എം പാനല്‍ കണ്ടക്ടര്‍മാരുടെ പിരിച്ചുവിടല്‍ ജില്ലയില്‍ കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനം താളം തെറ്റി

Tuesday 18 December 2018 9:05 pm IST

 

കണ്ണൂര്‍: എം പാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടതോടെ ഇന്നലെ പ്രതിസന്ധിയിലായത് ദീര്‍ഘദൂര യാത്രക്കാര്‍. ദീര്‍ഘദൂര ബസ്സുകളില്‍ മിക്കതിലും ജോലി ചെയ്യുന്നത് എം പാനല്‍ ജീവനക്കാരാണ്. സ്ഥിരം ജീവനക്കാര്‍ക്ക് നല്‍കുന്നതിലും കുറഞ്ഞ വേതനത്തിനാണ് എം പാനല്‍ ജീവനക്കാര്‍ ജോലി ചെയ്യുന്നത്. കണ്ണൂര്‍, പയ്യന്നൂര്‍, തലശ്ശേരി ഡിപ്പോകളില്‍ നിന്ന് 152 എം പാനല്‍ ജീവനക്കാരെയാണ് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പിരിച്ചുവിട്ടത്. ഇരുപതോളം സര്‍വ്വീസുകളാണ് ഇന്നലെ വെട്ടിക്കുറച്ചതെന്നാണ് അധികൃതര്‍ പറഞ്ഞത്. നിലവിലുള്ള ജീവനക്കാര്‍ക്ക് അധിക ഡ്യൂട്ടി നല്‍കിയാണ് ഇന്നലെ സര്‍വ്വീസുകള്‍ നിലനിര്‍ത്തിയത്. എന്നാല്‍ ദീര്‍ഘദൂര ബസ്സുകളില്‍ അധിക ഡ്യൂട്ടി പ്രായോഗികമല്ല. 

നിലവിലുള്ള ജീവനക്കാര്‍ക്ക് അധിക ഡ്യൂട്ടി നല്‍കിയാണ് ഇന്നലെ മിക്ക സര്‍വ്വീസുകളും നിലനിര്‍ത്തിയത്. എന്നാല്‍ ഇന്നത്തോടെ കൂടുതല്‍ സര്‍വ്വീസുകള്‍ നിര്‍ത്തലാക്കേണ്ടി വരുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. പ്രതിസന്ധി മറികടക്കാന്‍ കണ്ടക്ടര്‍ ലൈസന്‍സുള്ള മെക്കാനിക്കല്‍ ജീവനക്കാരെ താല്‍ക്കാലികമായി നിയോഗിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. 

കണ്ണൂരില്‍ നിന്ന് മംഗലാപുരത്തേക്ക് പോകുന്ന യാത്രക്കാരെയാണ് കെഎസ്ആര്‍ടിസി ബസ്സുകളുടെ സര്‍വ്വീസിലുണ്ടാകുന്ന കുറവ് ഏറെ ബാധിച്ചത്. മംഗലാപുരം ദേശസാല്‍കൃത റൂട്ടായതിനാല്‍ സ്വകാര്യ ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നില്ല. നിലവിലുള്ള പെര്‍മിറ്റുകളുടെ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ പുതുക്കി നല്‍കേണ്ടെന്നാണ് കോടതി ഉത്തരവ്. മംഗലപുരത്തേക്കുള്ള യാത്രയ്ക്ക് പ്രധാനമായും കെഎസ്ആര്‍ടിസി ബസ്സുകളെയാണ് യാത്രക്കാര്‍ ആശ്രയിക്കുന്നത്. പകല്‍ സമയങ്ങളില്‍ മംഗലാപുരത്തേക്കുള്ള ട്രെയിനുകളുടെ എണ്ണവും കുറവാണ്. മലയോര മേഖലകളിലേക്കുള്ള സര്‍വ്വീസുകള്‍ റദ്ദാക്കിയത് നിരവധി പേരെ ദുരിതത്തിലാക്കി. ശ്രീകണ്ഠാപുരം, ആലക്കോട്, പിണറായി, പേരാവൂര്‍ തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള സര്‍വ്വീസുകള്‍ ഇന്നലെ ഭാഗികമായി മുടങ്ങി. പിഎസ്‌സി ലിസ്റ്റില്‍ നിന്ന് നിയമനം നടത്തിയാലും പുതിയ കണ്ടക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കി ഡ്യൂട്ടിക്ക് നിയോഗിക്കുന്നതുവരെ പ്രതിസന്ധി തുടരും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.