ഉപഭോക്തൃ കോടതി വിധിച്ച നഷ്ടപരിഹാരം നല്‍കിയില്ലെന്ന്

Tuesday 18 December 2018 8:57 pm IST

 

കണ്ണൂര്‍: മുന്‍കൂര്‍ പണം വാങ്ങി പഴയ കാര്‍ നല്‍കി വഞ്ചിക്കുവാന്‍ ശ്രമിക്കുകയും തുടര്‍ന്ന് ഉപഭോക്തൃ കോടതിയിലെത്തിയ കേസില്‍ വിധിച്ച നഷ്ടപരിഹാരം നല്‍കാനുള്ള കാലാവധി കഴിഞ്ഞിട്ടും കാര്‍ ഡീലര്‍ ഇതിന് തയ്യാറയില്ലെന്ന പരാതിയുമായി ഉപഭോക്താവ്. കോഴിക്കോട് പോപ്പുലര്‍ വെഹിക്കിള്‍ സര്‍വ്വീസ് കസ്റ്റമര്‍ കെയര്‍ മാനേജര്‍, കണ്ണൂര്‍ മേലേ ചൊവ്വ പോപ്പുലര്‍ വെഹിക്കിള്‍ സര്‍വ്വീസ് മാനേജര്‍ എന്നിവര്‍ക്കെതിരെയാണ് കീഴല്ലൂര്‍ എടയന്നൂരിലെ പി ടി ഹൗസില്‍ പി.എ.ജിനീസ് പരാതി ഉന്നയിച്ചത്. 

രോഗിയായ തന്റെ മാതാവ് പി.എ.റംലക്ക് വേണ്ടി പോപ്പുലര്‍ വെഹിക്കിള്‍സില്‍ 2016 ആഗസ്ത് 31ന് 25,000 രൂപ അഡ്വാന്‍സ് നല്‍കി പുതിയ കാര്‍ ബുക്ക് ചെയ്യുകയും സപ്തംബര്‍ 9 ന് കേരള ഗ്രാമീണ്‍ ബാങ്ക് മട്ടന്നൂര്‍ ശാഖ വഴി വായ്പ തരപ്പെടുത്തി 4,52,714 രൂപ കമ്പനിക്ക് നല്‍കുകയും ചെയ്തു. 3 ദിവസത്തിനുള്ളില്‍ കാര്‍ തരാമെന്ന് പറഞ്ഞെങ്കിലും കമ്പനി പല ഒഴികഴിവുകളും പറഞ്ഞ് സെപ്റ്റംബര്‍ 20ന് വാഹനം ഏര്‍പ്പാടാക്കാമെന്ന് പറഞ്ഞു. കമ്പനി നിര്‍ദ്ദേശപ്രകാരം ഷോറൂമില്‍ ചെന്നപ്പോള്‍ അകത്തും പുറത്തുമായി നിരവധി തകരാറുകളുള്ള ഒരു കാര്‍ കാണിച്ച് തരികയും ആ വാഹനം എടുക്കുവാന്‍ കമ്പനി നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇതിന് തകരാറുണ്ട്, പുതിയ കാറാണ് ബുക്ക് ചെയ്തതെന്ന് പറഞ്ഞപ്പോള്‍ കമ്പനി അധികാരികള്‍ ഈ വാഹനം നിങ്ങള്‍ക്ക് വേണ്ടിയുള്ളതാണെന്നും വേണമെങ്കില്‍ എടുക്കാമെന്ന ധാര്‍ഷ്ട്യത്തോടെയുള്ള മറുപടിയാണ് നല്‍കിയതെന്ന് ഇവര്‍ പറയുന്നു.

തുടര്‍ന്ന് കമ്പനിയുമായി നിരന്തരം ബന്ധപ്പെട്ടെങ്കിലും ഇത് തന്നെയായിരുന്നു സമീപനം. ഒക്ടോബര്‍ 7 ന് കോഴിക്കോട് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ നിന്ന് താത്കാലികമായി എടുത്ത രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യാനായി കമ്പനി എഴുത്ത് നല്‍കിയെങ്കിലും ഇത് കമ്പനി തന്നെ നേരിട്ട് സമര്‍പ്പിക്കാമെന്ന് പറഞ്ഞ് മടക്കുകയായിരുന്നു. തുടര്‍ന്നാണ് വിശ്വാസ വഞ്ചനക്ക് കോടതിയില്‍ പരാതി നല്‍കിയത്. വാഹനത്തിന് ഈടാക്കിയ 4,77,714 രൂപ 10.5 ശതമാനം പലിശയോട് കൂടിയും ബാങ്ക് ചാര്‍ജ് 1760 രൂപ, ഉപഭോക്താവിനുണ്ടായ മാനസിക പീഡനത്തിന് 50,000 രൂപ, കോടതിച്ചെലവ് 5000 രൂപ എന്നിവ 30 ദിവസത്തിനകം നല്‍കണമെന്ന് സപ്തംബര്‍ 28നാണ് കോടതി ഉത്തരവിട്ടത്. ഉത്തരവ് വന്ന തിയ്യതി മുതല്‍ 18 ശതമാനം പലിശ നല്‍കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നതായി ഇവര്‍ പറഞ്ഞു. വിധവയായ ഉപഭോക്താവിന്റെ അനുമതിയില്ലാതെ കമ്പനി കൃത്രിമ ഒപ്പ് ഉപയോഗിച്ച് പാന്‍ കാര്‍ഡ് സമ്പാദിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കമ്പനിയുടെ പേരില്‍ ക്രിമിനല്‍ കേസ് നിലനില്‍ക്കുന്നതായും റംലയുടെ മക്കളായ പി.എ.ജിനീസ്, പി.എ.ജമീസ്, സുഹൃത്ത് എന്‍.പി.മുഹമ്മദ് റാസിഖ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.