വേസ്റ്റ് ടു എനര്‍ജി പ്ലാന്റ് പരിസ്ഥിതി പ്രശ്‌നങ്ങളുണ്ടാക്കില്ലെന്ന് സര്‍ക്കാര്‍

Tuesday 18 December 2018 8:59 pm IST

 

കണ്ണൂര്‍: മാലിന്യത്തില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ചേലോറയിലെ നിര്‍ദ്ദിഷ്ട മാലിന്യസംസ്‌കരണ പ്ലാന്റ് പരിസ്ഥിതിക്ക് യാതൊരു പ്രശ്‌നവുമുണ്ടാക്കില്ലെന്ന് സര്‍ക്കാര്‍. ജില്ലാ കളക്‌ട്രേറ്റില്‍ പദ്ധതിയുമായി ബന്ധപ്പെട്ടവരുടെ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി.ദത്തനും പദ്ധതി നടത്തിപ്പിനായി സര്‍ക്കാര്‍ നിയോഗിച്ച സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ (കെഎസ്‌ഐഡിസി) അധികൃതരും ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരീക്ഷിച്ച് വിജയിച്ച മാതൃകയാണ് സംസ്ഥാനത്ത് പ്രധാന നഗരങ്ങളില്‍ സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്ന് അവര്‍ അറിയിച്ചു. പ്ലാന്റിന്റെ പ്രവര്‍ത്തനം നേരിട്ട് മനസിലാക്കാനായി നഗരസഭാ മേയര്‍ക്കും കൗണ്‍സിലര്‍മാര്‍ക്കും ഏറ്റവും അടുത്തുള്ള പ്രവര്‍ത്തനക്ഷമമായ പ്ലാന്റ് സന്ദര്‍ശിക്കാന്‍ അവസരമുണ്ടാക്കുമെന്നും അധികൃതര്‍ പറഞ്ഞു. എം.സി.ദത്തന് പുറമെ ജില്ലാ കളക്ടര്‍ മിര്‍ മുഹമ്മദ് അലി, മേയര്‍ ഇ.പി.ലത, കോര്‍പ്പറേഷന്‍ സെക്രട്ടറി, വേസ്റ്റ് ടു എനര്‍ജി പ്രോജക്ട് ഡയറക്ടര്‍ പി.സി.ഹരികേഷ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.