ആറളം ഫാം: തമ്പടിച്ച മുഴുവന്‍ കാട്ടാനകളെയും തുരത്തി

Tuesday 18 December 2018 9:04 pm IST

 

ഇരിട്ടി: ആറുദിവസം രാപ്പകല്‍ നീണ്ടുനിന്ന പരിശ്രമത്തിനൊടുവില്‍ ആറളം ഫാമില്‍ തമ്പടിച്ച മുഴുവന്‍ കാട്ടാനകളെയും തുരത്തി വനപാലകര്‍. പതിനഞ്ചോളം ആനകളെന്നായിരുന്നു നിഗമനമെങ്കിലും അത് പതിനേഴായി ഉയര്‍ന്നു. ഇവയെ ചൊവ്വാഴ്ച ഉച്ചയോടെ തുരത്തി കാട്ടിലേക്ക് വിട്ടു. 

ആറളം ഫാമിലെ പുനരധിവാസ മേഖലയില്‍ ഒരു മാസത്തിനുള്ളില്‍ രണ്ട് ആദിവാസികള്‍ കാട്ടാനയുടെ അക്രമത്തില്‍ മരിച്ചതോടെ വന്‍ പ്രതിഷേധമാണ് ആദിവാസികളില്‍ നിന്നും നാട്ടുകാരില്‍ നിന്നും ഉയര്‍ന്നത്. തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിലാണ് ഫാമില്‍ തമ്പടിച്ചിരുന്ന കാട്ടാനക്കൂട്ടങ്ങളെ തുരത്തി കാട്ടിലേക്ക് വിടാന്‍ തീരുമാനമായത്. കഴിഞ്ഞ 13 ന് പുലര്‍ച്ചയോടെയാണ് വനം വകുപ്പ് ദൗത്യം തുടങ്ങിയത്. സിസിഎഫ് കാര്‍ത്തികേയന്റെ നേതൃത്വത്തില്‍ ആറളം, കൊട്ടിയൂര്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വയനാട്, പാലക്കാട് എന്നിവിടങ്ങളില്‍ നിന്നും എത്തിയ ആര്‍ആര്‍ടി അംഗങ്ങള്‍ അടക്കം നൂറ്റമ്പതിലേറെ പേര്‍ ദൗത്യത്തില്‍ പങ്കെടുത്തു. ഡ്രോണ്‍ അടക്കമുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള നിരീക്ഷണത്തില്‍ ഉച്ചയോടെ പത്തോളം ആനകളെ ഇവിടെ വിവിധ ബ്ലോക്കുകളിലായി കണ്ടെത്തി. സാഹസികമായ ശ്രമത്തിലൂടെ ഇതില്‍ 9 എണ്ണത്തെ രാത്രിയും പിറ്റേന്ന് പുലര്‍ച്ചയുടെയും വനത്തിലേക്ക് കയറ്റിവിടാന്‍ വനപാലകര്‍ക്കായി. ഇവ വീണ്ടും ഫാമിലേക്കു കടന്നുവരാതിരിക്കാനുള്ള സുരക്ഷയും ഒരുക്കിയിട്ടുണ്ട്

ശേഷിക്കുന്നവയെ കാടുകയറ്റാന്‍ രണ്ടു ദിവസങ്ങളില്‍ നടത്തിയ ശ്രമം പരാജയപ്പെട്ടെങ്കിലും അടുത്ത ദിവസം അവയേയും തുരത്തി. ചൊവ്വാഴ്ച ഉച്ചയോടെയാണ് ഏറെ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച മോഴ ആനയടക്കം അഞ്ചെണ്ണത്തെകൂടി കാട്ടിലേക്ക് കയറ്റിവിടാന്‍ വനപാലകര്‍ക്ക് കഴിഞ്ഞത്. ഇതോടെ ഫാമില്‍ കാലങ്ങളായി തമ്പടിച്ചു കിടന്ന മുഴുവന്‍ ആനകളെയും കാട്ടിലേക്ക് കടത്തിവിടാന്‍ സാധിച്ചതായി ആറളം അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ കെ.വി. ജയപ്രകാശ്, കണ്ണൂര്‍ ആര്‍ആര്‍ടി ഡപ്യൂട്ടി റെയിഞ്ചര്‍ വി. ഹരിദാസന്‍ എന്നിവര്‍ പറഞ്ഞു.   

കോട്ടപ്പാറയില്‍ ആനകള്‍ തകര്‍ത്ത ആനമതില്‍ വഴിയാണ് ആനകളെ മുഴുവന്‍ വനത്തിലേക്ക് തുരത്തി വിട്ടിരിക്കുന്നതെന്നും ഇത് വഴി ആനകള്‍ ഫാമിന്റെ അധീന മേഖലകളിലേക്ക് കടന്നുവരാതിരിക്കാന്‍ മതിയായ സുരക്ഷയും ജാഗ്രതയും വനംവകുപ്പ് ഒരുക്കിയിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു. ഇവരെ കൂടാതെ ആറളം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ കെ.പി.അനൂപ് കുമാര്‍, അസി. കൊട്ടിയൂര്‍ റെയിഞ്ചര്‍ പി.ബിനു, ഡെപ്യൂട്ടി റെയിഞ്ചര്‍ കെ.വി.ആനന്ദന്‍, ബത്തേരി ആര്‍ആര്‍ടി റെയിഞ്ച് ഫോറസ്റ്റര്‍ സുനില്‍ കുമാര്‍, കണ്ണൂര്‍ ഡെപ്യൂട്ടി റെയിഞ്ചര്‍മാരായ ജയേഷ്, ഷാജി, ഫോറസ്റ്റര്‍ ജിജില്‍, പാലക്കാട്, വയനാട് എന്നിവിടങ്ങളിലെ നൂറ്റമ്പപതിലേറെ ഉദ്യോഗസ്ഥര്‍ എന്നിവരാണ് ആനകളെ തുരത്തല്‍ നടപടികളില്‍ പങ്കെടുത്തത്.   

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.