പിയര്‍ റോഡിന്റെ മോടികൂട്ടല്‍ പുനരാരംഭിച്ചു

Tuesday 18 December 2018 8:58 pm IST

 

തലശ്ശേരി: നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഒരു മാസമായി മുടങ്ങിയ പിയര്‍ റോഡ് മോടികൂട്ടല്‍ പ്രവൃത്തി ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലിയുടെ ഇടപെടലിനെ തുടര്‍ന്ന് ഇന്നലെ മുതല്‍ പുനരാരംഭിച്ചു. പ്രവൃത്തി തടസ്സപ്പെട്ടതിനെ തുടര്‍ന്ന് കലക്ടറും സംഘവും കഴിഞ്ഞ ദിവസം സ്ഥലം സന്ദര്‍ശിച്ചിരുന്നു. നിര്‍ത്തിവച്ച പ്രവൃത്തി ഉടന്‍ ആരംഭിക്കണമെന്ന് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയോട് കലക്ടര്‍ നിര്‍ദേശിച്ചു. 

നഗരത്തില്‍ പൈതൃക ടൂറിസം പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് പിയര്‍ റോഡും പരിസരവും മോഡി പിടിപ്പിക്കുന്നത്. ഡ്രയിനേജ് കെട്ടി റോഡ് ഇന്റര്‍ലോക്ക് ഘടിപ്പിക്കല്‍ പ്രവൃത്തി തുടങ്ങിയതോടെ വലിയ വാഹനങ്ങള്‍ക്ക് പ്രവേശന അനുമതി നിഷേധിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് വാഹനങ്ങള്‍ കയറാന്‍ പ്രയാസമുണ്ടെന്ന് ചൂണ്ടിക്കാട്ടി റോഡരികിലെ ചില വ്യാപാരികളും വീട്ടുകാരുമാണ് തര്‍ക്കം ഉന്നയിച്ചത്. അഭിപ്രായ ഭിന്നത പരിഹരിക്കാന്‍ കഴിയാതിരുന്നതിനാല്‍ സൊസൈറ്റി പ്രവൃത്തി നിര്‍ത്തി. 

വിനോദ സഞ്ചാരികളെ സ്വാഗതം ചെയ്യാനൊരുങ്ങുന്ന പിയര്‍ റോഡിന് ഇരുവശവും പഴയ വാഹനങ്ങളുടെ ശവപ്പറമ്പു പോലെയാണുള്ളത്. മാലിന്യങ്ങളും നിറഞ്ഞു കൂടിയ നിലയിലാണ്. കുറച്ച് ദിവസം മുന്‍പ് മാലിന്യങ്ങള്‍ നീക്കം ചെയ്‌തെങ്കിലും വീണ്ടും പഴയ രീതിയിലായി. നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിയര്‍ റോഡ് പരിസരം സന്ദര്‍ശിച്ച് മാലിന്യങ്ങള്‍ നിക്ഷേപിക്കരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. മാലിന്യം കൂമ്പാരമായതിനെ തുടര്‍ന്ന് നീക്കം ചെയ്യാന്‍ സമീപവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ നഗരസഭയെ സമീപിച്ചെങ്കിലും പ്രശ്‌നത്തിനു പരിഹാരമായില്ല. വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കിയാല്‍ മാലിന്യ പ്രശ്‌നത്തിനു പരിഹാരമുണ്ടാകുമെന്നാണ് അധികൃതര്‍ കരുതുന്നത്. താഴെ അങ്ങാടിയില്‍ പ്രവൃത്തി പൂര്‍ത്തിയായ ഫയര്‍ ടാങ്കും കലക്റ്റര്‍ സന്ദര്‍ശിച്ചു. ഡപ്യൂട്ടി കലക്റ്റര്‍ എസ്. ചന്ദ്രശേഖര്‍, ഡിടിപിസി സെക്രട്ടറി ജിതേഷ് ജോസ്, ഊരാളുങ്കല്‍ എന്‍ജിനീയര്‍ കെ.ടി.കെ അജിത്ത് കുമാര്‍ എന്നിവരും കലക്റ്ററുടെ സംഘത്തിലുണ്ടായിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.