വിദ്യാര്‍ത്ഥി കൂട്ടായ്മയില്‍ നിര്‍ധന യുവതിക്ക് വീടൊരുങ്ങി

Wednesday 19 December 2018 10:49 pm IST

 

പിലാത്തറ: പഠനത്തിനിടയിലും വിദ്യാര്‍ത്ഥികളുടെ കാരുണ്യത്തിന്റെയും സമര്‍പ്പണത്തിന്റെയും മനസ്സിലൂടെ ഉയര്‍ന്നത് സ്‌നേഹവീട്. പിലാത്തറ സെന്റ് ജോസഫ്‌സ് കോളേജ് എന്‍എസ്എസ് യൂണിറ്റാണ് 'ഒപ്പരം' എന്ന പേരില്‍ പൊതുജന പങ്കാളിത്തത്തോടെ നിരാലംബയായ യുവതിയും മൂന്നു കുട്ടികളും അടങ്ങുന്ന കുടുംബത്തിന് സ്‌നേഹവീട് പണിതത്.

ഭര്‍ത്താവിന്റെ അകാല നിര്യാണത്തോടെ ആശ്രയമില്ലാതായ ഏഴിലോട് സ്വദേശിനി ടി.പി.മിനിക്ക് ഏമ്പേററില്‍ സര്‍ക്കാര്‍ വക ലഭിച്ച സ്ഥലത്താണ് നിരവധി പേരുടെ സംഭാവനകള്‍ ഉപയോഗിച്ചും വിദ്യാര്‍ത്ഥികളുടെ ശ്രമദാനവുമായി 11 ലക്ഷം രൂപ ചെലവില്‍ 1100 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ വീട് നിര്‍മ്മിച്ചത്.

വീടിന്റെ താക്കോല്‍ദാനം നാളെ മൂന്ന് മണിക്ക് കോളേജില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി കെ.ടി.ജലീല്‍ നിര്‍വ്വഹിക്കും. 

കണ്ണൂര്‍ യൂനിവേഴ്‌സിറ്റി വൈസ്ചാന്‍സലര്‍ പ്രൊ: ഗോപിനാഥ് രവീന്ദ്രന്‍ മുഖ്യാതിഥിയാകും. രൂപതാ ബിഷപ്പ് ഡോ: അലക്‌സ് വടക്കുംതല അനുഗ്രഹ പ്രഭാഷണം നടത്തും. വാര്‍ത്താസമ്മേളനത്തില്‍ പ്രിന്‍സിപ്പാള്‍ ഡോ. കെ.സി.മുരളീധരന്‍, വൈസ്പ്രിന്‍സിപ്പാള്‍, ഫാ.ജോണ്‍സണ്‍ സിമേതി, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ എന്‍.വി.സായി ലാല്‍, കെ.അഞ്ജന, കെ.പി.മേഘ, പി.വി.ശ്രുതി എന്നിവര്‍ പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.