കമ്മ്യൂണിസ്റ്റ് ആരോഗ്യ ചികിത്സ

Saturday 22 December 2018 1:07 am IST

ആരോഗ്യം പൊതുവെ കൂടുതലുള്ള പാര്‍ട്ടിയാണ് ഇടതുകമ്മ്യൂണിസ്റ്റ് പാര്‍ട്ടി. മെമ്പര്‍മാര്‍ക്കും എല്ലുറപ്പ് കൂടും. അത്തരക്കാരില്‍ അക്രമവാസന കൂടും. മസില്‍പവര്‍, കാട്ടുനീതി എന്നിങ്ങനെയുള്ള തത്വങ്ങളില്‍ വിശ്വാസവും കൂടും. പരപീഡനം, സ്ത്രീ പീഡനം എന്നിവ അത്തരക്കാര്‍ക്ക് വിനോദം മാത്രം. 

മേല്‍പ്പറഞ്ഞ പാര്‍ട്ടിയിലെ ആരോഗ്യശ്രീമാനെ എല്ലാവര്‍ക്കുമറിയാം. ഇഷ്ടന്‍ നിയമസഭാ സാമാജികനാണ്. നാളെ മന്ത്രിയുമാകാം. ആരോഗ്യം അത്രമേലുണ്ട്. അത് മൂത്തുമൂത്ത് അസ്ഥിവരെയായി. അതോടെ കലാപരിപാടികള്‍ അതിരുവിട്ടു. പുരുഷന് ആരോഗ്യം എത്രയുണ്ടായാലും പരാക്രമം സ്ത്രീകളോടല്ല വേണ്ടു എന്നാണ് പ്രമാണം. പക്ഷേ അതെല്ലാം പഴഞ്ചനായി. മാറ്റുവിന്‍ ചട്ടങ്ങളേ എന്നല്ലേ പുരോഗമനവാദം? അതിനാല്‍ സ്ത്രീവിഷയത്തിലും വിപ്ലവം വന്നേതീരൂ. അങ്ങനെയാണ് വിപ്ലവ പാര്‍ട്ടിയിലെ ആരോഗ്യ ശ്രീമാന്‍സ്വന്തം പാര്‍ട്ടിയിലെ സ്ത്രീപ്രജകളില്‍ ആരോഗ്യ പരീക്ഷണം നടത്തിയത്. സംഗതി പീഡന പരാതിയായി പരിണമിച്ചത് പാര്‍ട്ടിയിലെ കുലംകുത്തികളുടെ ഇടപെടല്‍മൂലമാണ്. പണി പാളിയെങ്കിലും പാര്‍ട്ടി കോടതി ആരോഗ്യമുള്ളവരെ വഴിയാധാരമാക്കുമോ? ഇല്ലെന്നാണ് പ്രമാദമായ വിധി! അങ്ങനെയാണ് ആരോഗ്യശ്രീമാനെ ആറുമാസം നല്ലനടപ്പിന് ശിക്ഷിച്ചത്.

സ്ത്രീ പീഡനം കോടതിയിലെത്തിയാല്‍പ്രതിക്ക് 6 വര്‍ഷമെങ്കിലും കഠിനതടവു കിട്ടാമെന്ന് നിയമജ്ഞര്‍ പറയുന്നു. അത്തരക്കാര്‍അജ്ഞരാണെന്ന് പാര്‍ട്ടി കോടതി തെളിയിച്ചിരിക്കുന്നു. സസ്‌പെന്‍ഷന്‍ ശിക്ഷയല്ല. ആരോപണവിധേയരെ കുറ്റം തെളിയുന്നതുവരെ മാറ്റിനിര്‍ത്താനുള്ള നടപടി മാത്രം. എന്നാല്‍പാര്‍ട്ടിയുടെ സ്വന്തം അന്വേഷണ കമ്മീഷന്‍അന്വേഷിച്ചുകൊണ്ടിരിക്കെത്തന്നെ പ്രതിശ്രീമാനെ വിശുദ്ധനും മാതൃകാപുരുഷനുമായി പാര്‍ട്ടി പ്രഖ്യാപിച്ചു. അതുകൊണ്ടാണ് ഇഷ്ടനെ നല്ലനടപ്പില്‍വിധി വരുന്നതിനുമുമ്പേ ജാഥാക്യാപ്റ്റനാക്കിയത്. അന്വഷണാനന്തരം പ്രതിക്ക് 6 മാസത്തെ സുഖചികിത്സ കല്‍പ്പിച്ചതും ആരോഗ്യം വീണ്ടെടുക്കാനാണ്. അലോപ്പതി, ആയുര്‍വേദം, യോഗ എന്നിങ്ങനെയുള്ള ചികിത്സാവിധികള്‍സ്വീകരിച്ച് ശക്തിമാനായി തിരിച്ചുവരാമെന്ന് ചുരുക്കം.

സ്ത്രീകളുടെ മാനവും അവകാശവും സംരക്ഷിക്കാന്‍ചുമതലപ്പെട്ട വനിതാ കമ്മീഷന്‍അദ്ധ്യക്ഷപോലും വിധി അംഗീകരിക്കുന്നു. കുറ്റത്തിന്റെ വലുപ്പം വെച്ചുനോക്കുമ്പോള്‍പരമാവധി ശിക്ഷയാണത്രെ ആരോഗ്യശ്രീമാന് ലഭിച്ചിരിക്കുന്നത്! വാദിക്കും പ്രതിക്കും സംതൃപ്തി!

അപ്പോള്‍മാസം കഴിഞ്ഞാല്‍ഇഷ്ടന്‍ശക്തിമാനായി പാര്‍ട്ടിയിലേക്ക് തിരിച്ചുവരുമെന്ന് ഉറപ്പ്. അങ്ങനെ പാര്‍ട്ടിയുടെ ആരോഗ്യവും ശക്തിപ്പെടും. എന്നാല്‍പീഡനത്തേക്കാള്‍ഗരുതരമായ കുറ്റം ചെയ്ത കുലംകുത്തികള്‍പാര്‍ട്ടിയിലുണ്ട്. പീഡനപരാതി പരസ്യപ്പെടുത്തി പാര്‍ട്ടി ആരോഗ്യം ക്ഷയിപ്പിച്ചവര്‍. അവറ്റകള്‍ക്ക് ശിക്ഷ വേറെ വരുന്നുണ്ട്. വെറുതെ വിടാന്‍പാര്‍ട്ടി നിയമം അനുശാസിക്കുന്നില്ല. അതിനാല്‍മാസം കഴിഞ്ഞാല്‍പരാതിക്കാരിയും ശില്‍ബന്തികളും നാടുവിടും. ഇല്ലെങ്കില്‍നാടുകടത്തും. പാര്‍ട്ടിക്ക് സ്വന്തം ആരോഗ്യമാണ് വലുത്. 

ഡോ. അജിതന്‍ മേനോത്ത്, 

കാര്യാട്ടുകര, തൃശ്ശൂര്‍.

ആധുനിക നവോത്ഥാന നായകനാകാന്‍ കൊതിക്കുന്ന മുഖ്യന്‍

തീവണ്ടിയുടെ ഭാരം കുറയ്ക്കാന്‍ ചുമടെല്ലാം തലയില്‍ താങ്ങിക്കൊണ്ടിരിക്കുന്ന യാത്രക്കാരനെപ്പോലെ ഒരു ഭരണാധികാരി. താനാണ് ലോകോത്തര നവോത്ഥാന നായകനെന്ന് അഭിമാനിച്ച് വൃഥാ സ്വപ്നം കാണുന്ന ഒരാള്‍. അയാള്‍ക്കു ചുറ്റും കൂടിയിരിക്കുന്നത് ഈശ്വരവിശ്വാസികളെയും തന്ത്രിമാരുള്‍പ്പെടെയുള്ള മറ്റുള്ളവരെയും നിരന്തരം അപഹസിക്കുന്ന ഒരു പറ്റം വിദൂഷകമാര്‍. അതും പോരാത്തതിന് ഇവരെ കൂടാതെ ഒരു ഡസന്‍ ഉപദേശികളും. 

ലിംഗവിവേചനത്തിന്റെ പേരില്‍ സ്ത്രീ ജനങ്ങളെ ക്ഷേത്രത്തില്‍ പ്രവേശിക്കാനനുവദിക്കുന്നില്ല എന്ന ഒരു തെറ്റിദ്ധാരണയുടെ പേരില്‍ സമര്‍പ്പിക്കപ്പെട്ട ഒരന്യായത്തിന്റെ വിധി പ്രകൃതിദുരന്തമെന്ന കൂനിന്മേലുണ്ടായ മറ്റൊരു കുരുവായി മാറുകയാണുണ്ടായത്. വെളുക്കാന്‍ തേച്ചതു പാണ്ടായതു പോലെ സ്വന്തം അണികളുടെ കുടുംബങ്ങളില്‍പ്പോലും രോഷാഗ്‌നി ഉയരുകയും പാര്‍ട്ടിക്കുള്ളില്‍പ്പോലും ഭിന്നതയുണ്ടാകുന്ന സ്ഥിതി ഉണ്ടാവുകയും ചെയ്തു. ഇതിനു കടിഞ്ഞാണിടാന്‍ അഭിനവ നവോത്ഥാന നായകനുമതില്‍ പണിഞ്ഞേ മതിയാകൂ എന്നായി അതും വനിതാ മതില്‍.

നവോത്ഥാന പരിവേഷം ചാര്‍ത്തി സാമുദായിക നേതാക്കന്മാരായ വെള്ളാപ്പള്ളി നടേശനെയും പുന്നല ശ്രീകുമാറിനെയും കൂടെ നിര്‍ത്തിയപ്പോള്‍ ഹൈന്ദവേതര സമുദായക്കാരെ പാടെ മറന്നു പോയി. ഇവര്‍ കെട്ടുന്ന മതിലിന്റെ പടമെടുത്ത് ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണം എന്നാവശ്യപ്പെട്ട് വനിതകള്‍ മതില്‍ നിര്‍മ്മിച്ചു എന്ന് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കാനായിട്ടാണ് ഇത്രതത്രപ്പാട്.  

രാജ്യാതിര്‍ത്തിയിലെയും , സംസ്ഥാനാതിര്‍ത്തിയിലെയും , അവനവന്റെ പറമ്പിലെയും, സ്വന്തം ഹൃദയത്തിന്റെയും മതിലുകളെക്കുറിച്ച് ബോദ്ധ്യമുള്ള ജനത്തെക്കൊണ്ട് ഒരു വര്‍ഗ്ഗീയ മതിലുകുടി പണിയിക്കുക. ആധുനിക നവോത്ഥാന നായകനെന്ന പരമപദം നേടാന്‍ ഇതൊന്നു മാത്രമാണ് കേരള മുഖ്യന്റെ ലക്ഷ്യം.  

ഡോ. എന്‍. ബാലഗോപാല പ്രസാദ്. 

ചവറ - കൊല്ലം

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.