സര്‍വീസുകള്‍ റദ്ദാക്കല്‍ തുടരുന്നു; യാത്രക്കാര്‍ വലയുന്നു

Saturday 22 December 2018 1:04 am IST

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ആവശ്യത്തിന് കണ്ടക്ടര്‍മാരില്ലാത്തതിനാല്‍  സര്‍വീസുകള്‍ റദ്ദാക്കുന്നത് ഇന്നലെയും തുടര്‍ന്നു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് സോണുകളിലായി മൊത്തം  998 സര്‍വീസുകളാണ് ഇന്നലെ മുടങ്ങിയത്. ഇതേതുടര്‍ന്ന് യാത്രക്കാര്‍ വലഞ്ഞു.

ഹൈക്കോടതി ഉത്തരവ് പ്രകാരം എംപാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിട്ട് പിഎസ്‌സി പട്ടികയിലുള്ളവരെ അടിയന്തരമായി നിയമിക്കണമെന്നാവശ്യപ്പെട്ടതോടെയാണ് സര്‍വീസുകള്‍  പ്രതിസന്ധിയിലായത്. നാലായിരത്തോളം എംപാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടപ്പോള്‍ ഇന്നലെ വിവിധ ഡിപ്പോകളില്‍ ജോലിയില്‍ പ്രവേശിച്ചത് 1472 പേര്‍ മാത്രമാണ്. 

നഗരത്തിലെന്നപോലെ ഗ്രാമങ്ങളിലും സര്‍വീസുകള്‍ ചുരുക്കുകയാണ്. സര്‍വീസുകള്‍ റദ്ദാക്കിയതോടെ വലഞ്ഞതില്‍ അധികവും വിദ്യാര്‍ഥികളാണ്. ക്രിസ്മസ് പരീക്ഷകളും മറ്റും നടക്കുന്നതിനാല്‍ പലര്‍ക്കും സമയത്തിന് വിദ്യാലങ്ങളില്‍ എത്താന്‍ സാധിക്കുന്നില്ല. പല റൂട്ടുകളിലും ലോക്കല്‍ സര്‍വീസുകള്‍ റദ്ദാക്കി സിറ്റി ഫാസ്റ്റ് പോലുള്ള സര്‍വീസുകള്‍ നടത്തുന്നതോടെ കണ്‍സഷന്‍ വിദ്യാര്‍ഥികള്‍ ഏറെ വലയുകയാണ്. 

അതേസമയം കെഎസ്ആര്‍ടിസിയില്‍ നിന്നു പിരിച്ചുവിട്ട എംപാനല്‍ ജീവനക്കാര്‍ തിരുവനന്തപുരത്തേക്കു നടത്തുന്ന ലോങ് മാര്‍ച്ച് തുടരുകയാണ്. ഇന്ന് കൊല്ലത്തുനിന്ന് പുറപ്പെട്ട് ചാത്തന്നൂരില്‍ ലോങ് മാര്‍ച്ച് സമാപിക്കും. നാളെ കണിയാപുരം വരെയാണു മാര്‍ച്ച്. തിങ്കളാഴ്ച രാവിലെ പത്തരയോടെ സെക്രട്ടേറിയറ്റിനു മുന്നിലെത്തി ലോങ് മാര്‍ച്ച് സമാപിക്കും. തുടര്‍ന്നു മുഖ്യമന്ത്രിക്കു നിവേദനം നല്‍കും.

പിരിച്ചുവിട്ട എംപാനല്‍ കണ്ടക്ടര്‍മാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ ഇന്നലെ സെക്രട്ടേറിയറ്റ് പടിക്കല്‍ ധര്‍ണ നടത്തി. കിഴക്കേകോട്ട ചീഫ് ഓഫീസില്‍ നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.