറല്ലെന്ന സന്ദേശം ഈ ജനവിധിയിലുണ്ട്. 

ലോകസഭാ തിരഞ്ഞെപ്പില്‍ ജനങ്ങള്‍ വോട്ട് ചെയ്യുന്നത് കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനമികവിനും മോദിയുടെ നേതൃത്തിനുമായിരിക്കും. മോദിക്കൊപ്പം നില്‍ക്കാന്‍ പറ്റിയൊരു നേതാവ് പ്രതിപക്ഷത്തില്ല. ബിഎസ്പി സഖ്യമുണ്ടായിരുന്നെങ്കില്‍ ഈ സംസ്ഥാങ്ങളിലൊക്കെ കോണ്‍ഗ്രസിന് മികച്ച വിജയം നേടാന്‍ സാധിക്കുമായിരുന്നു എന്ന് മനസിലാക്കാം. അവരെ കൂടെക്കൂട്ടാന്‍ സാധിക്കാത്തത് തന്നെ കൃത്യമായ തിരഞ്ഞെടുപ്പ് തന്ത്രവും നേതൃപാടവവും ആവശ്യമായ സമയത്ത് ഉപയോഗിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് സാധിക്കുന്നില്ല എന്നതിന്റെ തെളിവാണ്. ബിഎസ്പിയെ കോണ്‍ഗ്രസ് പാളയത്തില്‍ എത്തിക്കാതിരിക്കുന്നതില്‍ മോദി വിജയിക്കുകയും ചെയ്തു. ഇവിടെയാണ് മോദി രാഹുലില്‍നിന്ന് വ്യത്യസ്തനാകുന്നത്. പ്രധാനമന്ത്രിപദം ലക്ഷ്യമിടുന്ന, പ്രതിപക്ഷത്തെ നേതാക്കന്മാരുടെ നീക്കങ്ങള്‍ രാഹുല്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്നത് കാത്തിരുന്നു കാണണം. ഗ്രൂപ്പ് യുദ്ധങ്ങളും തലവേദനയാകും.

 2019നു മുന്‍പ്, തന്ത്രങ്ങളിലെ പോരായ്മകളും തെറ്റുകളും  മനസിലാക്കുന്നതിനുള്ള തിരഞ്ഞെടുപ്പായിട്ടാണ് ബിജെപി ഇതിനെ കാണുന്നത്. മിസോറാമിലും തെലങ്കാനയിലും അടക്കം ശക്തി കുറഞ്ഞ സ്ഥലങ്ങളില്‍ ഒറ്റയ്ക്ക് മത്സരിച്ചതും ഇത്തരമൊരു ലക്ഷ്യത്തിലാണ്. ഇപ്പോള്‍ വോട്ട് കുറഞ്ഞിടത്തൊക്കെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സഖ്യങ്ങള്‍ക്ക്  ഈ ഫലം വഴിയൊരുക്കും. യുപി, ഛത്തിസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാന്‍ ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ പ്രതിപക്ഷത്തെ വിവിധ കക്ഷികള്‍ 2019ല്‍ എന്‍ഡിഎയിലേക്ക് വരാനുള്ള സാധ്യത തള്ളാനാവില്ല. 

മിസോറാമിലും കോണ്‍ഗ്രസിന് വലിയ തകര്‍ച്ചയുണ്ടായി. മുഖ്യമന്ത്രി മത്സരിച്ച രണ്ട് സീറ്റിലും തോല്‍വിയറിഞ്ഞു. കേന്ദ്രസര്‍ക്കാര്‍ വിരുദ്ധഘടകങ്ങള്‍ ആണ് തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചതെങ്കില്‍ ഇവിടെയൊക്കെ കോണ്‍ഗ്രസിന് മുന്നേറ്റമുണ്ടാകുമായിരുന്നു. പ്രാദേശിക വിഷയങ്ങള്‍ തിരഞ്ഞെപ്പില്‍ പ്രതിഫലിച്ചെങ്കിലും ലോകസഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ എന്ന പ്രതിപക്ഷ-മാധ്യമ പ്രചാരണം, പ്രാദേശിക ഭരണവിരുദ്ധ വികാരത്തെ മോദി ഫാക്ടര്‍ കൊണ്ടു തടയിടാന്‍ ബിജെപിക്കു വലിയൊരളവു സാധിച്ചു. ഇത്തരം ചെറിയ വ്യത്യാസം ഇനി ദേശീയ രാഷ്ട്രീയത്തില്‍ ഉണ്ടാകുന്ന സംഭവവികാസങ്ങള്‍ കൊണ്ടു മറികടക്കാന്‍ ബിജെപിക്ക് സാധിക്കും. 

വടക്ക് കിഴക്കന്‍ മേഖലയിലെ 25ഓളം ലോക്‌സഭ സീറ്റുകള്‍ ഏറെ പ്രധാന്യമര്‍ഹിക്കുന്നു. 2014ല്‍  എന്‍ഡിഎ ഇവിടെ എട്ട് മണ്ഡലങ്ങളില്‍ മാത്രമാണ് വിജയിച്ചത്. മേഖലയിലെ എട്ട് സംസ്ഥാനങ്ങളില്‍ ഏഴിടത്തും ബിജെപി അടങ്ങുന്ന സഖ്യസര്‍ക്കാരുകള്‍ അധികാരത്തിലുണ്ട്. 2019ല്‍ 21ലധികം സീറ്റുകള്‍ എന്‍ഡിഎ നേടുമെന്ന് ഉറപ്പാണ്. 87% ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ ഉള്ള മിസോറാമില്‍ 2013ല്‍ 0.4% മാത്രം വോട്ട് നേടിയ ബിജെപി 2018ല്‍ 8% വോട്ടും ഒരുസീറ്റും നേടി. ബിജെപിയുടെ കരുത്തുവര്‍ദ്ധിച്ചത് 2019ല്‍ മിസോറാമില്‍ സഖ്യങ്ങളിലേക്കുള്ള ചുവടുവെയ്പ്പാകും. വരും നാളുകളില്‍ മോസോറാമില്‍ എംഎന്‍എഫ് അടക്കമുള്ള പാര്‍ട്ടികളുമായി ബിജെപി സഖ്യം വന്നാല്‍ വടക്ക് കിഴക്കന്‍ മേഖലയിലെ എന്‍ഡിഎ വിജയം മികച്ചതായിരിക്കും.

കേന്ദ്രസര്‍ക്കാര്‍ 5 വര്‍ഷംകൊണ്ട് ജനോപകാരപ്രദമായ ഏറെ പദ്ധതികളും നയങ്ങളും രൂപപ്പെടുത്തുകയും ജനങ്ങള്‍ക്കിടയില്‍ അവയ്ക്കു വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്തിട്ടുണ്ട്. ജന്‍ധന്‍ യോജന, മുദ്ര യോജന, ആയുഷ്മാന്‍ ഭാരത് തുടങ്ങിയ ജനപ്രിയ പദ്ധതികള്‍ എല്ലാവിഭാഗം ജനങ്ങള്‍ക്കിടയിലും മതിപ്പുണ്ടാക്കി. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരം തിരികെ പിടിച്ചയിടങ്ങളില്‍ ബിജെപിയെ തകര്‍ന്നടിയുന്നതില്‍ നിന്ന് രക്ഷിച്ചത് കേന്ദ്രസര്‍ക്കാരിലുള്ള ജനവിശ്വാസമായി വേണം കരുതാന്‍.

നിലനില്‍പ്പിനായി പൊരുതുന്ന ഇടത് പാര്‍ട്ടികള്‍ക്കും ഈ തിരഞ്ഞെടുപ്പ് നിര്‍ണായകമായിരുന്നു. രാജസ്ഥാനില്‍ ഏഴ് പാര്‍ട്ടികളുടെ സഖ്യമായി മത്സരിച്ച സിപിഐ

(എം) 2 സീറ്റും 1.2 % വോട്ടും നേടി. 2013ല്‍ നേടിയ 0.9%ല്‍ നിന്ന് വര്‍ദ്ധനവ് ഉണ്ടായെങ്കിലും ദേശിയപാര്‍ട്ടി പദവി സംരക്ഷിക്കാന്‍ പര്യാപ്തമല്ല. മാവോയിസ്‌റ് സ്വാധീന മേഖലയായ ഛത്തീസ്ഗഢില്‍ ഇടത് പാര്‍ട്ടികള്‍ക്കു നിലം തൊടാനായില്ല. ഒരുകാലത്ത് പാര്‍ട്ടിയുടെ ശക്തികേന്ദ്രമായിരുന്ന തെലങ്കാനയില്‍ 28 പാര്‍ട്ടികളുടെ സഖ്യവുമായി മത്സരിച്ചിട്ട് 0.7% വോട്ടാണ് നേടാനായത്. മുന്‍പുണ്ടായിരുന്ന ഒരുസീറ്റു നഷ്ടമാവുകയും ചെയ്തു. ന്യൂനപക്ഷ സംരക്ഷകരെന്നു സ്വയം പ്രഖ്യാപിച്ച പാര്‍ട്ടിക്ക് ത്രിപുര ഒഴിച്ച് ന്യൂനപക്ഷങ്ങള്‍ ധാരാളം ഉള്ള വടക്ക് കിഴക്കന്‍ സംസ്ഥാങ്ങളിലും പച്ച തൊടാനായിട്ടില്ല.

 രണ്ടോ മൂന്നോ മാസത്തിനിടെ വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ഡിസംബറിലെ ചിത്രമായിരിക്കില്ല ലോക്‌സഭ തിരഞ്ഞെടുപ്പ് വരുമ്പോള്‍ ഉണ്ടാകുക. അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഇടനിലക്കാരന്‍ ക്രിസ്ത്യന്‍ മിഷേലിനെ ഇന്ത്യയിലെത്തിച്ചതിനാല്‍ അഴിമതിയില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പങ്ക് വ്യക്തമാകും. വിജയ്മല്യ അടക്കം ബാങ്ക് വായ്പാതട്ടിപ്പുകാരെ ഇന്ത്യയില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ വിജയിക്കും. നരേന്ദ്രമോദിയുടെ അഴിമതിവിരുദ്ധ പ്രതിച്ഛായ നേട്ടമാകും. റഫാല്‍ യുദ്ധവിമാന വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ കുറ്റവിമുക്തമാക്കപ്പെട്ടതും സാമ്പത്തിക വളര്‍ച്ചയിലുണ്ടായ പുരോഗതിയും അടിസ്ഥാനസൗകര്യ വികസനത്തിലടക്കം വന്ന മാറ്റങ്ങളും 2019നെ സ്വാധീനിക്കാതിരിക്കില്ല. 

 ഇപ്പോഴത്തെ അധികാര നഷ്ട്ടങ്ങള്‍ ലോക്‌സഭ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നു കരുതാനാവില്ല. പ്രാദേശിക ഭരണവികാരത്തെ കേന്ദ്രസര്‍ക്കാരിന്റെയും മോദിയുടെയും ജനപ്രീതികൊണ്ട് എത്രത്തോളം പ്രതിരോധിക്കാന്‍ സാധിച്ചു എന്ന് തെളിയിച്ചതാണ് ഈ  തിരഞ്ഞെടുപ്പിന്റെ പ്രത്യേകത. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മോദി അനുകൂല കാറ്റ് ഭാരതം മുഴുവന്‍ വീശുമെന്നതില്‍ തെല്ലും സംശയമില്ല. 

(എംജി സര്‍വകലാശാലയില്‍ പൊളിറ്റിക്കല്‍ സയന്‍സ് എംഎ വിദ്യാര്‍ഥിയാണു ലേഖകന്‍)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.