മുക്കിക്കൊന്നു, ഇനി ഞെക്കിക്കൊല്ലല്ലേ...

Thursday 20 December 2018 1:32 am IST
ഡാമുകള്‍ തുറന്ന് ജനത്തെ പ്രളയത്തില്‍ മുക്കിയ വൈദ്യുതി ബോര്‍ഡ്, നിരക്കു വര്‍ധനയിലൂടെ ജനത്തെ ഞെക്കിക്കൊല്ലാനുള്ള തയ്യാറെടുപ്പിലാണ്. ബോര്‍ഡിന്റ ഈ കെണിയില്‍ താരിഫ് റഗുലേറ്ററി കമ്മീഷന്‍ വീഴാതിരിക്കാന്‍ പ്രാര്‍ഥിക്കാം.

സംസ്ഥാന വൈദ്യുതിബോര്‍ഡ് നിരക്കു വര്‍ദ്ധനയ്ക്ക് വേണ്ടി താരിഫ് റെഗുലേറ്ററി കമ്മിഷനെ സമീപിച്ചിട്ടുണ്ടെന്നു കേട്ടു. നാലു വര്‍ഷത്തേയ്ക്കായി വേണം പുതിയ നിരക്കു  നിശ്ചയിക്കാന്‍ എന്നും ആവശ്യപ്പെട്ടിട്ടുണ്ടത്രെ. പ്രളയം മൂലം വന്ന നഷ്ടം, മുഖ്യമന്ത്രിക്ക് ദുരിതാശ്വാസ ഫണ്ടിലേക്ക് കൊടുത്തത്, പ്രസാരണനഷ്ടം, കിട്ടാക്കടം, കെടുകാര്യസ്ഥത തുടങ്ങി 1000 കോടിയിലധികം രൂപയുടെ നഷ്ടം. ജീവനക്കാര്‍ ടര്‍ബൈന്‍ നശിപ്പിച്ച് ചെയ്ത സമരത്തിന്റെ നഷ്ടം വരെ ഇതില്‍ പെടും. അതിനാല്‍ 1100 കോടി രൂപ ഉപഭോക്താക്കളില്‍ നിന്ന് പിഴിഞ്ഞ് നല്‍കണമെന്നും അല്ലെങ്കില്‍ ശമ്പളവും പെന്‍ഷനും മുടങ്ങുമെന്നും സൂചിപ്പിച്ചുകൊണ്ടാണ് അപേക്ഷ നല്‍കിയിരിക്കുന്നത്.

പ്രതിദിനം കേരളത്തിന് വേണ്ടത് ഏഴു കോടി യൂണിറ്റ് വൈദ്യുതിയാണ്. ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നത് ഒന്നര കോടി യൂണിറ്റ് മാത്രം. ആറു കോടി യൂണിറ്റ് 3.58 രൂപയ്ക്കു വാങ്ങുന്നു. ഇനിമുതല്‍ 40 പൈസ കുറവില്‍ 3.18 രൂപയ്ക്ക് വാങ്ങാന്‍ കരാറായി. കേരളത്തിലെ വൈദ്യുതി ഉപയോഗം: 51% ഗാര്‍ഹിക ഉപയോക്താക്കള്‍, 23% വ്യവസായികള്‍, 18% വ്യാപാരികള്‍, 2% കര്‍ഷകര്‍, ബാക്കി എല്ലാവരും ചേര്‍ന്ന് 6%.  

ഇനിയങ്ങോട്ട് 40 പൈസ കുറവില്‍ വൈദ്യുതി ലഭിക്കും എന്നിരിക്കെ ഗാര്‍ഹിക ഉപയോക്താക്കളുടെ നിരക്ക് 4 വര്‍ഷത്തേയ്ക്ക് വര്‍ദ്ധിപ്പിച്ചും, ക്രോസ്സ് സബ്ബ്‌സിഡി ഇല്ലാതാക്കിയും 1,92,00,000 വരുന്ന ഉപയോക്താക്കളെ പിഴിയണമെന്ന തീരുമാനത്തിന് ഒരു ന്യായീകരണവുമില്ല. അതും പ്രളയദുരിതത്തില്‍ ബുദ്ധിമുട്ടുന്ന അവസരത്തില്‍. ഗുണഭോക്താക്കള്‍ ബോര്‍ഡിനുവണ്ടി വന്‍ നിക്ഷേപം ഇറക്കിയിട്ടുള്ളവരാണ്. മുന്‍പ് 60 രൂപ മുടക്കി 60 വാട്‌സ് ഫിലമെന്റ് ബള്‍ബ് വാങ്ങി പ്രകാശിപ്പിക്കുമ്പോള്‍ വര്‍ഷം 65.7 യൂണിറ്റ് വൈദ്യുതി വേണമായിരുന്നു. ഇന്നു 100 രൂപ മുതല്‍ 500 രൂപ വരെ മുടക്കി എല്‍ഇഡി ബള്‍ബ് കത്തിക്കുമ്പോള്‍ വര്‍ഷം 7.67 യൂണിറ്റ് മതി 7 വാട്‌സ് ബള്‍ബ്ബിന്. ഏകദേശം 58 യൂണിറ്റ് വൈദ്യുതി ഗുണഭോക്കാക്കള്‍ മടക്കി നല്‍കിയിരിക്കുന്നു. പണ്ട് 14000  രൂപക്ക്   ഫ്രിഡ്ജ് വാങ്ങും. അത് വര്‍ഷം 1100 യൂണിറ്റ് വൈദ്യുതി തിന്നുതീര്‍ക്കും. വര്‍ഷം 2750 രൂപ നല്‍കേണ്ടിയും വരും. ഇപ്പോള്‍ മുപ്പതിനായിരം മുതല്‍ തൊണ്ണൂറായിരം രൂപവരെ  മുടക്കി  ഫൈവ് സ്റ്റാര്‍ ഫ്രിഡ്ജ് ആണ് പലരും ഉപയോഗിക്കുന്നത്. അതിന് പ്രതിവര്‍ഷം 400 യൂണിറ്റ് വൈദ്യുതി മതി. ഗുണഭോക്താക്കള്‍ ഏകദേശം 700 യൂണിറ്റ് വൈദുതി ലാഭിച്ചു ബോര്‍ഡിനെ സഹായിക്കുന്നു.  ഫൈവ് സ്റ്റാര്‍ വാഷിംഗ് മെഷീന്‍ ഉപയോഗിക്കുന്നവര്‍ അതിലെ ഡ്രയര്‍ മിക്കപ്പോഴും ഉപയോഗിക്കാറില്ല. വെയിലത്തിട്ട് ഉണക്കി ഉപയോഗിക്കുകയാണ് പതിവ്. കാരണം ആഴ്ചയില്‍ അഞ്ചര കിലോ വസ്ത്രം കഴുകി ഉണക്കാന്‍ ഡ്രയര്‍ ഉപയോഗിച്ചാല്‍ വര്‍ഷം 156 മണിക്കൂര്‍ പ്രവര്‍ത്തിപ്പിക്കണം. അതിന് 452 1/2 യൂണിറ്റ് വൈദ്യുതി വേണം. ഇങ്ങനെയും ഉപഭോക്താക്കള്‍ കോടികണക്കിനു വൈദ്യുതി മിച്ചംപിടിച്ചു ബോര്‍ഡിനെ സഹായിക്കുന്നു. 

 അലക്കിയ വസ്ത്രം ഇസ്തരിയിടാന്‍ ഇലക്ട്രിക്ക് തേപ്പ്‌പെട്ടി ഉപയോഗിക്കുന്നത് ബോര്‍ഡ് എതിര്‍ക്കുന്നതിനാല്‍ അണ്ണാച്ചിയുടെ കരിത്തേപ്പ് പെട്ടിയാണ് ആശ്രയം. മാസം 300 രൂപ വരെ തേപ്പ് പീടികയില്‍ നല്‍കി ബോര്‍ഡിനു വേണ്ടി ത്യാഗം സഹിക്കുന്നു. 

എന്നാല്‍ ഉപഭോക്താക്കള്‍ 100 യൂണിറ്റിന് 2 രൂപ 90 പൈസയും അടുത്ത 100 യൂണിറ്റിന് 3 രൂപ 40 പൈസയും അടുത്ത 100 യൂണിറ്റിന് 4.50 പൈസയും നല്‍കിവരുന്നു. 240 യൂണിറ്റ് വരെയുള്ളവര്‍ക്കു സബ്ബ്‌സിഡി ഉണ്ട്. 80 യൂണിറ്റിന് 35 പൈസ വച്ചും ബാക്കി 160 യൂണിറ്റിന് 50 പൈസ വച്ചും സബ്ബ്‌സിഡി ലഭിച്ചു വരുന്നു. 10ശതമാനം നികുതിയും, 12 രൂപ മീറ്റര്‍ വാടകയും മറ്റുള്ളവര്‍ക്ക് 60 രൂപ ഫിക്‌സ്ഡ് ചാര്‍ജും ഈടാക്കുന്നുണ്ട്. 

ഇനി സബ്ബ്‌സിഡി എടുത്ത് കളയും. 41 യൂണിറ്റു മുതല്‍ 50 യൂണിറ്റുവരെ 3.50, 51 മുതല്‍ 100 യൂണിറ്റു വരെ 4.20,151 യൂണിറ്റിന് മേല്‍പ്പോട്ട് 5.80, 201 മുതല്‍ 250 വരെ 6.50, 251 മുതല്‍ 300 വരെ 5.95 എന്നതാണ് പുതിയ നിരക്ക്. ഫിക്‌സ്ഡ് കോസ്റ്റ് 150 യൂണിറ്റിന് 35 രൂപ അതിന് മുകളില്‍ 75 രൂപ ഇങ്ങനെയാവും പുതിയ നിരക്ക്. അതായത് കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് കുറഞ്ഞ നിരക്കും കുറഞ്ഞ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് കൂടിയ നിരക്കും എന്ന തല തിരിഞ്ഞ നയം.

കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് ബച്ചാത്ത് ലാംബ് യോചന പദ്ധതി പ്രകാരം 30 കോടി എല്‍ഇഡി ബള്‍ബുകള്‍ വിതരണം ചെയ്തു. 40ലക്ഷം എല്‍ഇഡി തെരുവ് വിളക്കുകള്‍ സ്ഥാപിച്ചു. വന്‍ തുക മുടക്കി ഊര്‍ജ്ജസംരക്ഷണം നടപ്പാക്കി. ഫലമോ 44 ബില്യണ്‍ കിലോ വാട്ട് വൈദ്യുതി മിച്ചമായി.  40,000 കോടി രൂപ ബില്ലില്‍ കുറവു വന്നു. അല്ലെങ്കില്‍, ഉപഭോക്താക്കള്‍ ഇത്രയും വൈദ്യുതി ഉല്പാദിപ്പിച്ചു തന്നു.

അതുവഴി രാജ്യത്തിന് 5.1 ബില്യണ്‍ ലിറ്റര്‍ ഓയില്‍ മിച്ചം വക്കാന്‍ കഴിഞ്ഞു. 22.6 ബില്യണ്‍ മെട്രിക് ടണ്‍ കല്‍ക്കരി, 250 ബില്യണ്‍ ടണ്‍ ക്യൂബിക് മീറ്റര്‍ ഗ്യാസിന്റെ ഉപയോഗം കുറക്കാന്‍ കഴിഞ്ഞു. വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാന്‍ കഴിഞ്ഞു. ഇന്ധന ഇറക്കുമതി കുറച്ചു, അന്തരീക്ഷ മലിനീകരണം നിയന്ത്രണ വിധേയമാക്കാന്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഒരു പരിധി വരെ കഴിഞ്ഞു എന്നത് ചെറിയ കാര്യമല്ല. എന്നിട്ടും അവരെയാണ് സംസ്ഥാന വൈദ്യുതി ബോര്‍ഡ് ഷോക്ക് അടുപ്പിക്കുന്നത്.

രാജ്യത്ത് താപവൈദ്യുത പദ്ധതി മാത്രമല്ല. പരമ്പര്യേതര ഊര്‍ജവും ഉണ്ട്. കാറ്റില്‍ നിന്ന് 32304 മെഗാവാട്ട്, സോളാറില്‍ നിന്ന് 20 ലക്ഷം മെഗാവാട്ട്, ജലത്തില്‍ നിന്ന് 4341 മെഗാവാട്ട് ജൈവ മാലിന്യത്തില്‍ നിന്ന് 8296 മെഗാവാട്ട് എന്നിങ്ങനെ വൈദ്യതി ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. രാജ്യം വൈദ്യുതിയുടെ കാര്യത്തില്‍ സമ്പന്നമാണ്. അതാണ് കേരളം 3.58ന് വാങ്ങിയ വൈദ്യുതി ഇനി 3.18ന് ലഭിക്കുന്നതിന്റെ  കാരണം. പേശിയാല്‍  2.50 രൂപയ്ക്കും ലഭിക്കും.

ബോര്‍ഡിന്റെ പുഴിക്കടകന്‍ ആകെയുള്ള കണക്ക് അവതരിപ്പിക്കുമ്പോള്‍, ഗാര്‍ഹിക ഉപയോക്താക്കള്‍ മോതിരം കടകമായി സിയാലിനെ അവതരിപ്പിക്കുന്നു. 62 കോടി രൂപ മുടക്കി സോളാര്‍ പാനലിലുടെ പത്ത് മെഗാവാട്ട് വൈദ്യുതി അവര്‍ ഉല്‍പാദിപ്പിച്ചു കാണിച്ചു. അതിനാല്‍ സൗര്യോര്‍ജ്ജത്തിനും മറ്റുമായി പണം വിനിയോഗിക്കാന്‍ ബോര്‍ഡ് സമരസപ്പെടണം. പാരീസ് ഉടമ്പടി സാക്ഷാത്ക്കരിക്കാന്‍ ഹരിത ഗൃഹ വാതകങ്ങളെ നിയന്ത്രിക്കാന്‍ കേന്ദ്ര ഊര്‍ജമന്ത്രാലയം കിണഞ്ഞ് ശ്രമിക്കുമ്പോള്‍, കേരളം ഉപയോഗം കൂട്ടാനും നിരക്ക് കൂട്ടാനും ശ്രമിക്കരുത്. ബോര്‍ഡ് വച്ച കെണിയില്‍ കമ്മീഷന്‍ വീഴരുതേയെന്നാണു പ്രാര്‍ത്ഥന. മുക്കിക്കൊന്നവരോട് ഇനി ഞെക്കിക്കൊല്ലരുതെ എന്ന അപേക്ഷയും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.