കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ തുടര്‍ തോല്‍വികള്‍ക്കു പിന്നാലെ മുഖ്യ പരിശീലക സ്ഥാനത്ത് നിന്ന് ഡേവിഡ് ജെയിംസിനെ കേരള ബ്ലാസ്റ്റേഴ്സ് പുറത്താക്കി. സീസണില്‍ 12 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബ്ലാസ്റ്റേഴ്സിന് ഒരു മത്സരം മാത്രമാണ് ജയിക്കാനായാത്. കഴിഞ്ഞ മത്സരത്തില്‍ മുംബൈ സിറ്റിയോട് 6-1ന് ദയനീയമായി തോറ്റതോടെയാണ് കോച്ചിന്റെ പുറത്താകലിന് വഴിയൊരുങ്ങിയത്.
അതേസമയം ഡേവിഡ് ജെയിംസും ടീം മാനേജ്മെന്റും പരസ്പര ധാരണയോടെയാണ് തീരുമാനമെടുത്തതെന്ന് കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗിക പത്രക്കുറിപ്പില്‍ അറിയിച്ചു. അഞ്ചു സീസണുകള്‍ക്കിടെ മോശം പ്രകടനത്തെ തുടര്‍ന്ന് ബ്ലാസ്റ്റേഴ്സ് വിടുന്ന മൂന്നാമത്തെ പരിശീലകനാണ് ഡേവിഡ് ജെയിംസ്. 2015ല്‍ പീറ്റര്‍ ടെയ്ലറും കഴിഞ്ഞ സീസണില്‍ റെനെ മ്യൂലെസ്റ്റീനും ബ്ലാസ്റ്റേഴ്സിന്റെ പരിശീലക സ്ഥാനത്ത് നിന്ന് ഒഴിഞ്ഞിരുന്നു. 2021 വരെ കരാറുണ്ടായിരുന്ന മുന്‍ ഇംഗ്ലീഷ് ഗോള്‍കീപ്പറായ ഡേവിഡ് ജെയിംസ് ഒരു വര്‍ഷം പോലും തികയ്ക്കാതെയാണ് ബ്ലാസ്റ്റേഴ്സിന്റെ പരിശീലക കുപ്പായം അഴിച്ചുവെക്കുന്നത്.
2014ല്‍ പ്രഥമ ഐഎസ്എല്‍ സീസണില്‍ താരമായും പരിശീലകന്റെ റോളിലും ബ്ലാസ്റ്റേഴിനൊപ്പം നിന്ന് ടീമിനെ ഫൈനല്‍ വരെ എത്തിച്ച മുന്‍ ഇംഗ്ലീഷ് താരത്തെ കഴിഞ്ഞ സീസണ് പകുതിക്കിടെയാണ് മാനേജ്മെന്റ് വീണ്ടും പരിശീലക സ്ഥാനത്തേക്ക് തിരിച്ചു കൊണ്ടുവന്നത്. റെനെ മൂല്യന്സ്റ്റീന് പകരക്കാരനായിട്ടായിരുന്നു ഡേവിഡ് ജെയിംസിന്റെ വരവ്.
അടുത്ത മൂന്നു വര്‍ഷത്തേക്കായിരുന്നു കരാര്‍. ജനുവരി മൂന്നിന് ഹെഡ് കോച്ചായി ചുമതലയേറ്റ ഡേവിഡ് ജെയിംസ് താരങ്ങളുടെ തെരഞ്ഞെടുപ്പിലും മറ്റും മാനേജ്മെന്റിനും ആരാധകര്‍ക്കും ഏറെ പ്രതീക്ഷ നല്‍കിയിരുന്നു. ഉദ്ഘാടന മത്സരത്തില്‍ എടികെയോട് എവേ മത്സരത്തില്‍ ജയിക്കുകയും ചെയ്തതോടെ പ്രതീക്ഷകള്‍ വര്‍ധിച്ചു. എന്നാല്‍ പിന്നീടുള്ള പതിനൊന്ന് മത്സരങ്ങളിലും ടീമിന് ജയിക്കാനായില്ല. ആരാധകരുടെ വന്‍ പിന്തുണ ഉണ്ടായിട്ടും ഹോം ഗ്രൗണ്ടില്‍ പോലും ഒരു മത്സരം ജയിക്കാനായില്ല. ഇതോടെ ക്ലബ്ബിന്റെ ദയനീയ പ്രകടനത്തിന് കാരണം കോച്ചിന്റെ തന്ത്രമില്ലായ്മയാണെന്നും ഹെഡ് കോച്ചിനെ മാറ്റണമെന്നും ആരാധകര്‍ക്കിടയില്‍ ശക്തമായ ആവശ്യമുയര്‍ന്നു.
സീസണില്‍ 12 മത്സരങ്ങളില്‍ നിന്ന് ഒരു ജയവും അഞ്ചു തോല്‍വിയും ആറു സമനിലയുമായി ഒമ്പത് പോയിന്റ് മാത്രമുള്ള ബ്ലാസ്റ്റേഴ്സ് ലീഗില്‍ എട്ടാം സ്ഥാനത്താണ്. . ഡേവിഡ് ജെയിംസ് ടീമിന് നല്കിയ സേവനത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സ് നന്ദി പ്രകാശിപ്പിക്കുന്നതായും അദ്ദേഹത്തിന് എല്ലാ ആശംസകളും നേരുന്നതായും കേരളാ ബ്ലാസ്റ്റേഴ്സ് സിഇഒ വരുണ്‍ ത്രിപുരനേനി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ടീമംഗങ്ങള്‍ക്കും മാനേജ്മെന്റിനും ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്കും നന്ദി അറിയിക്കുന്നതായി ഡേവിഡ് ജെയിംസ് വിടവാങ്ങല്‍ സന്ദേശത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: