അധികാരി ഭേദം

Friday 21 December 2018 2:45 am IST

''കണ്ടാലൊട്ടറിയുന്നു ചിലരിതു

കണ്ടാലും തിരിയാ ചിലര്‍ക്കേതുമേ

കണ്ടതൊന്നുമേ സത്യമല്ലെന്നതു

മുമ്പേ കണ്ടിട്ടറിയുന്നിതു ചിലര്‍.

മനുജാതിയില്‍ത്തന്നെ പലവിധം

മനസ്സിന്നു വിശേഷമുണ്ടോര്‍ക്കണം

പലര്‍ക്കുമറിയേണമെന്നിട്ടല്ലോ

പല ജാതി പറയുന്നു ശാസ്ത്രങ്ങള്‍

കര്‍മ്മത്തിലധികാരി ജനങ്ങള്‍ക്കു

കര്‍മ്മശാസ്ത്രങ്ങളുണ്ടു പലവിധം

ജ്ഞാനത്തിനധികാരി ജനങ്ങള്‍ക്കു

ജ്ഞാനശാസ്ത്രങ്ങളും പലതുണ്ടല്ലോ

സാംഖ്യശാസ്ത്രങ്ങള്‍ യോഗങ്ങളെന്നിവ

സംഖ്യയില്ലതു നില്‍ക്കട്ടെ സര്‍വ്വവും.''

കാലത്തിന്റെ മേല്‍പറഞ്ഞ ലീലകളെക്കുറിച്ച് ചിലര്‍ അനുഭവം കൊണ്ട് മനസ്സിലാക്കുന്നു. അഹങ്കാരികളോ ബുദ്ധിശൂന്യരോ ആയ വേറെ ചിലര്‍ അനു

ഭവംകൊണ്ടുപോലും തിരിച്ചറിയുന്നില്ല. ഐശ്വര്യങ്ങളെല്ലാം ഒരിക്കല്‍ നശിച്ചുപോകാവുന്നതാണ് എന്ന് ആദ്യത്തെ കൂട്ടര്‍ അറിയുന്നു. രണ്ടാമത്തെ കൂട്ടര്‍ക്കാവട്ടെ, ഐശ്വര്യങ്ങള്‍ ഓരോന്നായി ഇല്ലാതാവുന്നത് കണ്ടിട്ടും, അവയുടെ നശ്വരത്വം ബോധ്യപ്പെടുന്നില്ല. തത്ത്വജ്ഞാനികള്‍, ഇക്കാണുന്നതൊന്നും സത്യമല്ലെന്ന് തിരിച്ചറിഞ്ഞുകൊണ്ട് പ്രവര്‍ത്തിക്കുന്നു. കാഴ്ചകളൊന്നും ശാശ്വതമല്ല, ക്ഷണഭംഗുരങ്ങളാണ്, അവയിലൊന്നും ഭ്രമിക്കരുത് എന്നര്‍ത്ഥം.

മനുഷ്യകുലത്തില്‍പ്പിറന്നവര്‍ക്കു തന്നെ മനോഭാവവും മനശ്ശക്തിയും വ്യത്യാസപ്പെട്ടിരിക്കുന്നു. അതിനാല്‍, ഓരോരുത്തരുടെയും ചിന്തകളും വിശകലനശേഷിയും വ്യത്യസ്തങ്ങളായിരിക്കും. ദയാലുക്കളും കഠിനഹൃദയരും ബുദ്ധിമാന്മാരും മന്ദബുദ്ധികളും അല്‍പബുദ്ധികളും എല്ലാം ചേര്‍ന്നതാണ് മനുഷ്യവംശം. ഇത്തരത്തില്‍, വൈവിധ്യമാര്‍ന്ന ജനസമൂഹത്തിനു വേണ്ടിയാണ് വിഭിന്നങ്ങളായ ശാസ്ത്രങ്ങളും ദര്‍ശനങ്ങളുമെല്ലാം രചിക്കപ്പെട്ടിരിക്കുന്നത്.

കര്‍മത്തില്‍ തല്‍പ്പരരായവരെ ഉദ്ദേശിച്ച് രചിച്ചിട്ടുള്ളതാണ് കര്‍മ്മയോഗം. ജ്ഞാനമാര്‍ഗ്ഗത്തില്‍ ചരിക്കാനാഗ്രഹിക്കുന്നവര്‍ക്കായി ജ്ഞാനശാസ്ത്രങ്ങളുണ്ടായി. മോക്ഷം നേടുന്നതിനുള്ള പദ്ധതിയാണ് പൂര്‍വ്വമീമാംസയില്‍ പ്രതിപാദിക്കുന്നത്. ജ്ഞാനമാര്‍ഗ്ഗത്തെക്കുറിച്ച് ഉത്തരമീമാംസയില്‍ പ്രതിപാദിക്കുന്നു. ഉപനിഷത്തുകള്‍,  കപില മഹര്‍ഷിയുടെ സാംഖ്യശാസ്ത്രം, പതഞ്ജലിയുടെ യോഗശാസ്ത്രം എന്നിവയും മറ്റു ചില പ്രമുഖ ശാസ്ത്രഗ്രന്ഥങ്ങളാണ്. എണ്ണമറ്റ അത്തരം ശാസ്ത്രങ്ങളെക്കുറിച്ച് വിവരിക്കാന്‍ പൂന്താനം ഒരുമ്പെടുന്നില്ല. പരമലക്ഷ്യമായ മോക്ഷത്തിലെത്തുവാന്‍ നിരവധിമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്.

കര്‍മ്മയോഗം, ജ്ഞാനയോഗം, ഭക്തിയോഗം, ധ്യാനയോഗം തുടങ്ങിയ മാര്‍ഗ്ഗങ്ങളില്‍നിന്ന് അവനവന് പറ്റുന്ന മേഖല ഏതെന്ന് തിരഞ്ഞ് കണ്ടെത്തുക; അതിലൂടെ മുന്നേറുക. മേല്‍പ്പറഞ്ഞ ശാസ്ത്രങ്ങളെക്കുറിച്ച് ഭഗവദ്ഗീതയില്‍ വേദവ്യാസന്‍ അപഗ്രഥിച്ചു പറയുന്നുണ്ട്. അതിനാല്‍, ഇവിടെ അതിന് താന്‍ തുനിയുന്നില്ല എന്നാണ് കവി അര്‍ത്ഥമാക്കുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.