നാട്ടാനകളുടെ സമ്പൂര്‍ണ്ണ വിവരങ്ങള്‍ ഇനി വിരല്‍തുമ്പില്‍; ഡിഎന്‍എ ഡാറ്റാബേസ് തയ്യാറായി

Tuesday 18 December 2018 9:04 pm IST

 

കണ്ണൂര്‍: സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഓരോ നാട്ടാനയുടെയും അനന്യതയും സവിശേഷതയും തിരിച്ചറിയാനും കൃത്യതയോടെ സൂക്ഷിക്കാനും ഉപകരിക്കുന്ന ഡിഎന്‍എ ഡാറ്റാബേസ് തയ്യാറായി. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ സാങ്കേതിക സഹായത്തോടെ വനം വകുപ്പാണ് രാജ്യത്തിന് തന്നെ മാതൃകയായ ഈ പദ്ധതി വിജയപഥത്തില്‍ എത്തിച്ചത്. ഇതോടെ സംസ്ഥാനത്തെ മുഴുവന്‍ നാട്ടാനകളുടെയും ഡിഎന്‍എ പ്രോഫൈലിംഗ് നടത്തിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി കേരളം മാറി.

വനംവകുപ്പ് ശേഖരിച്ചുനല്‍കിയ നാട്ടാനകളുടെ രക്തസാമ്പിളുകളില്‍ നിന്നും മൈക്രോ സാറ്റലൈറ്റ് മാര്‍ക്കേഴ്‌സ് സങ്കേതങ്ങള്‍ ഉപയോഗിച്ചാണ് ഓരോ ആനകളുടെയും ഡിഎന്‍എ ഫിംഗര്‍ പ്രിന്റുകള്‍ തയ്യാറാക്കിയിരിക്കുന്നത്. സംസ്ഥാനത്തുള്ള 519 നാട്ടാനകളുടെ സമ്പൂര്‍ണ്ണ വിവരങ്ങളാണ് ഇപ്പോള്‍ ഡേറ്റാബേസിലുള്ളത്. ലഭ്യമായ വിവരങ്ങള്‍ പ്രായോഗിക തലത്തില്‍ ഉപയോഗപ്രദമാക്കുന്നതിന് പ്രത്യേക മൊബൈല്‍ ആപ്പ് നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാന വനം വകുപ്പ്. 

ആന ഉടമസ്ഥര്‍ക്ക് നല്‍കുന്ന ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റിനോടൊപ്പം ഇനിമുതല്‍ ഡിഎന്‍ എ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയ ക്യൂആര്‍ കോഡ് സഹിതമുള്ള തിരിച്ചറിയല്‍ കാര്‍ഡും വകുപ്പ് നല്‍കും. ആനയുടെ സവിശേഷതയും ഉടമസ്ഥാവകാശവും സംബന്ധിച്ച് തര്‍ക്കങ്ങളോ പരാതികളോ ഉയര്‍ന്നുവരുന്ന സന്ദര്‍ഭങ്ങളില്‍ കൃത്യവും സൂക്ഷ്മവും സുതാര്യവുമായ തീരുമാനങ്ങള്‍ വേഗത്തില്‍ കൈകൊള്ളാന്‍ ഈ ഡേറ്റാ ബേസ് സഹായിക്കും. 

പദ്ധതിയുടെ പ്രോജക്ട് റിപ്പോര്‍ട്ടും ഡിഎന്‍എ ഫിംഗര്‍ പ്രിന്റ് വിശദാംശങ്ങളും രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി ഡയറക്ടര്‍ പ്രൊഫ.എം.രാധാകൃഷ്ണപിള്ള മുഖ്യ വനം വകുപ്പ് മേധാവിയും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനുമായ പി.കെ.കേശവന് കൈമാറി. നാട്ടാനകളുടെ ചിത്രങ്ങളും മറ്റു വിവരങ്ങളും ഉള്‍പ്പെടുത്തിയ തിരിച്ചറിയല്‍ കാര്‍ഡുകളും ചടങ്ങില്‍ പ്രകാശനം ചെയ്തു. 

രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ നടന്ന ചടങ്ങില്‍ ബയോഡൈവേഴ്‌സിറ്റി സെല്‍ എപിസിസിഎഫ്. പത്മാ മഹന്തി ആമുഖ പ്രഭാഷണം നടത്തി. പ്രോജക്ട് സയന്റിസ്റ്റും അസോ.ഡീനുമായ ഡോ.ഇ.വി.സോണിയ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചടങ്ങിന് ആര്‍ജിസിബി ഡീന്‍ ഡോ.കെ.സന്തോഷ് കുമാര്‍ സ്വാഗതവും അസി.ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി.പ്രവീണ്‍ നന്ദിയും പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.