തലശ്ശേരി-ചിത്രദുര്‍ഗ്ഗ ദേശീയപാത ഒഴിവാക്കുന്നത് ഖേദകരം: ചേമ്പര്‍

Tuesday 18 December 2018 9:03 pm IST

 

തലശ്ശേരി: തലശ്ശേരി-ചിത്രദുര്‍ഗ്ഗ ദേശീയപാത ഒഴിവാക്കി കണ്ണൂര്‍- മൈസൂര്‍-ചിത്രദുര്‍ഗ്ഗ ദേശീയപാത നിലവില്‍ വരുന്നത് അത്യന്തം ഖേദകരമാണെന്ന് തലശ്ശേരി ചേമ്പര്‍ ഓഫ് കോമേഴ്‌സ് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. തലശ്ശേരി മുതല്‍ മട്ടന്നൂര്‍ വരെയുള്ള ഭാഗങ്ങളാണ് ചിത്രദുര്‍ഗ്ഗദേശീയ പാതയില്‍ നിന്നും ഒഴിവാക്കുന്നത്. കണ്ണൂര്‍, മട്ടന്നൂര്‍ റോഡ് എന്‍എച്ച് 66 ന്റെ ഭാഗമായി ഉയര്‍ത്തി കണ്ണൂര്‍-മൈസൂര്‍-ചിത്രദുര്‍ഗ്ഗ ദേശീയ പാതയാണ് നിലവില്‍ വരാന്‍ പോകുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. 

കര്‍ണ്ണാടകയിലെ പല പ്രദേശങ്ങളെയും കടല്‍ത്തീര വ്യാപാര കേന്ദ്രമായ തലശ്ശേരിയുമായി ബന്ധിപ്പിക്കുന്ന ഈ പാത കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിയായിരുന്ന കെ.പി.ഉണ്ണികൃഷ്ണന്റെ കാലത്താണ് തലശ്ശേരി ചിത്രദുര്‍ഗ്ഗ ദേശീയപാതക്കായി ബജറ്റില്‍ പാസാക്കിയത്. എന്നാല്‍ പിന്നീട് ഇക്കാര്യം ബന്ധപ്പെട്ടവര്‍  ഒഴിവാക്കിയതായും ചേമ്പര്‍ ഭാരവാഹികള്‍ പറഞ്ഞു. തലശ്ശേരിയുടെ വികസനത്തിന് തുരംഗം വെക്കുന്ന ചില ശക്തികളാണ് ഇതിനു പിന്നിലെന്നും അവര്‍ പറഞ്ഞു. ചിത്രദുര്‍ഗ്ഗ റോഡ് ബന്ധിപ്പിക്കുകയാണെങ്കില്‍ തലശ്ശേരിയുടെ മുന്‍കാല പ്രൗഢി പൂര്‍വ്വാധികം ശക്തിപ്രാപിക്കുമെന്നും ഭാരവാഹികളായ അനൂപ് സെബാസ്റ്റ്യന്‍, എ.വി.ഹരിദാസ് എന്നിവര്‍ പറഞ്ഞു. ടി.കെ.നിസാര്‍, പി.പി.സൂരജ്, പി.എം.നിസാമുദ്ദീന്‍, ഇര്‍ഷാദ് അബ്ദുള്ള എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.