ഐപിഎല്‍ താരലേലം ഇന്ന്

Tuesday 18 December 2018 3:19 am IST

ന്യൂദല്‍ഹി: പുതിയ സീസണിലെ  ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) താരലേലം പിങ്ക് നഗരമായ ജയ്പ്പൂരില്‍ ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് 2.30 ന് ലേലം ആരംഭിക്കും. 226 ഇന്ത്യന്‍ താരങ്ങള്‍ ഉള്‍പ്പെടെ 346 കളിക്കാരെയാണ് ലേലം ചെയ്യുക. ഇതില്‍ നിന്ന് ഏഴുപത് കളിക്കാരെയാണ് എട്ട് ടീമുകള്‍ ലേലത്തില്‍ പിടിക്കുക.

1003 കളിക്കാര്‍ ലേലത്തിന് രജിസ്റ്റര്‍ ചെ്തതാണ്. ടീമുകളുടെ ആവശപ്രകാരം കളിക്കാരുടെ എണ്ണം 346 ആയി കുറയ്ക്കുകയായിരുന്നു. വിവിധ രാജ്യങ്ങള്‍ക്കായി കളിച്ച 118 പേരും പുതുമുഖങ്ങളായ 228 കളിക്കാരും ലേലപ്പട്ടികയിലുണ്ട്. രണ്ട് കോടിയാണ് കളിക്കാരുടെ ഏറ്റവും ഉയര്‍ന്ന അടിസ്ഥാന വില. ഈ ഗണത്തില്‍ ഒമ്പത് താരങ്ങളുണ്ട്. ഇന്ത്യാക്കാരാരും ഇതിലില്ല. ബ്രണ്ടന്‍ മക്കല്ലം ( ന്യൂസിലന്‍ഡ്) ക്രിസ് വോക്‌സ് ( ഇംഗ്ലണ്ട്), ലസിത് മലിംഗ (ശ്രീലങ്ക), ഷോണ്‍ മാര്‍ഷ് ( ഓസ്‌ട്രേലിയ), സാം കറന്‍ ( ഇംഗ്ലണ്ട്) കോളിന്‍ ഇന്‍ഗ്രാം ( ന്യൂസിലന്‍ഡ്) കോറി ആന്‍ഡേഴ്‌സണ്‍ (ന്യൂസിലന്‍ഡ്), ഏയ്ഞ്ചലോ മാത്യൂസ് ( ശ്രീലങ്ക), ഡിആര്‍സി ഷോട്ട് ( ഓസ്‌ട്രേലിയ) എന്നിവരാണ് രണ്ട് കോടി അടിസ്ഥാന വിലയുള്ള കളിക്കാര്‍.

കഴിഞ്ഞ സീസണിലെ ലേലത്തില്‍ ഏറ്റവും വിലയേറിയ ഇന്ത്യന്‍ താരമായ ജയ്‌ദേവ് ഉനദ്ഘടിന് ഈ സീസണിലെ അടിസ്ഥാന വില ഒന്നരക്കോടിയാണ്. പത്ത് താരങ്ങള്‍ക്കാണ് ഇത്തവണ ഒന്നരക്കോടി അടിസ്ഥാന വില നിശ്ചയിച്ചിരിക്കുന്നത്. ഉനദ്ഘട്ടിനെ കൂടാതെ മറ്റൊരു ഇന്ത്യന്‍ താരവും ഈ പട്ടികയിലില്ല. കഴിഞ്ഞ തവണ പതിനൊന്നരക്കോടിക്കാണ് രാജസ്ഥാന്‍ റോയല്‍സ് ഉനദ്ഘട്ടിനെ വാങ്ങിയത്. ഇത്തവണ റോയല്‍സ് ഈ താരത്തെ ഒഴിവാക്കി. കിഞ്ഞ ഐപിഎല്ലില്‍ പതിനഞ്ച് മത്സരം കളിച്ച ഉനദ്ഘട് പതിനൊന്ന് വിക്കറ്റ് വീഴ്ത്തി.

കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ മുന്‍ ഓള്‍ റൗണ്ടര്‍ യുവരാജ് സിങ്, അക് ഷര്‍ പട്ടേല്‍, വൃദ്ധിമാന്‍ സാഹ, മുഹമ്മദ് ഷമി എന്നിവരുള്‍പ്പെടെ പതിനഞ്ച് കളിക്കാരുടെ അടിസ്ഥാന വില ഒരു കോടിയാണ്. നമാന്‍ ഓജ, ഇഷാന്ത് ശര്‍മ തുടങ്ങിയവരടക്കം പതിനെട്ട് കളിക്കാരുടെ അടിസ്ഥാന വില 75 ലക്ഷമാണ്്.

അമ്പത് ലക്ഷം അടിസ്ഥാന വിലയുളള അറുപത്തിരണ്ട് കളിക്കാരുണ്ട്. ഇതില്‍ പതിനെട്ട് പേര്‍ ഇന്ത്യാക്കരും മറ്റുള്ളവര്‍ വിദേശികളുമാണ്. കഴിഞ്ഞ തവണ ലേലത്തില്‍ വില്‍ക്കാതെപോയ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ചേതേശ്വര്‍ പൂജാരയും ഈ പട്ടികയിലുണ്ട്.

പുതുമുഖ താരങ്ങളുടെ അടിസ്ഥാന വില 20 ലക്ഷം, 30 ലക്ഷം, 40 ലക്ഷം എന്നിങ്ങനെയാണ്. 196 ഇന്ത്യന്‍ കളിക്കാരുടെയും പതിനേഴ് വിദേശതാരങ്ങളുടെയും അടിസ്ഥാന വില ഇരുപത് ലക്ഷമാണ്. നാല്‍്പ്പത് ലക്ഷം അടിസ്ഥാനവിലയുള്ള ഏഴുപേരുണ്ട് . ഇവരെല്ലാം വിദേശികളാണ്. മുപ്പത് ലക്ഷം അടിസ്ഥാന വിലയുള്ള എട്ട് കളിക്കാരില്‍ അഞ്ചുപേരും ഇന്ത്യാക്കാരാണ്.

ഇന്ത്യ കഴിഞ്ഞാല്‍ പിന്നെ ലേലപട്ടികയില്‍ ഏറ്റവും കൂടുതല്‍ കളിക്കാരുള്ളത് ദക്ഷിണാഫ്രിക്കയില്‍ നിന്നാണ് -26 പേര്‍. ഓസ്‌ട്രേലിയയില്‍ നിന്ന് 23 പേരും വെസ്റ്റ് ഇന്‍ഡീസ് ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളില്‍ നിന്ന് പതിനെട്ട് പേര്‍ വീതവുമുണ്ട്.ന്യൂസിലന്‍ഡില്‍ നിന്ന് പതിമുന്നു താരങ്ങളും ശ്രീലങ്കയില്‍ നിന്ന് ഏഴുപേരും പട്ടികയിലുണ്ട്. ബംഗ്ലാദേശില്‍ നിന്ന് രണ്ട് പേരാണുള്ളത്. അമേരിക്ക, അയര്‍ലന്‍ഡ് , ഹോളണ്ട് എന്നീ രാജ്യങ്ങളില്‍ നിന്ന് ഓരോ കളിക്കാരമുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.