പൂര്‍വസൂരികളുടെ രീതിശാസ്ത്രം

Tuesday 18 December 2018 3:11 am IST

ഹജവും അനന്തവൈവിധ്യത്താല്‍ അത്യന്തം സങ്കീര്‍ണ്ണവും ആയ ഹിന്ദു ആചാരാനുഷ്ഠാനസഞ്ചയത്തെ നമ്മുടെ പൂര്‍വികര്‍ സമീപിച്ചതും ഉള്‍ക്കൊണ്ടതും നിലനിര്‍ത്തിയതും, മനശ്ശാസ്ത്രപരമായി തികച്ചും ശരിയായതും, സ്ഫുരത്തു (ഡയനമിക്) മായ, ഒരു രീതിശാസ്ത്രത്തെ അവലംബിച്ചായിരുന്നു എന്നു പ്രൊഫസര്‍ ബിനോയ്കുമാര്‍ സര്‍ക്കാര്‍ (ദി പെഡഗോഗി ഓഫ് ദി ഹിന്ദൂസ്), ബിപിന്‍ ചന്ദ്രപാല്‍ (സോള്‍ ഓഫ് ഇന്ത്യ) തുടങ്ങിയവരുടെ പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. അന്ധമായ പിന്തുടരലിനോ അന്ധമായ നിരാകരണത്തിനോ അവര്‍ മുതിര്‍ന്നിരുന്നില്ല. പാശ്ചാത്യങ്ങളായ മത, ഭൗതികവാദസമീപനങ്ങളില്‍ നിന്നു തികച്ചും വ്യത്യസ്തമായ ഈ രീതിശാസ്ത്ര(മെത്തഡോളജി)ത്തിന്, സങ്കീര്‍ണ്ണങ്ങളായ സമസ്യകളെ നിര്‍ധാരണം ചെയ്യാന്‍ ആധുനിക ശാസ്ത്രഞ്ജര്‍ അവലംബിക്കുന്ന സങ്കീര്‍ണ്ണതാ ശാസ്ത്ര (കോംപള്ക്‌സിറ്റി സയന്‍സ്) വുമായി ശ്രദ്ധേയമായ സാദൃശ്യം കാണാം. ഈ ഹിന്ദുരീതിശാസ്ത്രത്തിന് രണ്ടു ഘടകങ്ങള്‍(കംപൊണന്‍സ്) ഉണ്ട്. വൈവിധ്യാന്തര്‍ഗത ഏകാത്മത, യോഗ്യതാവാദം അഥവാ അധികാരിവാദം അഥവാ സന്ദര്‍ഭവാദം എന്നിവയാണവ. ഇവ ഓരോന്നിനേയും നമുക്ക് അല്‍പ്പം വിശദമായി പരിചയപ്പെടാം.

വൈവിധ്യാന്തര്‍ഗത ഏകാത്മത

എല്ലാ വൈവിധ്യങ്ങളിലും അന്തര്‍ലീനമായി ഒരു ഏകാത്മത ഉണ്ടെന്ന ദര്‍ശനമാണ് ഇത്. സമാധിയില്‍ അനുഭൂതമാകുന്ന ബോധത്തിന്റെ അദ്വൈതതലവും സാധാരണബോധതലത്തില്‍ അനുഭവവേദ്യമാകുന്ന ദ്വൈതതലവും തമ്മിലുള്ള താരതമ്യം ആകാം ഹിന്ദുദാര്‍ശനികനെ ഈ ദര്‍ശനത്തിലെത്തിച്ചത്. നമ്മുടെ ഭാരതഭൂമിയുടെ ഭൂമിശാസ്ത്രപരമായ, ആസേതുഹിമാചലം എന്ന, ഏകതയും ആ ഭൂപരിധിക്കുള്ളില്‍ കാണപ്പെടുന്ന ഭൂപ്രകൃതി, കാലാവസ്ഥ, സസ്യജന്തുജാലം മുതലായവയുടെ അനന്തവൈവിധ്യവും എന്ന ഭൗതികഘടകവും ഈ ദര്‍ശനത്തെ രൂപപ്പെടുത്തുന്നതില്‍ നമ്മുടെ പൂര്‍വികരെ സ്വാധീനിച്ചിരിക്കാം. ഈ ദര്‍ശനമനുസരിച്ച് ഏകാത്മാനുഭൂതി കൂടിവരുന്തോറും വൈരുധ്യത്തെ വൈവിധ്യമായി കാണാനും ഏകാത്മതയുടെ പാരമ്യത്തില്‍ തികഞ്ഞ അദ്വയാനുഭൂതി കൈവരിക്കാനും കഴിയും. മനുഷ്യജീവിതത്തിന്റെ വിവിധതലങ്ങളില്‍ നാം നേരിടുന്ന സങ്കീര്‍ണ്ണങ്ങളായ നിരവധി സമസ്യകളെ നിര്‍ദ്ധാരണം ചെയ്യാന്‍ ഈ സമീപനത്തിനു കഴിയും.

ഈ കാഴ്ചപ്പാട് പ്രകാരം നമ്മുടെ ആചാരാനുഷ്ഠാനസംഘാതത്തിന്റെ ഭിന്നഭിന്നഘടകങ്ങളായ മേല്‍പ്പറഞ്ഞ സമ്പ്രദായങ്ങളെ എല്ലാം ആധ്യാത്മികാനുഭൂതി എന്ന പരമപുരുഷാര്‍ത്ഥം നേടുവാനുള്ള വ്യത്യസ്ത വഴികളായി നമ്മുടെ പൂര്‍വികര്‍ കണ്ടു. അവയെ എല്ലാം ആധ്യാത്മികതയുടെ ഒരു കുടക്കീഴില്‍ ഒരുമിപ്പിച്ചു. 'ഏകം സത് വിപ്രാ ബഹുധാ വദന്തി ', 'സഹസ്രദ്വാരം ജഗമാ ഗൃഹം തേ' (ഋഗ്വേദം, 7-88-5) എന്നീ വേദവാണികളും 'രുചീനാം വൈചിത്ര്യാല്‍ ഋജുകുടിലനാനാപഥജുഷാം നൃണാമേകോ ഗമ്യസ്ത്വമസി പയസാമര്‍ണ്ണവ ഇവ' (പുഷ്പദന്തന്‍, ശിവമഹിമ്‌നസ്തവം) എന്നീ വരികളും ഇതിനു തെളിവുകളാണ്. ഈ കാഴ്ച്ചപ്പാടില്‍ ഒരു വഴിയും മറ്റുള്ളവയില്‍ നിന്ന് താഴ്ന്നതോ ഉയര്‍ന്നതോ അല്ല; ആധ്യാത്മികപഥങ്ങള്‍ എന്ന നിലയ്ക്ക് ഇവയെല്ലാം തുല്യം തന്നെ.

യോഗ്യതാവാദം

മേല്‍ വിവരിച്ച കാഴ്ച്ചപ്പാടിന്റെ സ്വാഭാവിക തുടര്‍ച്ചയാണ് യോഗ്യതാവാദം അഥവാ അധികാരിവാദം അഥവാ സന്ദര്‍ഭവാദം. ഹിന്ദുവീക്ഷണപ്രകാരം മനുഷ്യര്‍ സത്വരജസ്തമോഗുണങ്ങളെന്ന ത്രിഗുണങ്ങളുടെയും കര്‍മ്മഫലത്തിന്റെയും അടിസ്ഥാനത്തില്‍ ഭിന്നരുചികളാണ്. ഭിന്നരുചിര്‍ ഹി ലോകാ: എന്ന ചൊല്ലു തന്നെയുണ്ട്. ഇതിനു നമ്മുടെ നിത്യജീവിതത്തിലെ അനുഭവം തന്നെ പ്രമാണം. അതായത് ഓരോ സാധകനും ആധ്യാത്മികതയുടെ ഭിന്നഭിന്നശ്രേണികളിലായിരിക്കും. തന്മൂലം ഒരാള്‍ക്കു പാകമാകുന്നത് മറ്റൊരാള്‍ക്കു ചേരണമെന്നില്ല. അപ്പോള്‍ സമ്പ്രദായവൈവിധ്യം അനിവാര്യമാണ്. ചേരുംപടി ചേര്‍ക്കുന്നതിലാണ് സാമര്‍ത്ഥ്യവും സാഫല്യവും. സാധനചതുഷ്ടയസമ്പത്തി എന്ന യോഗ്യത നേടിയവനേ ശാങ്കരവേദാന്തമാര്‍ഗത്തിന് അധികാരി ആകുകയുള്ളു (മൃഡാനന്ദസ്വാമി, ബ്രഹ്മസൂത്രവ്യാഖ്യാനം). നാസക്തോപ്യനാസക്ത: തന്ത്രമാര്‍ഗേ അധികാരീ എന്നു ഭാസ്‌കരരായന്‍ (സേതുബന്ധം) പറയുന്നു. ലൗകികജീവിതത്തിലും ഓരോ കാര്യത്തിലും നാം തീരുമാനമെടുക്കുന്നത് യോഗ്യത, അധികാരം, സന്ദര്‍ഭം എന്നിവയുടെ അടിസ്ഥാനത്തില്‍ തന്നെ ആണല്ലോ. എ.കെ. രാമാനുജന്‍ (ഈസ് ദെയര്‍ ആന്‍ ഇന്‍ഡ്യന്‍ വേ ഓഫ് തിങ്കിങ്ങ്) ഈ സന്ദര്‍ഭവാദത്തിന്റെ പശ്ചാത്തലത്തില്‍ ഭാരതീയ-പാശ്ചാത്യസമീപനങ്ങള്‍ തമ്മിലുള്ള മൗലികവ്യത്യാസത്തെ ഭംഗിയായി അവതരിപ്പിക്കുന്നുണ്ട്. പാശ്ചാത്യസമീപനം പൊതുവേ സന്ദര്‍ഭനിരപേക്ഷവും (കോണ്‍ടെക്‌സ്റ്റ്്-ഫ്രീ) ഹിന്ദുസമീപനം സന്ദര്‍ഭസാപേക്ഷവും (കോണ്‍ടെക്‌സ്റ്റ്-സെന്‍സിറ്റീവ്) ആണത്രെ. സാമാന്യം (യൂണിവേഴ്‌സല്‍), വിശേഷം (പര്‍ട്ടിക്കുലര്‍) എന്നിവയുടെ സമഞ്ജസമായ മേളനത്തിലാണ് യഥാര്‍ത്ഥത്തില്‍ ഹിന്ദുരീതിശാസ്ത്രത്തിന്റെ ഊന്നല്‍.

ഹിന്ദുബദല്‍

പാശ്ചാത്യആശയങ്ങളായ സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം എന്നിവയ്്ക്കു പകരം വെക്കാന്‍ അതിനേക്കാള്‍ മാനവികത നിറഞ്ഞതും പ്രായോഗികവും ആയ ഹിന്ദുകണ്ടെത്തലുകളെയും ഈ സന്ദര്‍ഭത്തില്‍ നമുക്കു മനസ്സിലാക്കാം. സമത്വത്തിനു പകരം ആണ് പരസ്പരപൂരകത. അര്‍ദ്ധനാരീശ്വരകല്‍പ്പന ഓര്‍ക്കുക. ഉദാഹരണത്തിന് നട്ടും ബോള്‍ട്ടും എടുക്കാം. ഇവ രണ്ടും ചേര്‍ന്നാലേ രണ്ടിന്റെയും പ്രയോജനം ഉണ്ടാകൂ. ഇവ രണ്ടിലേതെങ്കിലും ഒന്ന് മറ്റേതിനേക്കാള്‍ ഉയര്‍ന്നതെന്നോ താഴ്ന്നതെന്നോ കരുതാനും സാധ്യമല്ല. യഥാര്‍ത്ഥസമത്വം ഈ പരസ്പരപൂരകതയില്‍ അന്തര്‍ലീനമാണ് എന്നു കാണാം. രണ്ടാമത്തേതിനു പകരം നാം ഏകാത്മതയെ ആണ് പരിഗണിക്കുന്നത്്. ഏകാത്മതയില്‍ നിന്നേ യഥാര്‍ത്ഥസ്‌നേഹവും സേവനമനോഭാവവും ഉടലെടുക്കൂ. വസുധൈവ കുടുംബകം, ലോകാസമസ്താ സുഖിനോ ഭവന്തു തുടങ്ങിയ ഹിന്ദുവീക്ഷണങ്ങള്‍ ഏകാത്മബോധത്തില്‍ നിന്ന് ഉയിര്‍ക്കൊണ്ടതാണ്. മൂന്നാമത്തേതായ അതിരുകളില്ലാത്ത സ്വാതന്ത്ര്യം വ്യക്തി-കുടുംബ-സാമൂഹ്യ തലങ്ങളില്‍ തികച്ചും അപ്രായോഗികമാണെന്നും കേവലം സങ്കല്‍പ്പത്തില്‍ മാത്രമേ അതിനു നിലനില്‍പ്പുള്ളൂ എന്നും വ്യക്തമാണ്. ഹിന്ദുക്കള്‍ ധര്‍മ്മം എന്ന സത്തയിലൂന്നിയാണ് സ്വാതന്ത്ര്യത്തെ നിര്‍വചിക്കുന്നത്. ചുരുക്കത്തില്‍ പരസ്പരപൂരകത, ഏകാത്മത, ധാര്‍മ്മികത എന്നതാണ് ഹിന്ദു ബദല്‍.

(അവസാനിക്കുന്നില്ല)

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.