പോലീസുകാരെ മര്‍ദിച്ച സംഭവം സിറ്റി കമ്മീഷണര്‍ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Saturday 22 December 2018 1:00 am IST

തിരുവനന്തപുരം :  ഗതാഗത നിയമം ലംഘിച്ചതിന്റെ  പേരില്‍ താക്കീത് ചെയ്ത പോലീസുകാരെ വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ച സംഭവത്തില്‍ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കണമെന്ന പരാതിയില്‍ സിറ്റി പോലീസ് കമ്മീഷണര്‍ അനേ്വഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു. കൊല്ലം മാങ്കോട് സ്വദേശിനിയും മര്‍ദനമേറ്റ പോലീസുകാരന്‍ ശരത്തിന്റെ അമ്മയുമായ ശശികല നല്‍കിയ പരാതിയിലാണ് നടപടി.  മൂന്നാഴ്ചയ്ക്കുള്ളില്‍ അടിയന്തിര റിപ്പോര്‍ട്ട് നല്‍കണം.  കേസ് ജനുവരി 7 ന് പരിഗണിക്കും.

താന്‍ ഗുരുതര രോഗത്തിന് ചികിത്സയിലാണെന്നും തന്നെ സംരക്ഷിക്കേണ്ട മകനാണ് മര്‍ദനമേറ്റ് ചികിത്സയിലുളളതെന്നും ശശികല പരാതിയില്‍ പറഞ്ഞു.  യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നെത്തിയ ഇരുപതോളം പേരാണ് ശരത്തിനെയും ഒപ്പമുണ്ടായിരുന്നവരെയും മര്‍ദിച്ചതെന്ന് പരാതിയില്‍ പറയുന്നു.  കൊല്ലടാ എന്ന് ആക്രോശിച്ചുകൊണ്ട് കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചു.  കൂടുതല്‍ പോലീസുകാരെത്തിയാണ് മകനെ രക്ഷിച്ചത്. ശരത്തിനെ ദേഹോപദ്രവം ഏല്‍പ്പിച്ചവരെ മുന്‍പരിചയമില്ലെന്നും പരാതിയില്‍ പറയുന്നു.  ശരത്തിനെയും മറ്റുള്ളവരെയും കൊല്ലാനാണ് വിദ്യാര്‍ഥികള്‍ ശ്രമിച്ചതെന്നും പരാതിയില്‍ പറയുന്നു. മകനെ കൊല്ലാന്‍ ശ്രമിച്ച സംഭവം സത്യസന്ധമായി അനേ്വഷിക്കണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.