പ്രസാദത്തില്‍ വിഷം കലര്‍ത്തിയത് സമീപ ക്ഷേത്രത്തിലെ പൂജാരി

Thursday 20 December 2018 1:20 am IST

ബെംഗളൂരു: ചാമരാജനഗര്‍ സുല്‍വാഡി മാരമ്മ ക്ഷേത്രത്തിലെ വിഷം കലര്‍ന്ന പ്രസാദം കഴിച്ച് 15 ഭക്തര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ നാലു പേര്‍ അറസ്റ്റില്‍. സമീപ ഗ്രാമത്തിലെ നാഗര്‍കോവില്‍ ക്ഷേത്ര പൂജാരി ദൊഡ്ഡയ്യ, ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് സാലുരു മഠത്തിലെ സ്വാമി ഹിമ്മാഡി മഹാദേവ, ട്രസ്റ്റ് മാനേജര്‍ മാദേഷ്, ഭാര്യ അംബിക എന്നിവരാണ് അറസ്റ്റിലായത്. 

പ്രസാദത്തില്‍ വിഷം കലര്‍ത്തിയത് ദൊഡ്ഡയ്യയാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇയാളെ ചോദ്യം ചെയ്തതോടെയാണ് യഥാര്‍ത്ഥ ചിത്രം വ്യക്തമായത്. ഹിമ്മാഡി മഹാദേവ, ട്രസ്റ്റ് മാനേജര്‍ മാദേഷ്, ഭാര്യ അംബിക എന്നിവരായിരുന്നു ആസൂത്രകര്‍. ചോദ്യം ചെയ്യാന്‍ ഇവരെ കസ്റ്റഡിയിലെടുത്തിരുന്നു. ദൊഡ്ഡയ്യയുടെ മൊഴി ലഭിച്ചതോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. 

സംഭവത്തിനു ശേഷം രോഗം അഭിനയിച്ച് ദൊഡ്ഡയ്യ ആശുപത്രിയില്‍ ചികിത്സ തേടി. സംശയം തോന്നിയ ആശുപത്രി അധികൃതര്‍ പോലീസിന് നല്‍കിയ സൂചനയെ തുടര്‍ന്നാണ് ഇയാള്‍ പിടിയിലായത്. ക്ഷേത്ര ഭരണസമിതിയില്‍ ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് വലിയ ദുരന്തത്തിനു കാരണമായത്. വര്‍ഷങ്ങളായി ക്ഷേത്രഭരണസമിതിയുടെ പ്രസിഡന്റ് ഹിമ്മാഡി മഹാദേവയാണ്. മാനേജര്‍ മാദേഷ് ഉള്‍പ്പെടെ ചില അംഗങ്ങള്‍ മഹാദേവയ്‌ക്കൊപ്പമായിരുന്നു. എന്നാല്‍, ട്രസ്റ്റംഗം ചിന്നപ്പസ്വാമിയുടെ നേതൃത്വത്തില്‍ ഖജാന്‍ജി നീലകണ്ഠ ശിവാചാര്യ, സെക്രട്ടറി ശശിബിംബെ, അസിസ്റ്റന്റ് മാനേജര്‍ പി. ഗുരുമാലപ്പ തുടങ്ങിയവര്‍ എതിര്‍പക്ഷത്തും. ക്ഷേത്ര വരുമാനത്തെ ചൊല്ലി ഇരുവിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം പതിവായിരുന്നു. അധികാരം നഷ്ടപ്പെടുമെന്ന ഭീതിയില്‍ ഹിമ്മാഡി മഹാദേവയും മാനേജര്‍ മാദേഷും ഭാര്യ അംബികയും ചേര്‍ന്ന് ക്ഷേത്ര ഗോപുര ശിലാസ്ഥാപന ദിവസം ഭക്ഷണത്തില്‍ കീടനാശിനി കലര്‍ത്തുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.