എരഞ്ഞോളി പുഴയില്‍ നിര്‍ത്തിവച്ച പാലം നിര്‍മ്മാണം പുനരാരംഭിച്ചു

Tuesday 18 December 2018 8:58 pm IST

 

തലശ്ശേരി: വളവുപാറ റോഡ് തലശ്ശേരി പട്ടണവുമായി ബന്ധിപ്പിക്കുന്നതിന് എരഞ്ഞോളി പുഴയില്‍ ജലഗതാഗത വകുപ്പിന്റെ അനുമതിയോടെ പുതിയ പാലത്തിന്റെ പ്രവൃത്തി ആരംഭിച്ചു. നിലവിലുള്ള പഴയ പാലത്തിന് സമാന്തരമായാണ് പുതിയ പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനം വീണ്ടും തുടങ്ങിയത്. 

സമാന്തര പാലത്തിനായി രണ്ട് വര്‍ഷം മുന്‍പ് നിര്‍മ്മാണ പ്രവൃത്തികള്‍ തുടങ്ങിയിരുന്നെങ്കിലും ഇതിനിടയില്‍ എരഞ്ഞോളി പുഴ ജലപാതയായി പ്രഖ്യാപിക്കപ്പട്ടതിനാല്‍ പുതിയ പാലത്തിന്റെ അടിത്തൂണുകള്‍ ഉയരം കൂട്ടേണ്ടതായി വന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തമായ രൂപരേഖ ലഭിക്കാത്തത് കാരണം കരാറുകാര്‍ പ്രവൃത്തി നിര്‍ത്തി. ഒരു വര്‍ഷക്കാലം അനിശ്ചിതത്വത്തിലായ പാലം നിര്‍മ്മാണത്തിന് പുതിയ രൂപരേഖ എത്തിയതോടെയാണ് വീണ്ടും ജീവന്‍ വച്ചത്. ജലപാത വരുന്നതിനാല്‍ നിലവിലുള്ള പാലത്തേക്കാള്‍ അഞ്ച് മീറ്റര്‍ ഉയരത്തിലും 32 മീറ്റര്‍ വീതിയിലുമാണ് പുതിയ പാലം നിര്‍മിക്കുന്നത്. രണ്ട് വശത്തായി അനുബന്ധ റോഡുകളും കൊളശ്ശേരി, കോപ്പാലം റോഡുകളില്‍ അടിപ്പാതയും നിര്‍മിക്കും. സമാന്തര പാലത്തില്‍ നിലവിലുള്ള തൂണുകളില്‍ത്തന്നെ നിര്‍മാണം തുടങ്ങും. അതിനനുസരിച്ചാണ് പുതിയ രൂപരേഖ. പൈലിങ് ജോലിയാണ് ആദ്യഘട്ടത്തില്‍ നടത്തുന്നത്. നിലവിലുളള തൂണുകളുടെ ബലം പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് മറ്റ് ജോലികള്‍ ആരംഭിക്കുക. ഏറനാട് കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് പാലത്തിന്റെ നിര്‍മാണം ഏറ്റെടുത്തിട്ടുള്ളത്. ഒരു വര്‍ഷമാണ് നിര്‍മാണ കാലാവധി. അടുത്ത വര്‍ഷം ഡിസംബറിനകം നിര്‍മാണം പൂര്‍ത്തിയാക്കണം. 

തലശ്ശേരി-വളവുപാറ റോഡിലുള്‍പ്പെടുന്നതാണ് എരഞ്ഞോളി പാലം. പദ്ധതിയുടെ ഭാഗമായി റോഡുകളുടെയും മറ്റു പാലങ്ങളുടേയും നിര്‍മ്മാണം പുരോഗമിക്കുകയാണ്. എരഞ്ഞോളി പാലത്തിന്റെ ഉയരം കൂട്ടുന്നതോടെ നേരത്തെ തീരുമാനിച്ചതിനേക്കാള്‍ അനുബന്ധ റോഡിന്റെ ഉയരവും കുടും. 230 മീറ്ററിലാണ് പാലത്തിന്റെ രണ്ട് ഭാഗങ്ങളിലുമായി അനുബന്ധ റോഡ് നിര്‍മിക്കുന്നത്. ഇതിനായി കൂടുതല്‍ ഭൂമി ഏറ്റെടുക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. 176 സെന്റ് ഭൂമിയാണ് റോഡിനായി വേണ്ടത്. 53 പേരുടെ കൈവശമാണ് ഭൂമിയുള്ളത്. 21 കടകള്‍ ഒഴിയേണ്ടി വരും. ഭൂമി നഷ്ടപ്പെടുന്നവര്‍ക്കും വര്‍ഷങ്ങളായി കെട്ടിടം വാടകക്ക് എടുത്ത് കച്ചവടം നടത്തുന്നവര്‍ക്കും അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.