പാളുന്ന തന്ത്രങ്ങള്‍; പൊളിയുന്ന മതില്‍

Saturday 22 December 2018 1:09 am IST
ചിത്തിര ആട്ടവിശേഷവുമായി ബന്ധപ്പെട്ട് നടതുറന്നപ്പോള്‍ സന്നിധാനത്തും, പരിസരപ്രദേശത്തും അയ്യപ്പ നാമജപങ്ങള്‍ നിഷേധിക്കപ്പെട്ടു. ആവശ്യമായ കെഎസ്ആര്‍ടിസി ബസുകളുടെ സൗകര്യം ഒരുക്കാതെ അയ്യപ്പഭക്തരെ കിലോമീറ്ററോളം നടത്തിച്ചു. വിരിവെയ്ക്കാനുള്ള അവകാശം പോലും അയ്യപ്പന്മാര്‍ക്ക് നിഷേധിക്കപ്പെട്ടു. പ്രാഥമിക കൃത്യനിര്‍വ്വഹണങ്ങള്‍പോലും നടത്താന്‍ കഴിയാത്ത രീതിയില്‍ ശുചിമുറികള്‍ അടച്ചുപൂട്ടി. വൃത്തിഹീനവും, പന്നിയുള്‍പ്പെടെയുള്ള മൃഗങ്ങള്‍ വിഹരിക്കുന്ന സ്ഥലങ്ങളില്‍ പിഞ്ചുകുഞ്ഞുങ്ങളടക്കമുള്ള അയ്യപ്പന്മാര്‍ക്ക് താമസിക്കേണ്ടിവന്നു.

ശബരിമല യുവതീ പ്രവേശന വിധി വന്നനാള്‍ മുതല്‍ യുവതികളെ ശബരിമലയില്‍ കയറ്റാന്‍ പല തന്ത്രങ്ങളും, കുതന്ത്രങ്ങളുമാണല്ലോ മുഖ്യന്‍ പിണറായി വിജയന്‍ മെനഞ്ഞുകൊണ്ടിരിക്കുന്നത്. പക്ഷേ ഇവയൊന്നും ലക്ഷ്യത്തിലെത്തിയില്ല, എന്നുമാത്രമല്ല ബൂമറാംഗ്‌പോലെ തിരിച്ച് മുഖ്യനുതന്നെ ദോഷമായി തീരുകയും ചെയ്തു. എന്തിനാണ് കേരളമുഖ്യന്‍ ഇങ്ങനെ പരിശ്രമിക്കുന്നതെന്ന് പലരേയും അത്ഭുതപ്പെടുത്തുന്നുണ്ട്. അതിലേറിയ പങ്കും മുഖ്യന്റെ പാര്‍ട്ടിക്കാര്‍ തെന്നയാണ്. 

വിധിക്കുശേഷം 2018 ഒക്‌ടോബര്‍ 17-ാം തീയതി ശബരിമല ക്ഷേത്രം തുറന്നപ്പോള്‍ നിലയ്ക്കലില്‍ സമാധാനപരമായി നാമജപം നടത്തിവന്നിരുന്ന ഭക്തരുടെ പര്‍ണ്ണശാല അര്‍ദ്ധരാത്രിയുടെ മറവില്‍ പോലീസിനെ ഉപയോഗിച്ച് പൊളിച്ചുനീക്കി. പര്‍ണ്ണശാലയില്‍ ഉണ്ടായിരുന്ന അയ്യപ്പചിത്രവും നിലവിളക്കും പോലീസ് ജീപ്പിലേക്ക് എടുത്തെറിയപ്പെട്ടു. തുടര്‍ന്ന് വാര്‍ത്താ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടര്‍മാരായ യുവതികളെ അക്രമിച്ചു എന്നതിന്റെ പേരില്‍ അയ്യപ്പഭക്തന്മാരെ ജാമ്യമില്ലാ വകുപ്പുകള്‍ ഉപയോഗിച്ച് ജയിലറകള്‍ക്കുള്ളിലാക്കി. 17-10-2018ല്‍ ശബരിമലയിലും പരിസരപ്രദേശങ്ങളിലും 144 ഉം പ്രഖ്യാപിച്ചു. പിന്നീട് പൊതുസമൂഹത്തിന് സ്വീകാര്യമല്ലാത്ത യുവതികളെ ശബരിമലയില്‍ കയറ്റുന്നതിനുള്ള ശ്രമമായിരുന്നു. ശബരിമലയില്‍ ദര്‍ശനം നടത്തിക്കുന്നതിനായി പോലീസ് യൂണീഫോമുകള്‍വരെ ഈ യുവതികള്‍ക്ക് നല്‍കി. കേരളാ പോലീസിലെ 'ഇടിയന്‍' എന്ന് അറിയപ്പെടുന്ന ഉദ്യോഗസ്ഥനെ ഉപയോഗിച്ച് അയ്യപ്പഭക്തന്മാരെ തല്ലിച്ചതച്ചു. 

ചിത്തിര ആട്ടവിശേഷവുമായി ബന്ധപ്പെട്ട് നടതുറന്നപ്പോള്‍ സന്നിധാനത്തും, പരിസരപ്രദേശത്തും അയ്യപ്പ നാമജപങ്ങള്‍ നിഷേധിക്കപ്പെട്ടു. ആവശ്യമായ കെഎസ്ആര്‍ടിസി ബസുകളുടെ സൗകര്യം ഒരുക്കാതെ അയ്യപ്പഭക്തരെ കിലോമീറ്ററോളം നടത്തിച്ചു.  വിരിവെയ്ക്കാനുള്ള അവകാശം പോലും അയ്യപ്പന്മാര്‍ക്ക് നിഷേധിക്കപ്പെട്ടു. പ്രാഥമിക കൃത്യനിര്‍വ്വഹണങ്ങള്‍പോലും നടത്താന്‍ കഴിയാത്ത രീതിയില്‍ ശുചിമുറികള്‍ അടച്ചുപൂട്ടി. വൃത്തിഹീനവും, പന്നിയുള്‍പ്പെടെയുള്ള മൃഗങ്ങള്‍ വിഹരിക്കുന്ന സ്ഥലങ്ങളില്‍ പിഞ്ചുകുഞ്ഞുങ്ങളടക്കമുള്ള അയ്യപ്പന്മാര്‍ക്ക് താമസിക്കേണ്ടിവന്നു. നിരോധനാജ്ഞ ലംഘിച്ചവെന്നതിന്റെ പേരില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല ടീച്ചര്‍, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ എന്നിവര്‍ അടക്കമുള്ള നിരവധി അയ്യപ്പഭക്തരെ പോലീസിനെ ഉപയോഗിച്ച് നിഷ്ടൂരമായി പൊതുനിരത്തിലൂടെ വലിച്ചിഴയ്ക്കുകയും, ക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയരാക്കുകയും ചെയ്തു. ആയിരക്കണക്കിന് നിരപരാധികളും, യാതൊരു കുറ്റവും ചെയ്യാത്ത അയ്യപ്പഭ്കന്മാരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം ദിവസങ്ങളോളം ജയിലറകള്‍ക്കുള്ളിലാക്കി.

സിപിഎം നിയന്ത്രണത്തിലുള്ള ഷിബു എന്ന പേരില്‍ അറിയപ്പെടുന്ന സന്ദീപാനന്ദഗിരിയെ ഉപയോഗിച്ച് അയ്യപ്പഭക്തന്മാര്‍ക്കെതിരെ ആശയപരമായ പ്രചരണവും ആരംഭിച്ചു. 2018 ഒക്‌ടോബര്‍ 11ന് സിപിഎമ്മിന്റെ മുഖപത്രമായ ദേശാഭിമാനിയില്‍ ''ശബരിമല: വിധിയും, വിശ്വാസവും'' എന്ന തലക്കെട്ടില്‍ സന്ദീപാനന്ദഗിരിയെ കൊണ്ട് ലേഖനം എഴുതിപ്പിച്ചു. നാടുനീളെ ഈ കപട സ്വാമിയെ ഉപയോഗിച്ച് വലിയ പ്രചരണങ്ങള്‍ നടത്തി. ഇതിനിടയില്‍ തിരുവനന്തപുരം കുണ്ടമന്‍ കടവിലുള്ള ആശ്രമവും, കാറുകളും അര്‍ദ്ധരാത്രിയുടെ മറവില്‍ കത്തിച്ചു എന്നുള്ള കപടനാടകവും അരങ്ങില്‍ ഉയര്‍ത്തി. 2018 ഡിസംബര്‍ 16-ാം തീയതി സിപിഐയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എഐഎസ്സ്എഫിന്റെ ഭാരവാഹിയായ അവന്തിക ഉള്‍പ്പെടെയുള്ള ഭിന്നലിംഗക്കാരെ സ്ത്രീവേഷം ധരിപ്പിച്ച് ശബരിമലയില്‍ കയറ്റാനുള്ള ശ്രമവും നടത്തി. 

അയ്യപ്പനുവേണ്ടി കേരളത്തിലെ ഭക്തജന സമൂഹം പിണറായി വിജയന്റെ എല്ലാ തന്ത്രങ്ങളെയും ചെറുത്തു തോല്‍പ്പിച്ചു. കോഴിക്കോട്ടെ ഗുരുസ്വാമിയായ രാമകൃഷ്ണനും, പത്തനംതിട്ടയിലെ ശിവദാസനാചാരിയും, തിരുവനന്തപുരത്തെ വേണുഗോപാലന്‍ നായരും ശബരിമലയിലെ ആചാരവും അനുഷ്ഠാനവും സംരക്ഷിക്കാന്‍ ജീവന്‍ ബലിനല്‍കി. കേരളമുഖ്യന്റെ നേതൃത്വത്തില്‍ യുവതികളെ ശബരിമലയില്‍ കയറ്റുതിനായി കൊണ്ടുപിടിച്ചു നടത്തിയ ശ്രമങ്ങളെയെല്ലാം സമാധാനപരമായും, ത്യാഗനിര്‍ഭരമായും ആണ് അയ്യപ്പഭക്തജന സമൂഹം നേരിട്ടത്. പ്രകോപനങ്ങള്‍ മനഃപൂര്‍വ്വം സൃഷ്ടിക്കാന്‍ മുഖ്യന്‍ നടത്തിയ എല്ലാ ശ്രമങ്ങളെയും സഹിഷ്ണതയോടെയും സമചിത്തതയോടുമാണ് ഭക്തജന സമൂഹം നേരിട്ടത്. 

തന്ത്രങ്ങളെല്ലാം ഒന്നായി പൊളിഞ്ഞുവീണപ്പോള്‍ മുഖ്യന്റെ തലയില്‍ ഉദിച്ച പുതിയ ആശയമാണ് വനിതാ മതില്‍. ഇതിനായി 2018 നവംബര്‍ 30-ാം തീയതി സര്‍ക്കാര്‍ സംവിധാനങ്ങളുപയോഗിച്ച് വ്യത്യസ്ത സമുദായ സംഘടനകളുടെ വിപുലമായ യോഗവും മുഖ്യന്റെ അധ്യക്ഷതയില്‍ വിളിച്ചുചേര്‍ത്തു. പിറക്കുന്നതിനുമുമ്പേ മൃതിയടഞ്ഞ ചാപിള്ളയ്ക്ക് തുല്യമായി പ്രസ്തുത യോഗം. ഭീഷണിപ്പെടുത്തിയും, പ്രലോഭനങ്ങള്‍ നല്‍കിയും ചില സമുദായ നേതാക്കന്മാരെ മതിലിന്റെ സംഘാടകസമിതിയുടെ തലപ്പത്ത് പ്രതിഷ്ടിക്കാന്‍ കഴിഞ്ഞെങ്കിലും പ്രസ്തുത യോഗത്തില്‍ പങ്കെടുത്ത ഭൂരിപക്ഷം സമുദായങ്ങളും ആ യോഗത്തില്‍ വച്ചുതന്നെ തങ്ങള്‍ പിന്മാറുന്നതായി പ്രഖ്യാപിച്ചു. 

സംഘാടകസമിതിയുടെ ഭാരവാഹികളായ സാമുദായിക നേതാക്കന്മാരെ അണികള്‍ തന്നെ ഇതിനോടകം തള്ളിപ്പറഞ്ഞു കഴിഞ്ഞു. വനിതാമതിലിന്റെ സംഘാടകസമിതി നേതൃത്വത്തില്‍ ഒരു വനിതപോലുമില്ല. താന്‍ പ്രഖ്യാപിച്ച സംഘാടകസമിതിയെ ഉപയോഗിച്ച് വനിതാ മതിലില്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ല എന്നു വെളിപാടുണ്ടായതിനെ തുടര്‍ന്ന് മുഖ്യന്‍ 07-12-2018ല്‍ നമ്പര്‍ 31/2018 ആയി ചീഫ് സെക്രട്ടറി ടോം ജോസിനെക്കൊണ്ട് ഉത്തരവ് ഇറക്കിപ്പിച്ചു. 

മുഖ്യമന്ത്രി പ്രഖ്യാപിച്ച വനിതാ മതില്‍ സംഘാടകസമിതിയിലെ ഭാരവാഹികളെപ്പറ്റി സ്വന്തംപാര്‍ട്ടിയില്‍ നിന്നും, പൊതുജനങ്ങളുടെ ഇടയില്‍ നിന്നും ഇതിനോടകംതന്നെ വലിയ എതിര്‍പ്പുകള്‍ ഉയര്‍ന്നുവരികയുണ്ടായി. ഭരണ പരിഷ്‌കാര കമ്മറ്റി ചെയര്‍മാന്‍ കൂടിയായ മുന്‍ മുഖ്യമന്ത്രി വി.എസ്സ്. അച്യുതാനന്ദന്‍ സിപിഎം കേന്ദ്ര കമ്മറ്റിക്ക് ജാതി സംഘടനകളെ ''ജാതിസംഘടനകളെ കൂടെനിര്‍ത്തി എന്തു നവോത്ഥാനമാണ് സര്‍ക്കാര്‍ നടപ്പിലാക്കാന്‍ പോകുത്'' എന്നു ചോദിച്ചുകൊണ്ട് പരാതിയും നല്‍കിയിരിക്കുകയാണ്. സ്വന്തം പാര്‍ട്ടിയിലെ നേതാക്കന്മാരെയും അണികളേയും പോലും മുഖ്യനുയര്‍ത്തുന്ന നവോത്ഥാന മതിലിന്റെ ആശയത്തെ മനസ്സിലാക്കികൊടുക്കാന്‍ സാധിച്ചിട്ടില്ല എന്നതാണ് സത്യം. താന്‍ പ്രഖ്യാപിച്ച വനിതാ മതില്‍ പൊളിയാതിരിക്കാന്‍ ആശാവര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍, ദേശീയ തൊഴിലുറപ്പ് പദ്ധതിയിലെ വനിതകള്‍, സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥിനികള്‍, വനിതകളായ വിവിധ സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിവരെ പ്രലോഭിപ്പിച്ചും, ഭീഷണിപ്പെടുത്തിയും അണിനിരത്തേണ്ട ഗതികേടിലാണ് ഇപ്പോള്‍ മുഖ്യന്‍. 

പൊളിയുന്ന മതിലിന്റെ പ്രചരണത്തിനായി സംസ്ഥാന സര്‍ക്കാരിന്റെ ഖജനാവില്‍ നിന്ന് ധാരാളം തുക ഇപ്പോള്‍ തന്നെ ചെലവഴിച്ചുവരികയാണ്. ദൃശ്യമാധ്യമങ്ങളിലുള്‍പ്പെടെ വലിയ തുക ചെലവഴിച്ചാണ് പ്രസ്തുത മതിലിന്റെ പ്രചരണം മുഖ്യന്‍ നടത്തിവരുന്നത്. പ്രളയംമൂലം കഷ്ടപ്പെടുന്ന ജനതയുടെ ആശ്വാസത്തിനായി കണ്ടെത്തിയ തുക മുഴുവന്‍ മതിലില്‍ ചെലവഴിക്കപ്പെടാന്‍ പോകുകയാണ്. കേരളത്തിലെ നവോത്ഥാന നായകര്‍ ഊട്ടിവളര്‍ത്തിയ ഹൈന്ദവീയ ഐക്യം തച്ചുതകര്‍ക്കുക എന്നതാണ് നവോത്ഥാന മതിലിലൂടെ മുഖ്യന്റെ ഉദ്ദേശിക്കുന്നത്. 

നവോത്ഥാനവുമായി യാതൊരു ബന്ധവും മുഖ്യന്റെ പാര്‍ട്ടിക്കില്ലെന്ന് അരിയാഹാരം കഴിക്കുന്ന ഏവര്‍ക്കുമറിയാം. കേരളത്തില്‍ നവോത്ഥാന പരിഷ്‌കരണ പ്രക്രിയകള്‍ നടുന്നകഴിഞ്ഞ് എത്രയോ കാലം കഴിഞ്ഞാണ് മുഖ്യന്റെ പാര്‍ട്ടിയുടെ പ്രവര്‍ത്തനം തന്നെ ആരംഭിച്ചത്. ഓരോ ദിവസവും മതിലില്‍ നിന്ന് കൊഴിഞ്ഞുപോകുന്ന സമുദായ സംഘടനകളുടെയും, പ്രമുഖ വ്യക്തികളുടെയും എണ്ണം കൂടിവരികയാണ്. സ്ഥലജല വിഭ്രാന്തിബാധിച്ച ആളിനെപ്പോലെ മുഖ്യന്‍ പ്രവര്‍ത്തിച്ചുവരുന്നത് സ്വന്തം പാര്‍ട്ടിയ്ക്കുതന്നെ ബാദ്ധ്യതയായി മാറിയിരിക്കുകയാണ്. തന്റെ ഭരണകാലത്താണ് യുവതികളെ ശബരിമലയില്‍ കയറ്റിയത് എന്നുവരുത്തി നവോത്ഥാന നായകനായി പേരെടുക്കാന്‍ ശ്രമിക്കുന്ന ഏകാധിപതിയായ മുഖ്യന്റെ പ്രവൃത്തികള്‍ കേരളത്തില്‍ക്കൂടി സി.പിഎമ്മിന്റെ അന്ത്യംകുറിക്കും.

(ഭാരതീയ ജനതാ പാര്‍ട്ടി 

ആര്‍ട്ടിസാന്‍ സെല്‍ സംസ്ഥാന 

കണ്‍വീനറാണ് ലേഖകന്‍)

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.