എൻഎസ്എസിന്റെ നടപടി ചരിത്രപരമായ തലകുത്തിവീഴ്ചയെന്ന് കോടിയേരി

Friday 21 December 2018 11:24 am IST

തിരുവനന്തപുരം: എൻഎസ്എസിനെ വിമർശിച്ച് വീണ്ടും സിപി‌എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‍‍ണൻ. എൻഎസ്എസിന് സംഭവിച്ചത് ചരിത്രപരമായ തലകുത്തിവീഴ്‍‍ച. അയ്യപ്പ ജ്യോതിയിൽ പങ്കെടുക്കാനുളള ആഹ്വാനം സംഘടനയുടെ പാരമ്പര്യത്തിന് നിരക്കാത്തതാണെന്നും പാർട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തിൽ കോടിയേരി ബാലകൃഷ്‍‍ണൻ.

കേരള നവോത്ഥാനത്തിൽ പങ്കുവഹിച്ച ചരിത്ര പുരുഷന്മാരിൽ പ്രധാനിയായ മന്നത്ത് പത്മനാഭന്റെ നവോത്ഥാന പാതയിൽനിന്നുള്ള വ്യതിചലനമാണ് എൻഎസ്എസ് നേതാവിൽ ഇന്നുകാണുന്നത്. മന്നത്തിന്റെ പൊതുജീവിതത്തിൽ ഒരു ഘട്ടത്തിൽ കമ്യൂണിസ്റ്റ് വിരുദ്ധ വിമോചനസമരത്തിന്റെ നേതൃപദവി വഹിച്ചിരുന്നുവെന്നത് വിസ്മരിക്കുന്നില്ല.

പക്ഷേ, അപ്രകാരമൊന്ന് ഒരു ചെറിയ കാലയളവിൽ സംഭവിച്ചതൊഴിച്ചാൽ അദ്ദേഹത്തിന്റെ ജീവിതം പൊതുവിൽ നവോത്ഥാന വീക്ഷണത്തേയും ദുരാചാരങ്ങൾ അവസാനിപ്പിക്കാനുള്ള പോരാട്ടങ്ങളേയും ശക്തിപ്പെടുത്തുന്നതായിരുന്നു. അത് മറന്നുകൊണ്ടാണ് അയിത്തത്തിനും അനാചാരങ്ങൾക്കുമെതിരെ സമരം നയിച്ച എൻഎസ്എസിനെ ആർഎസ്എസിന്റെ തൊഴുത്തിൽ കെട്ടാൻ നോക്കുന്നത്.

നായർ സമുദായത്തിനുവേണ്ടി മന്നത്ത് പത്മനാഭൻ തുടങ്ങിയ യജ്ഞം ഹിന്ദുസമുദായത്തിന്റെ പൊതു സമുദ്ധാരണത്തിനും ഒപ്പം സർവസമുദായ മൈത്രിക്കും വേണ്ടിയായി വളർന്നിരുന്നു. അനാചാരങ്ങളേയും ബ്രാഹ്മണാധിപത്യത്തേയും ചെറുക്കാനും തോൽപ്പിക്കാനും അസാമാന്യ ധൈര്യം അദ്ദേഹം കാട്ടി.

ആർഎസ്എസ് ‐ ബിജെപിയുടെ വർഗീയസമരങ്ങൾക്ക് തീ പകരാനുള്ള നടപടിയാണ് എൻഎസ്എസ് ജനറൽ സെക്രട്ടറിയിൽ നിന്നുമുണ്ടായിരിക്കുന്നത്. ഡിസംബർ 26ന് ആർഎസ്എസ് നടത്തുന്ന “അയ്യപ്പജ്യോതി’ യിൽ പങ്കെടുക്കാനുള്ള സുകുമാരൻനായരുടെ ആഹ്വാനം എൻഎസ്എസിന്റെ പാരമ്പര്യത്തിന് നിരക്കുന്നതല്ല.

മതിലിൽ വിള്ളൽ വീഴ്ത്താനുള്ള ആർഎസ്എസ് ശ്രമത്തിന് കൂട്ടുനിൽക്കുന്ന എൻഎസ്എസ് നേതൃത്വത്തിന്റെ നടപടി ചരിത്രപരമായ തലകുത്തിവീഴ്ചയാണ്. ഈ വഴിതെറ്റലിൽനിന്ന് മോചിതമാകാൻ വീണ്ടുവിചാരത്തിന് എൻഎസ്എസ് നേതൃത്വം തയ്യാറാകണമെന്നും കോടിയേരി ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.