ലണ്ടന്‍: ലെസ്റ്റര്‍ സിറ്റിയുടെ വെല്ലുവിളി പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്ന് നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി ഇംഗ്ലീഷ് ലീഗ് കപ്പിന്റെ സെമിയിലെത്തി. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഷൂട്ടൗട്ടില്‍ സിറ്റിയുടെ വിജയം. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോളടിച്ച് സമനിലയില്‍ പിരിഞ്ഞതോടെയാണ് കളി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.
ഷൂട്ടൗട്ടില്‍ സിറ്റിക്കായി ഇകെയ് ഗുന്ഡോഗന്, ഗബ്രിയേല്‍ ജീസസ്, ഒലക്സാണ്ടര്‍ സിന്‍ചെങ്കോ എന്നിവര്‍ ലക്ഷ്യം കണ്ടു. റഹിം സ്റ്റര്‍ലിങ്ങിന്റെ ഷോട്ട് പുറത്തുപോയി. ലെസ്റ്ററിനായി ആദ്യ കിക്കെടുത്ത ഹാരി മഗ്യൂയറിന് മാത്രമാണ് ലക്ഷ്യം കാണാനായത്. ക്രിസ്റ്റിയന്‍, ഡാനിയേല്‍ മാഡിസണ്‍, സൊയുന്കു എന്നിവരുടെ കിക്കുകള്‍ പാഴായി. ലെസ്റ്ററിന്റെ രണ്ട് കിക്കുകള്‍ തടുത്തിട്ട സിറ്റി ഗോളി അരിയനറ്റ് മ്യുറിച്ചാണ് മത്സരത്തിലെ ഹീറോ.
കളിയില്‍ പന്തടക്കത്തിലും അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും മാഞ്ചസ്റ്റര്‍ സിറ്റി ഏറെ മുന്നിട്ടുനിന്നെങ്കിലും സ്ട്രൈക്കര്‍മാരായ സെര്‍ജിയോ അഗ്യൂറോ, സ്റ്റര്‍ലിങ് എന്നിവര്‍ക്ക് ലക്ഷ്യം പിഴച്ചതോടെയാണ് കളി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.
കളിയുടെ 14-ാം മിനിറ്റില്‍ മാഞ്ചസ്റ്റര്‍ സിറ്റി ആദ്യം ലീഡ് നേടി. നിക്കോളാസ് ഓട്ടമെന്‍ഡി നല്കിയ പാസ് സ്വീകരിച്ച് ബോക്സിന് പുറത്തുനിന്ന് കെവിന് ഡി ബ്രൂയന് പായിച്ച വലംകാലന്‍ ഷോട്ട് ലെസ്റ്റര്‍ ഗോൡയ കീഴടക്കി വലയില്‍ കയറി. അതിനുശേഷം നിരവധി തവണ അഗ്യൂറോയുടെ നേതൃത്വത്തില്‍ സിറ്റി താരങ്ങള്‍ എതിര് ബോക്സില്‍ പ്രവേശിച്ചെങ്കിലും ആദ്യപകുതിയില്‍ കൂടുതല്‍ ഗോള്‍ നേടാന്‍ കഴിഞ്ഞില്ല. ഇടയ്ക്ക് ലെസ്റ്റര്‍ താരങ്ങളും ചില മിന്നലാക്രമണങ്ങളിലൂടെ സിറ്റി പ്രതിരോധത്തെ വിറപ്പിച്ചെങ്കിലും സമനില ഗോള്‍ കണ്ടെത്താന്‍ അവര്‍ക്കും കഴിഞ്ഞില്ല.
രണ്ടാം പകുതിയിലും ഇരുടീമുകളും മികച്ച ഫുട്ബോള്‍ കാഴ്ചവെച്ചെങ്കിലും ഗോളിനായി 73-ാം മിനിറ്റുവരെ കാത്തിരിക്കേണ്ടിവന്നു. വില്‍ഫ്രഡ് എന്‍ഡിഡി നീട്ടിനല്‍കിയ ത്രൂബോള്‍ പിടിച്ചെടുത്ത് മാര്‍ക്ക് അല്ബ്രൈറ്റനാണ് സിറ്റി പോസ്റ്റിലേക്ക് ഷോട്ട് ഉതിര്‍ത്തത്. അതിനുശേഷം വിജയഗോളിനായി ഇരുടീമുകളും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും കാര്യമുണ്ടായില്ല. ഇതോടെ കളി ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു.
മറ്റൊരു മത്സരത്തില്‍ മിഡില്‍സ്ബ്രോയുടെ വെല്ലുവിളി മറികടന്ന ബര്‍ട്ടണ്‍ ആല്‍ബിയോണും സെമിയിലെത്തി. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ബര്‍ട്ടന്റെ ജയം. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം 48-ാം മിനിറ്റില്‍ ജാക്ക് അലക്സാണ്ടര്‍ ഹെസ്കത്താണ് വിജയഗോള്‍ നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: