നിഷാദ് തിരോധാനക്കേസ്: സലീം കൃത്യം നടപ്പാക്കിയത് ബന്ധം മുതലെടുത്ത്

Tuesday 18 December 2018 9:05 pm IST

 

കണ്ണൂര്‍: മമ്പറം പറമ്പായിയിലെ ബിജെപി പ്രവര്‍ത്തകന്‍ നിഷാദിനെ മതതീവ്രവാദികള്‍ ആസൂത്രിതമായി ഇല്ലാതാക്കിയത് കേസിലെ പ്രധാന പ്രതി പി.എ.സലീമുമായി നിഷാദിനുള്ള ബന്ധം മുതലെടുത്തെന്ന് സൂചന. അയല്‍വാസിയായ സലീമുമായി നിഷാദിന് അടുത്ത ബന്ധമാണുണ്ടായിരുന്നത്. നേരത്തെ ഡിവൈഎഫ്‌ഐയുടെ സജീവ പ്രവര്‍ത്തകനായിരുന്ന സലീം തടിയന്റവിട നസീറുമായി പരിചയപ്പെട്ടതോടെയാണ് ഭീകരവാദത്തിലേക്ക് തിരിഞ്ഞത്. സലീമിന്റെയും സംഘത്തിന്റെയും തീവ്രവാദബന്ധങ്ങള്‍ നിഷാദിന്റെ ശ്രദ്ധയില്‍പ്പെട്ടതാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രദേശവാസികള്‍ നല്‍കുന്ന സൂചന. ഇരുപത്തിയഞ്ച് ലക്ഷം രൂപ ക്വട്ടേഷന്‍ വാങ്ങി താനും സംഘവും നിഷാദിനെ കൊലചെയ്ത് കുഴിച്ച് മൂടിയെന്നാണ് സലീം എന്‍ഐഎ സംഘത്തിന് നല്‍കിയ മൊഴി. 

നിഷാദുമായുള്ള വ്യക്തിബന്ധമുപയോഗിച്ച് ഫോണ്‍ചെയ്ത് വിളിച്ച് വരുത്തി തന്ത്രപൂര്‍വ്വം കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് സൂചന. നിഷാദിന്റെ തിരോധാനം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കളും കര്‍മ്മസമിതിയും നല്‍കിയ പരാതികളിലും ഇത് വ്യക്തമാക്കിയിരുന്നു. പറമ്പായിയും പരിസര പ്രദേശങ്ങളും തീവ്രവാദശക്തികളുടെ വിഹാര കേന്ദ്രമായിട്ട് വര്‍ഷങ്ങളായി. ബംഗളൂരു സ്‌ഫോടനക്കേസില്‍ പ്രതിയായ സലീം പത്ത് വര്‍ഷം ഒളിവില്‍ കഴിഞ്ഞത് പറമ്പായിയിലും പരിസര പ്രദേശങ്ങളിലുമായിരുന്നു. വിവിധ സംഘടനകളുമായി സലീമിനുണ്ടായിരുന്ന സജീവ ബന്ധം കാരണമാണ് ലോക്കല്‍ പോലീസിന് അറസ്റ്റ് ചെയ്യാന്‍ സാധിക്കാതിരുന്നത്. പകല്‍ മറ്റ് സംഘടനകളില്‍ പ്രവര്‍ത്തിച്ചിരുന്ന സലീം രാത്രിയുടെ മറവിലാണ് തീവ്രവാദ പ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞത്. കളമശ്ശേരി കളവുകേസില്‍ ഉള്‍പ്പടെ പ്രതിയായ സലീം സുരക്ഷിതമായി നാട്ടില്‍ തന്നെ കഴിഞ്ഞതും ഇത്തരത്തിലുള്ള ബന്ധമുപയോഗിച്ചാണ്. 

മൊഴിയുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് സംഘം പതിനൊന്ന് ദിവസം കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്ത് പരിശോധന നടത്തിയെങ്കിലും തെളിവുകളൊന്നും കണ്ടെത്താന്‍ സാധിച്ചില്ല. കൂട്ടുപ്രതികളെന്ന് സംശയിക്കുന്ന രണ്ടു പേര്‍ വിദേശത്ത് കടന്നതായാണ് സൂചന. എന്‍ഐഎക്ക് സലീം കൃത്യമായി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തെളിവെടുപ്പ് നടത്തിയിട്ടും ക്രൈം ബ്രാഞ്ചിന് കേസില്‍ തുമ്പുണ്ടാക്കാന്‍ സാധിക്കാത്തതിലും നിഷാദിന്റെ ബന്ധുക്കള്‍ക്കും കര്‍മ്മസമിതിക്കും പ്രതിഷേധമുണ്ട്. 

നിഷാദ് തിരോധാനക്കേസില്‍ മതതീവ്രവാദികള്‍ക്ക് കൃത്യമായ പങ്കുണ്ടെന്നും പിന്നില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്നുമാണ് കര്‍മ്മസമിതി ആരോപിക്കുന്നത്. പ്രതികളെന്ന് സംശയിക്കുന്ന രണ്ടു പേര്‍ വിദേശത്ത് കടന്നത് അന്താരാഷ്ട്ര ഗൂഡാലോചനയുടെ തെളിവാണ്. കൃത്യത്തില്‍ മതതീവ്രവാദികളുടെ പങ്കുള്ളതിനാല്‍ തുടരന്വേഷണം എന്‍ഐഎ ഏറ്റെടുക്കണമെന്നാണ് കര്‍മ്മസമിതിയുടെ ആവശ്യം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.