വനിതാ മതില്‍; കുടുംബശ്രീയില്‍ വിള്ളല്‍

Friday 21 December 2018 7:45 am IST

കോട്ടയം: സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിന്റെ നിര്‍മാണത്തെ ചൊല്ലി കുടുംബശ്രീയില്‍ വിള്ളല്‍.  അയല്‍ക്കൂട്ടം മുതല്‍ മുകള്‍ത്തട്ടിലുളള സിഡിഎസ് വരെ ഭിന്നത പ്രകടം. വിവിധ രാഷ്ടീയ ആഭിമുഖ്യമുള്ളവരും വിവിധ മതവിശ്വാസികളുമായ വനിതകള്‍ അംഗങ്ങളായ കുടുംബശ്രീയെ മതിലിന് കരുവാക്കുന്നത് സംഘടനയുടെ കെട്ടുറുപ്പിനെ ബാധിക്കുമെന്ന് ആശങ്ക. 

ശബരിമല വിഷയവുമായി കൂട്ടിക്കലര്‍ത്തി വനിതാ മതില്‍ നിര്‍മിക്കുന്നതിനെതിരെ അയല്‍ക്കൂട്ടം മുതല്‍ സിഡിഎസ് വരെ കടുത്ത എതിര്‍പ്പ്. വനിതാ മതില്‍ നിര്‍മാണം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുംബശ്രീയില്‍ വലിയ എതിര്‍പ്പ് ഉണ്ടാക്കിയതിനെ തുടര്‍ന്ന് സംസ്ഥാന മിഷന് വിശദീകരണവുമായി രംഗത്ത് വരേണ്ടി വന്നു. വനിതാ മതിലില്‍ അംഗങ്ങള്‍ നിര്‍ബന്ധമായി പങ്കെടുക്കണമെന്ന നിര്‍ദ്ദേശം കൊടുത്തിട്ടില്ലെന്നാണ് മിഷന്‍ കേന്ദ്രങ്ങള്‍ പറയുന്നത്. 

സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യത്തിന് തന്നെ മാതൃകയായി മാറിയ കുടുംബശ്രീക്കുള്ളില്‍ പ്രകടമായ രാഷ്ടീയം കുറവായിരുന്നു. സിഡിഎസ് ഭാരവാഹികള്‍ അടക്കമുളളവരെ ജനാധിപത്യപരമായി തെരഞ്ഞെടുക്കുന്ന രീതിയാണ് ഉണ്ടായിരുന്നത്. കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങളെ രാഷ്ടീയ വ്യത്യാസം പൊതുവേ ബാധിച്ചിരുന്നില്ല. എന്നാല്‍, വനിതാ മതില്‍ നിര്‍മാണം സ്ത്രീകളെ രണ്ട് തട്ടിലാക്കുമെന്ന  വിമര്‍ശനം ശക്തം.

അതേസമയം, വനിതാ മതില്‍ കെട്ടാന്‍ ഭീഷണിപ്പെടുത്തിയും അല്ലാതെയും അംഗങ്ങളെ രംഗത്തിറക്കാനാണ് സിപിഎമ്മിന്റെ നീക്കം. സര്‍ക്കാര്‍ പരിപാടിയാണെന്നും കുടുംബശ്രീയുടെ നയപരമായ തീരുമാനമെന്നും പറഞ്ഞാണ് അംഗങ്ങളെ മതില്‍ നിര്‍മാണത്തിന് പ്രേരിപ്പിക്കുന്നത്. പ്രളയ ദുരിതാശ്വാസ സഹായങ്ങള്‍ നിഷേധിക്കുമെന്ന് വരെ ഭീഷണിപ്പെടുത്തുന്നു. മതിലിന് ഒരു അയല്‍ക്കൂട്ടത്തില്‍ നിന്ന് കുറഞ്ഞത് 30 പേരെ പങ്കെടുപ്പിക്കാനാണ് നിര്‍ദ്ദേശം. ചിലയിടങ്ങളില്‍ അയല്‍ക്കൂട്ടങ്ങളുടെ യോഗത്തില്‍ വനിതാമതില്‍ നിര്‍മാണം ഉയര്‍ത്തിയപ്പോള്‍ വിശ്വാസികളായ അംഗങ്ങള്‍ യോഗത്തില്‍ നിന്ന് ശരണം വിളിച്ച് ഇറങ്ങിപ്പോയി. 

വനിതാ മതില്‍ സിപിഎം നടത്തുന്ന പാര്‍ട്ടി പരിപാടിയാണെന്നാണ് എതിര്‍ക്കുന്ന കുടുംബശ്രീ അംഗങ്ങള്‍ പറഞ്ഞു. ഈ പരിപാടി കുടുംബശ്രീയുടെ ലക്ഷ്യത്തിന് എതിരാണെന്നും അവര്‍ പറയുന്നു. കുടുംബശ്രീ അംഗങ്ങളില്‍ ഒരു വിഭാഗം എതിര്‍പ്പ് ഉയര്‍ത്തിയതോടെ അംഗങ്ങള്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന നിര്‍ദ്ദേശം സിപിഎം ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ പുറപ്പെടുവിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.