കലോത്സവ സാഹിത്യം

Tuesday 18 December 2018 3:13 am IST

സ്‌കൂള്‍ കലോത്സവം അത്യുത്സാഹത്തോടെ ആഘോഷിക്കുന്നത് മാധ്യമങ്ങളാണ്. റിപ്പോര്‍ട്ടമാര്‍ക്ക് തങ്ങളുടെ സാഹിത്യമികവ് പ്രകടിപ്പിക്കാനുള്ള അവസരം കൂടിയാണത്. ഇക്കാര്യത്തില്‍ ആവേശകരമായ മത്സരം അവര്‍ക്കിടയിലും ഉണ്ടാകും. അതിന്റെ ഫലമായി രൂപംകൊണ്ടതാണ് ''കലോത്സവസാഹിത്യം.'' കലോത്സവത്തോടൊപ്പം അതും വളര്‍ന്നുകൊണ്ടിരിക്കുന്നു. കലോത്സവത്തില്‍ ചില സ്ഥിരം വാക്കുകളും പ്രയോഗങ്ങളും ശൈലികളും കാണും. അവയില്‍ ചിലതിനെക്കുറിച്ച് മാത്രമാണ് ഇവിടെ പറയുന്നത്. 

ചില റിപ്പോര്‍ട്ടര്‍മാര്‍ കലോത്സവത്തില്‍ ആരെയും 'മത്സരി'ക്കാന്‍ അനുവദിക്കില്ല. മത്സരം എന്നാല്‍ അവര്‍ക്ക് 'മാറ്റുരയ്ക്കല്‍' ആണ്. 

''മാര്‍ഗംകളിയില്‍ മാറ്റുരയ്ക്കാന്‍ ഇത്തവണ 15 ടീമുകളാണ് എത്തിയിരിക്കുന്നത്.''

''മോഹിനിയാട്ടത്തിലും കേരളനടനത്തിലും ഈ മിടുക്കി മാറ്റുരയ്ക്കും.''

''കഴിഞ്ഞവണ ഈ കൊച്ചുകലാകാരി നാലിനങ്ങളില്‍ മാറ്റുരച്ചിരുന്നു.''

ഒരുചിത്രവിവരണം: 

''മോഹിനിയാട്ടത്തില്‍ മാറ്റുരയ്ക്കാനെത്തിയ വിദ്യാര്‍ത്ഥിനി കാത്തിരിപ്പിനിടെ മയങ്ങിപ്പോയപ്പോള്‍.''

ആലപ്പുഴയെ 'കിഴക്കിന്റെ വെനീസ്' എന്ന് ആദ്യം വിശേഷിപ്പിച്ചതാരെന്ന് അറിയില്ല. ചില പത്രറിപ്പോര്‍ട്ടര്‍മാത്രമാണ് ഇന്നുമതിന്റെ പ്രധാന പ്രചാരകര്‍. ആലപ്പുഴയില്‍ വിശേഷിച്ചെന്തു നടക്കുമ്പോഴും അവര്‍ ആ പട്ടണത്തെ 'കിഴക്കിന്റെ വെനീസാ'ക്കും. വല്ലപ്പോഴും പ്രയോഗിച്ചാല്‍ വായനക്കാര്‍ക്കത് രസിക്കും. എന്തുചെയ്യും, ആവര്‍ത്തനം കൊണ്ട് ചിലരതു വിരസമാക്കുന്നു.

''കിഴക്കിന്റെ വെനീസില്‍ കൗമാരകലോത്സവത്തിന് കൊടിയേറി''

''കിഴക്കിന്റെ വെനീസില്‍ ഇനി കലയുടെ രാപകലുകള്‍''

''പ്രളയത്തെ അതിജീവിച്ച് കിഴക്കിന്റെ വെനീസില്‍''

ഇങ്ങനെയാണ് തലക്കെട്ടുകള്‍. വാര്‍ത്തയ്ക്കുള്ളിലും ഇടയ്ക്കിടെ 'വെനീസ്' കടന്നുവരും. 

''കലയുടെ ഇളംനാമ്പുകളെ വരവേല്‍ക്കാന്‍ കിഴക്കിന്റെ വെനീസ് ഒരുങ്ങിക്കഴിഞ്ഞു.''

''മൂവായിരത്തോളം ഇളം പ്രതിഭകളാണ് കായലോളങ്ങള്‍ താളമിടുന്ന കിഴക്കിന്റെ വെനീസില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.''

വെനീസിനെ ഇവരിനി 'പടിഞ്ഞാറിന്റെ ആലപ്പുഴ' എന്നു വിശേഷിപ്പിച്ചേക്കാം.

കിഴക്കിന്റെ വെനീസിനൊപ്പം മാറ്റുരച്ചുകൊണ്ടിരിക്കുന്ന മറ്റൊരു വിശേഷണമാണ് 'കയറിന്റെ നഗരം.'

''കയറിന്റെ നഗരത്തില്‍ കലോത്സവദീപം തെളിഞ്ഞു.''

''കലാവിരുന്നൊരുക്കി കയറിന്റെ നഗരം.''

എന്തായാലും വെനീസിന്റെ ഗ്ലാമര്‍ കയറിന്റെ നഗരത്തിന് കൈവന്നിട്ടില്ല.

കലയുടെ വള്ളത്തില്‍ കയറിയവരെയും കലയുടെ തുഴയെറിഞ്ഞവരെയും ആലപ്പുഴയില്‍ കണ്ടു. ചിലര്‍ 'കയറിന്റെ നഗരത്തില്‍ കലയുടെ കയര്‍പിരിച്ചു.' ചില ലേഖകര്‍ 'കലയുടെ കനല്‍വഴികള്‍ തേടി'യാണ് നടന്നത്. 

ഒരു വാര്‍ത്തയില്‍നിന്ന്:  ''കലയും കായലും ഒന്നിച്ചോളം തല്ലുന്ന ആലപ്പുഴയുടെ മാറില്‍ വരും തലമുറയ്ക്ക് നന്മയുടെ വെളിച്ചം പകര്‍ന്നു നല്‍കുക എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് 59 കൗമാരപ്രതിഭകള്‍ ചേര്‍ന്ന് കലാമാമാങ്കത്തിന് തിരിതെളിച്ചത്. കേരളത്തിന്റെ തനതു കലാരൂപങ്ങള്‍ വേദിയിലവതരിപ്പിക്കുന്ന കുരുന്നുകള്‍ അതേ വേഷത്തിലാണ് കലാരൂപത്തിന് തിരിതെളിച്ചത്.'' മാമാങ്കം എത്രവേഗമാണ് പൂരമാകുന്നത്.

'വര്‍ണാഭം' 'വര്‍ണം വിതറി' എന്നിവയ്ക്ക് ഈ കലോത്സവത്തിലും വന്‍ ഡിമാന്റായിരുന്നു. ഒന്നിലേറെ മത്സരങ്ങളില്‍ പങ്കെടുത്തവരെല്ലാം പതിവുപോലെ അരങ്ങില്‍നിന്ന് അരങ്ങിലേയ്ക്ക് യാത്ര ചെയ്യും. കൂടുതല്‍ ഇനങ്ങളില്‍ മികവു തെളിയിച്ചവരെല്ലാം തൊട്ടതെല്ലാം പൊന്നാക്കുന്നവരായി. നേട്ടങ്ങള്‍ കൊയ്തുകൂട്ടിയവരും കുറവല്ലായിരുന്നു. രണ്ടിനങ്ങളില്‍ വിജയികളായവരെല്ലാം ഇരട്ടിമധുരവുമായാണ് മടങ്ങിയത്. നൃത്തവേദികളില്‍ചിലര്‍ മിന്നുന്നപ്രകടനം കാഴ്ചവെച്ചു. പ്രളയത്തിന്റെ ജലമുറിവുകളുമായി എത്തിയ ചിലര്‍ക്ക് പുരട്ടാന്‍ കലയുടെ സാന്ത്വനലേപനം കിട്ടി. പാരമ്പര്യത്തനിമ കാത്തുസൂക്ഷിച്ചാണ് ചിലര്‍ താരമായത്. 

പിന്‍കുറിപ്പ്:

ചാനല്‍വാര്‍ത്തയില്‍നിന്ന്: നൃത്തമത്സരങ്ങള്‍ക്ക് കാണികള്‍ പൊതുവെ കുറവാണെന്നു തന്നെ പറയാന്‍ കഴിയുന്ന സാഹചര്യം തന്നെയാണ് ഇപ്പോഴും നിലവിലുള്ളതെന്നുതന്നെ, ശാരീ, പറയാന്‍ കഴിയും. ഞാനിപ്പോള്‍ പ്രധാന നൃത്തവേദിക്കരികിലാണ് നില്‍ക്കുന്നത്, എനിക്കുമുന്നില്‍ ഇപ്പോള്‍ ചുവന്ന നിറത്തില്‍ നാലുകാലുകളോടുകൂടി കാണുന്നത് കസേരകളാണ്. അവയിലൊന്നുംതന്നെ ആളുകളില്ലെന്നുതന്നെ കാണാം. ഇനി കുറച്ചാളുകള്‍, ശാരീ, വന്നാല്‍ തന്നെ ബാക്കി കസേരകള്‍ ഒഴിഞ്ഞുകിടക്കുമെന്നുതന്നെ ഇപ്പോള്‍ ഉറപ്പിച്ചുതന്നെ പറയാന്‍ കഴിയും. കിഴക്കിന്റെ വെനീസില്‍ നിന്ന് ക്യാമറാമാന്‍ കണ്ണനോടൊപ്പം പ്രജേഷ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.