ചരാചരങ്ങളില്‍ നിറയുന്ന ധര്‍മം

Wednesday 19 December 2018 5:00 am IST

ധര്‍മ്മം എന്ന വാക്കിന് ദാര്‍ശനികമായി പല അര്‍ത്ഥങ്ങള്‍ ഉണ്ടെങ്കിലും ഇവിടെ ചേരുന്നത് ധരിക്കുന്നത്, അതായത്് നിലനിര്‍ത്തുന്നത്് എന്നതാണ്. സത്യത്തില്‍ ചരവും അചരവും ആയ സകല വസ്തുക്കളിലും ഇതുണ്ട്. ധര്‍മ്മം ഇല്ലാതെ ആയാല്‍ അവയ്്‌ക്കെവിടെ നിലനില്‍പ്പ്? ബോധപരിണാമത്തിന്റെ ഉപരിശ്രേണികളില്‍ നിലക്കൊള്ളുന്ന മനുഷ്യനാണ് ഈ ധര്‍മ്മത്തെക്കുറിച്ച് ബോധവാനാകാന്‍ കഴിയുന്നത്. അതായത് ധര്‍മ്മബോധം ഉള്‍ക്കൊണ്ടുകൊണ്ട് ജീവിക്കുവാന്‍ കഴിയുന്നത്, സ്വാതന്ത്ര്യത്തെ ആവിഷ്‌കരിക്കാന്‍ കഴിയുന്നത്. ഈ ധര്‍മ്മം നാലു തരത്തിലാണ്-

1. വ്യക്തിയുടെ ശരീര, മനോ, ബുദ്ധി തലങ്ങളിലെ ആരോഗ്യത്തിനു ഹാനികരമാകാത്ത എന്തും ചെയ്യാന്‍ ഒരു വ്യക്തിക്ക് സ്വാതന്ത്ര്യമുണ്ട്.  

2. കുടുംബജീവിതത്തിന്റെ ഭദ്രതക്കു കോട്ടം വരുത്താത്തതെന്തും ചെയ്യാന്‍ കുടുംബാംഗങ്ങള്‍ക്കു സ്വാതന്ത്യമുണ്ട്.     

3. സാമൂഹ്യ/ ദേശീയജീവിതത്തിന്റെ സുഗമമായ ഗതിയെ തടസ്സപ്പെടുത്താത്തതെന്തും ചെയ്യാന്‍ ആ സമൂഹത്തിലെ / രാഷ്ട്രത്തിലെ ജനങ്ങള്‍ക്കു സ്വാതന്ത്ര്യമുണ്ട്.

4. മേല്‍പ്പറഞ്ഞ മൂന്നു സത്തകളുടെയും നിലനില്‍പ്പിന്് ആധാരമായ പ്രകൃതി (കാടും മേടും പുഴയും സസ്യജന്തുജാലങ്ങളുമെല്ലാം അടങ്ങുന്ന സത്ത- മദര്‍ നേച്ചര്‍) യെ വേദനിപ്പിക്കാത്ത തരത്തില്‍ എന്തും ചെയ്യാന്‍ മനുഷ്യന് സ്വാതന്ത്ര്യമുണ്ട്.

 മനുഷ്യജീവിതത്തിന്റെ സുഗമമായ മുന്നോട്ടുപോക്കിന്, മാനവികതയുടെ നിലനില്‍പ്പിന് നാം ജീവിതത്തിന്റെ എല്ലാ തലങ്ങളിലും ഈ ധര്‍മ്മാചരണം നടത്തിയേ തീരൂ. ആചാരാനുഷ്ഠാനസംഘാതത്തിന്റെ ഘടകങ്ങളായ വിവിധസമ്പ്രദായങ്ങള്‍ക്കും ഇതു ബാധകമാണ് എന്നു കാണാം. എന്തിനും ഇവിടെ ഒരു പരിധി ഉണ്ട് എന്നത്് നമുക്കെല്ലാം അനുഭവമുള്ളതാണല്ലോ. അത് ഈ ദ്വൈതലോകത്തിന്റെ മാറ്റാന്‍ കഴിയാത്ത പരിമിതി ആണ്. അനന്തതയുടെ പരിമിതാവസ്ഥ ആണല്ലോ ഭൗതികപ്രപഞ്ചം.

 ശബരിമല: ഒരു 

ഉദാഹരണപഠനം

മുകളില്‍ സൂചിപ്പിച്ചതുപോലെ ശബരിമലയിലെ ക്ഷേത്രവുമായി ബന്ധപ്പെട്ട് അഞ്ചുതരം ആരാധനാപദ്ധതികള്‍ നിലവിലുണ്ടെന്നു കാണാം. തദ്ദേശവാസികളായ മലഅരയസമുദായത്തിന്റേയാണ് ഒന്ന്. തേനഭിഷേകം, പൊന്നമ്പലമേട്ടിലെ ജ്യോതിപ്രജ്വാലനം തുടങ്ങിയവയുടെ പാരമ്പര്യം അവര്‍ക്കവകാശപ്പെട്ടതാണല്ലോ. രണ്ടാമത്തേത് തമിഴകത്ത് ഇന്നും നിലവിലുള്ള അയ്യനാര്‍ എന്ന ഗ്രാമദേവതയുമായി ബന്ധപ്പെട്ട പദ്ധതി ആണ്. ഡോക്ടര്‍ എസ്. ഗണപതിരാമന്‍ എഴുതിയ മൈനര്‍ ഡയറ്റീസ് ഓഫ് തിരുനെല്‍വേലി എന്ന തമിഴ്പുസ്തകത്തില്‍ (തിരുമകള്‍ നൂലകം) ഈ ദേവതാസങ്കല്‍പ്പം, ഉപദേവതകള്‍ (ആകെ 21), ആരാധനാരീതി എന്നിവ വിവരിക്കുന്നുണ്ട്. മകരസംക്രമത്തോടനുബന്ധിച്ച് നടത്തിവരുന്ന തിരുവാഭരണങ്ങള്‍ ചാര്‍ത്തല്‍ എന്ന ചടങ്ങ്, നാലാങ്കല്‍ കൃഷ്ണപിള്ള നല്‍കുന്ന തിരുവാഭരണവിവരണം (മഹാക്ഷേത്രങ്ങള്‍ക്കു മുന്നില്‍), തിരുനട അടക്കുന്നതിന്റെ ഭാഗമായി യോഗദണ്ഡ്, കമണ്ഡലു എന്നിവ ധരിപ്പിക്കലും, ഭസ്മാഭിഷേകവും എന്നിവയെ മേല്‍പ്പറഞ്ഞ തമിഴ്പുസ്തകത്തിലെ വിവരണവുമായി ചേര്‍ത്തു വായിക്കുമ്പോള്‍ ഇതു വ്യക്തമാകും. 

മൂന്നാമത്തേതും നാലാമത്തേതും കേരളത്തിലെ നമ്പൂതിരിമാര്‍ അനുസരിച്ചുവരുന്ന വൈദിക- താന്ത്രിക ക്ഷേത്രപദ്ധതിയിലെ വൈദികഘടകങ്ങളും താന്ത്രികഘടകങ്ങളും ആണ്. കേരളക്കരയിലെ ഈ ക്ഷേത്രപദ്ധതിക്ക് ഭാരതത്തിലെ മറ്റു ഭാഗങ്ങളില്‍ നടപ്പിലുള്ളവയെ അപേക്ഷിച്ച് ചില സവിശേഷതകള്‍ ഉണ്ട്. ഉദാഹരണത്തിന് ഇവിടെ തന്ത്രിക്കും ശിഷ്യനായ ശാന്തിക്കാരനും മാത്രമേ ശ്രീകോവിലിനുള്ളില്‍ കടന്നു പൂജ ചെയ്യാന്‍ പാടുള്ളൂ. തന്ത്രസമുച്ചയത്തില്‍ ഈ പദ്ധതിയെ വിവരിക്കുന്നു. വൈദികം, താന്ത്രികം ഇവയില്‍ വെച്ച് വൈദികം കര്‍മ്മപരമായ ശുദ്ധിക്കു(റിച്വല്‍ പ്യൂരിറ്റി) പരമപ്രാധാന്യം കൊടുക്കുന്നു. 'ശുദ്ധവും വൃത്തിയും' മുറുകെ പിടിക്കുന്നവരാണല്ലോ നമ്പൂതിരിമാര്‍. ശാന്തിച്ചുത്തം എന്ന ഒരു ശുദ്ധാചരണം തന്നെ ശാന്തിക്കാര്‍ പാലിച്ചു വരുന്നു. യജുര്‍വേദം (13. 1), യജുര്‍വേദബ്രാഹ്മണത്തിലെ വിശ്വരൂപന്റെ കഥ (ഈ കഥ ചില പരിഷ്‌കാരങ്ങളോടു കൂടി വിഷ്ണുഭാഗവതത്തിലും കാണാം) എന്നിവയും ഈ ശുദ്ധാചരണവുമായി ബന്ധപ്പെട്ടതാണ്. താന്ത്രികഘടകങ്ങളില്‍ ഇവിടെ എടുത്തു പറയേണ്ടവ പ്രതിഷ്ഠിക്കപ്പെടുന്ന ദേവതയുടെ ഭാവവും അതു കണക്കിലെടുത്തുകൊണ്ടുള്ള പടിത്തരം തയ്യാറാക്കലുമാണ്. 

അഞ്ചാമത്തേതാണ്  അയ്യപ്പന്റെ ചരിത്രവുമായി ബന്ധപ്പെട്ട ആരാധനാപദ്ധതി. നാല്‍പ്പത്തിഒന്നു ദിവസം വ്രതമെടുത്ത് ഇരുമുടിക്കെട്ടുമായി മല ചവിട്ടുന്ന സമ്പ്രദായം ഇതിന്റെ പ്രത്യേകതയാണ്. വിദ്വാന്‍ കുറുമുള്ളൂര്‍ നാരായണപിള്ള 1946-ല്‍ എഴുതിയ ഭൂതനാഥസര്‍വസ്വം എന്ന മലയാളപുസ്തകത്തില്‍ ഈ പദ്ധതിയെ വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഈ അയ്യപ്പാരാധനയുടെ മൂലഗ്രന്ഥം ഭൂതനാഥോപാഖ്യാനം എന്ന സംസ്‌കൃതഗ്രന്ഥമാണെന്നും അതിന് കല്ലറക്കല്‍ കൃഷ്ണന്‍ കര്‍ത്താവ് ഭൂതനാഥോപാഖ്യാനം കിളിപ്പാട്ട് എന്ന പേരില്‍ ഒരു പരിഭാഷ എഴുതി എന്നും കുറുമുള്ളൂര്‍ നാരായണപിള്ള പ്രസ്താവിക്കുന്നുണ്ട്. ശാസ്താവ്, അയ്യപ്പന്‍ എന്നീ ദേവതാസങ്കല്‍പ്പങ്ങളുമായി ബന്ധപ്പെട്ട,് എം. ജി. ശശിഭൂഷണ്‍ തന്റെ കേരളീയരുടെ ദേവതാസങ്കല്‍പ്പം എന്ന പുസ്തകത്തില്‍, നല്‍കുന്ന വിവരങ്ങളും വളരെ പ്രയോജനപ്രദമാണ്.

പണ്ടൊക്കെ ഒരു പനി വന്നാല്‍ ഡോക്ടര്‍ അനാസിന്‍ മുതലായവയില്‍ ഒരു ഗുളിക എഴുതിത്തരും. പക്ഷേ ഇന്ന് ആദ്യം രക്തം പരിശോധിക്കാന്‍ പറയും. ആ പരിശോധനയിലൂടെ വെളിവാകുന്ന ആ പനി ഉണ്ടാക്കുന്ന പ്രത്യേകതരം അണുവിനെ തിരിച്ചറിഞ്ഞ് അതിനു പറ്റിയ മരുന്നു തരും. അതുപോലെ ഒരു ഹിന്ദു ആരാധനാകേന്ദ്രത്തിലെ ഏതെങ്കിലുമൊരു ആചാരത്തെ മനസ്സിലാക്കണമെങ്കില്‍ മേല്‍വിവരിച്ചതുപോലെ ഏതെല്ലാം പദ്ധതികളാണ് അവിടെ ഇഴചേര്‍ന്നിരിക്കുന്നത് എന്നും അവയില്‍ ഏതു പദ്ധതിയുമായി ബന്ധപ്പെട്ടതാണ് നാം തേടുന്ന ആചാരം എന്നും അറിയണം. പരിഷ്‌ക്കരണം വേണമോ വേണ്ടയോ എന്നു തീരുമാനിക്കാന്‍ ആ ആചാരം ഉള്‍ക്കൊള്ളുന്ന പദ്ധതിയില്‍ ആ ആചരണത്തിന്റെ യുക്തി എന്താണ് എന്നറിഞ്ഞ,് ഇന്നത്തെ അതിന്റെ ശരിതെറ്റുകള്‍, മേല്‍വിവരിച്ച ധാര്‍മ്മികതയുടെ അടിസ്ഥാനത്തില്‍ വിലയിരുത്തേണ്ടതാണ്. മാത്രമല്ല ആ ആചാരം പാലിച്ചുവരുന്നവരുടെ ശങ്കകള്‍ (ഫോബിയ) മനശ്ശാസ്ത്രപദ്ധതിപ്രകാരം ദൂരീകരിക്കുകയും വേണം. കുഴിക്കാട്ടു പച്ചയില്‍ ഈ വിഷയത്തില്‍ ശ്രദ്ധേയമായ ഒരു വാചകം ഉണ്ട്- സകലവസ്തുക്കള്‍ക്കും അതി േ  ല്‍ പറ്റിയിട്ടുള്ളതിനെ ജുഗുപ്‌സ തോന്നാത്തിടത്തോളം ഈ വിധം ശുദ്ധി ചെയ്യുകയും ജുഗുപ്‌സ തോന്നുന്നുവെങ്കില്‍ കളക തന്നെയും വേണം (പത്താം പടലം, പുറം. 337).

അവസാനിച്ചു.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.