ഐശ്വര്യത്തിന്റെ ഉറവിടം മനഃശക്തി

Wednesday 19 December 2018 2:47 am IST

ജീവിതത്തില്‍ അനൈശ്വര്യം അകലാനും ഐശ്വര്യം കടന്നുവരാനും ആഗ്രഹിക്കാത്തവരാരും ഉണ്ടാകില്ല. എന്നാല്‍, ആഗ്രഹമുണ്ടെന്നല്ലാതെ മിക്ക ആളുകളും ഇതിനായി പ്രത്യേകം പ്രയത്‌നമൊന്നും ചെയ്യാതെ ജീവിതത്തിന്റെ ഒഴുക്കിനോടൊത്ത് സഞ്ചരിക്കയാണ് പതിവ്. അനൈശ്വര്യം വരുമ്പോള്‍ അവര്‍ പറയും, ഭാഗ്യക്കേടാണ് അല്ലെങ്കില്‍, തലവര ഇങ്ങനെയാണ്, എല്ലാം വിധിയാണെന്നൊക്കെ. ഇതെല്ലാം ഈശ്വരനിശ്ചയമാണെന്ന് പറയുന്നവരുമുണ്ട്. നോക്കൂ, ഈശ്വരന്‍, ഐശ്വര്യം എന്നീ രണ്ട് പദങ്ങളും 'ഈശ്' എന്ന ഒരേ സംസ്‌കൃതധാതുവില്‍നിന്ന് ഉണ്ടായതാണ്. അതായത് ഈശ്വരന്‍ ഉള്ളിടത്ത് ഐശ്വര്യവുമുണ്ടാകണം. അനൈശ്വര്യവും ഈശ്വരനിശ്ചയമാണെന്ന് കരുതരുത്. ഇന്ന് നമുക്കൊരു ഋഗ്വേദമന്ത്രം പഠിക്കാം. കാണുക:

ഓം മന്ദ്രയാ സോമ ധാരയാ വൃഷാ പവസ്വ ദേവയുഃ

അവ്യോ വാരേഷ്വസ്മയുഃ (ഋഗ്വേദം 9.6.1)

പദം പിരിച്ചുള്ള അര്‍ഥം:

(സോമ=) അല്ലയോ ആനന്ദദായകനായ ഭഗവാനേ, അവിടുന്ന് (മന്ദ്രയാ ധാരയാ=) ആഹ്ലാദജനകമായ വിചാരധാരയാല്‍ (പവസ്വ=) ഞങ്ങളുടെ ജീവിതത്തെ പവിത്രമാക്കിയാലും. അതാകട്ടെ (വൃഷാ=) സമൃദ്ധിയെ വര്‍ഷിക്കുന്നതും (ദേവയുഃ=) ദിവ്യഗുണങ്ങളെ ചേര്‍ത്തുവെയ്ക്കുന്നതും ആകുന്നു. (അവ്യഃ=) ഉത്തമമാംവിധം രക്ഷിക്കുന്നതും (വാരേഷു അസ്മയുഃ=) രോഗപ്രതിരോധകാര്യങ്ങളില്‍ നമ്മുടെ ഹിതത്തോട് ചേര്‍ന്നുനില്‍ക്കുന്നതുമാകുന്നു.

ജീവിതത്തില്‍ ഐശ്വര്യം കടന്നുവരണമെങ്കില്‍ ആദ്യം ഐശ്വര്യചിന്ത നമ്മുടെ മനസ്സില്‍ നിലയുറപ്പിക്കണം. മനസ്സിലെ ദൃഢസങ്കല്‍പങ്ങളാണ് ജീവിതത്തില്‍ മൂര്‍ത്തരൂപം പ്രാപിക്കുന്നത്. മനസ്സില്‍ കരുത്താര്‍ജിക്കുന്നത് അശുഭസങ്കല്പങ്ങളാണെങ്കില്‍ ജീവിതം നാമറിയാതെതന്നെ അനൈശ്വര്യത്തെ പ്രാപിക്കും. അതുകൊണ്ട് ശുഭകരമായ വിചാരങ്ങളുടെ ധാരയെ നാം നമ്മുടെ മനസ്സിലേക്ക് കടന്നുവരാന്‍ അനുവദിക്കണം. ഇതാണ് ആദ്യം ചെയ്യേണ്ടത്. അതിനായി സോമദേവനായ ഭഗവാനെ ഉപാസിക്കാം. സോമന്‍ പവമാനനാണ്. പവമാനസോമനാണ് ഈ മന്ത്രത്തിന്റെ ദേവത. പവമാനന്‍ എന്നാല്‍, പവിത്രീകരിക്കുന്നവന്‍ എന്നര്‍ഥം. അശുഭചിന്തകളുള്ള മനസ്സാണ് അപവിത്രതയുടെ പ്രഭവകേന്ദ്രം. ചിന്തകള്‍ ശുഭങ്ങളാക്കുന്നതിലൂടെ സോമഭഗവാന്‍ മനസ്സിനെയും അതുവഴി ജീവിതത്തെയും പവിത്രീകരിക്കുന്നു.

 ആനന്ദത്തിന്റെ അധിപനാണ് സോമഭഗവാന്‍. പൗര്‍ണമിയിലെ ചന്ദ്രനെപ്പോലെ നമ്മുടെ മനസ്സിന് ആനന്ദപ്രഭയെ നല്‍കുന്നവനാണ്. സോമനെ ഉപാസിക്കുന്നവന്‍ മനസ്സിനെ സദാ സന്തുഷ്ടമാക്കിവെക്കുന്നു. സന്തോഷം മനസ്സിന്റെ സ്വാഭാവികഗുണമായി മാറുമ്പോള്‍, പിന്നെ ദുഃഖത്തിന് ആ മനസ്സില്‍ ഇരിപ്പുറയ്ക്കാന്‍ കഴിയാതെവരും. 

 സോമഭഗവാന്‍ ഉത്പാദകശക്തിയുടെ അധിപന്‍ കൂടിയാണ്. ആനന്ദപൂര്‍ണമായ മനസ്സില്‍നിന്നേ സര്‍ഗാത്മകമായ ചിന്തകള്‍ പിറക്കൂ. അത്തരം ശുഭചിന്തകള്‍ ജീവിതത്തില്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കുന്നതിനായി നമ്മെ പ്രേരിപ്പിക്കുന്നു. അതുകൊണ്ടാണ് സോമഭഗവാന്റെ അനുഗ്രഹം സമൃദ്ധിയുടെ വര്‍ഷത്തിന് കാരണമാകും എന്ന് പറയുന്നത്.

 അടുത്തതായി ദിവ്യഗുണങ്ങളെക്കുറിച്ചാണ് മന്ത്രം പറയുന്നത്. ദിവ്യഗുണങ്ങളെന്നാല്‍ ഭഗവാന്റെ ഗുണങ്ങളാണ്. ഭഗവാനെ ഉപാസിക്കുന്നതിലൂടെ അത്തരം ദിവ്യഗുണങ്ങള്‍ ഉപാസകനിലും വളര്‍ന്നുതുടങ്ങുന്നു. ഋഗ്വേദം പറയുന്നു, 'മനുര്ഭവ ജനയാ ദൈവ്യം ജനം'. 'മനുഷ്യനാകൂ, ദിവ്യഗുണങ്ങള്‍ വളര്‍ത്തി ദിവ്യഗുണശാലിയാകൂ' എന്നര്‍ഥം പറയാം. അതായത് ആദ്യം നാം മനുഷ്യരാകേണ്ടതുണ്ട്. മനുഷ്യന്‍ എന്നാല്‍ മനനം ചെയ്യുന്നവന്‍, വിചാരശീലന്‍ എന്നെല്ലാമാണ് അര്‍ഥം. ഏതു കാര്യങ്ങളിലും ചിന്തിച്ചു പ്രവര്‍ത്തിക്കുന്നവര്‍ മാത്രമേ മനുഷ്യരെന്ന വിളിപ്പേരിന് വാസ്തവത്തില്‍ അര്‍ഹരായിട്ടുള്ളൂ. ചിന്തിക്കുന്നവന്‍ മനുഷ്യനാണ്. മനുഷ്യന്റെ ചിന്തകള്‍ ശുഭ-അശുഭസമ്മിശ്രമാണ്.  മനുഷ്യനെ അശുഭചിന്തകള്‍ അസുരനും ശുഭചിന്തകള്‍ ദേവനുമാക്കിത്തീര്‍ക്കുന്നു. ദേവന്‍ ദിവ്യഗുണശാലിയാണ്. സോമോപാസന നമ്മെ അങ്ങനെയുള്ള ദേവന്‍മാരാക്കി മാറ്റുന്നു എന്നു സാരം.

 ശരീരത്തിന്റെ സ്വാസ്ഥ്യവും ജീവിതത്തിന്റെ ഐശ്വര്യത്തെ നിര്‍ണയിക്കുന്ന ഘടകമാണ്. ആരോഗ്യമില്ലെങ്കില്‍ പിന്നെ എത്ര ധനമുണ്ടെങ്കിലും കാര്യമില്ല. അതുകൊണ്ട് ശരീരത്തിന്റെ ആരോഗ്യം വളരെ പ്രധാനപ്പെട്ടതാണ്. ശരീരത്തിന്റെ ആരോഗ്യമാകട്ടെ മനസ്സുമായി സംബന്ധം പുലര്‍ത്തുന്നു. നമ്മെ എത്ര വലിയ രോഗങ്ങളിലേക്കും തള്ളിയിടാനും എത്ര വലിയ രോഗങ്ങളില്‍നിന്നും കൈപിടിച്ചുയര്‍ത്താനും മനസ്സിനു കഴിയും. രണ്ടും ചെയ്യുന്നത് ഒരേ മനസ്സാണെന്നതാണ് ആശ്ചര്യം. 'മന ഏവ മനുഷ്യാണാം കാരണം ബന്ധമോക്ഷയോഃ' എന്ന ഋഷി വചനം ഓര്‍ക്കുക.

'ബന്ധനത്തിനും മോക്ഷത്തിനും കാരണം മനസ്സുതന്നെ'. അതുപോലെതന്നെയാണ് ഇൗ വിഷയവും. ആരോഗ്യവും അനാരോഗ്യവും ഒരേ മനസ്സില്‍നിന്നും ജനിക്കുന്നു. മനസ്സിലെ ചിന്തകള്‍ ശുഭമാകുമ്പോള്‍ അത് ശരീരത്തിന്റെ ആരോഗ്യത്തെ വര്‍ധിപ്പിക്കും. അശുഭമാകുമ്പോള്‍ അനാരോഗ്യത്തെ വിളിച്ചുവരുത്തുകയും ചെയ്യും. 

മറ്റൊരു രീതിയിലും സോമദേവന്‍ ശരീരത്തിന്റെ ആരോഗ്യത്തെ നിയന്ത്രിക്കുന്നുണ്ട്. സോമദേവന്‍ ഓഷധികളുടെ അധിദേവന്‍കൂടിയാണ്. ഓഷധികളുടെ ഔഷധവീര്യം വര്‍ധിപ്പിക്കുന്നതില്‍ ചന്ദ്രന്‍ വലിയ പങ്ക് വഹിക്കുന്നു എന്നാണ് പൂര്‍വാചാര്യന്മാര്‍ പറയുന്നത്. ചന്ദ്രനാണ് ബാഹ്യലോകത്തെ സോമന്‍. അധ്യാത്മലോകത്ത് ശുഭസങ്കല്‍പയുക്തമായ മനസ്സ് ഇപ്രകാരം ശരീരത്തിന്റെ വീര്യത്തെ നിയന്ത്രിക്കുന്നു. അശുഭസങ്കല്‍പങ്ങള്‍ ശരീരത്തിന്റെ വീര്യശക്തിയെ ക്ഷയിപ്പിക്കുമ്പോള്‍ ശുഭസങ്കല്‍പങ്ങള്‍ വീര്യസംരക്ഷണത്തിലൂടെ ശരീരത്തെ ആരോഗ്യപൂര്‍ണമാക്കുന്നു. 

ഇവിടെയെല്ലാം പറയുന്നത്, ജീവിതത്തിന്റെ ഐശ്വര്യവും മനസ്സും തമ്മിലുള്ള ബന്ധമാണ്. ജീവിതം ഐശ്വര്യപൂര്‍ണമാകണമെന്ന് ചിന്തിക്കുന്നവര്‍ ആദ്യം ചെയ്യേണ്ടത് അശുഭചിന്തകള്‍ക്കു മുന്‍പില്‍ മനസ്സിന്റെ വാതായനങ്ങള്‍ കൊട്ടിയടയ്ക്കുകയും ശുഭചിന്തകളെ മാത്രം മനസ്സിലേക്ക് കയറിവരാന്‍ അനുവദിക്കുകയും ചെയ്യുക എന്നതാണ്. സോമദേവനായ പരമേശ്വരന്‍ ഏവര്‍ക്കും ഐശ്വര്യപൂര്‍ണമായ ജീവിതം നല്‍കി അനുഗ്രഹിക്കട്ടെ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.