സന്തോഷം, ലക്ഷ്യം 8.50 മീറ്റര്‍: ശ്രീശങ്കര്‍

Saturday 22 December 2018 1:15 am IST

പാലക്കാട്: ''ഒന്നാമതെത്തിയതില്‍ ഏറെ സന്തോഷം, 8.50 മീറ്റര്‍ കടക്കുകയാണ് അടുത്ത ലക്ഷ്യം.'' രാജ്യാന്തര അത്‌ലറ്റിക് ഫെഡറേഷന്റെ ലോക ജൂനിയര്‍ (അണ്ടര്‍ 20) അത്‌ലറ്റിക്‌സ് റാങ്കിങ് ലോങ്ജംപില്‍ ഒന്നാമതെത്തിയ ശ്രീശങ്കറിന്റേതാണ് വാക്കുകള്‍. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ശ്രീശങ്കറെന്നറിയുമ്പോഴെ ഈ വാക്കുകളുടെയും നേട്ടത്തിന്റെയും മഹത്വമറിയൂ.

നിസാരമൊന്നുമല്ല ഈ നേട്ടം. ആഫ്രിക്കയും യൂറോപ്പുമെല്ലാം ആധിപത്യം പുലര്‍ത്തുന്ന ലോക കായികവേദിയില്‍ തലയുയര്‍ത്തി നില്‍ക്കും ഇനി ഈ പാലക്കാട്ടുകാരന്‍. ജൂനിയര്‍ റാങ്കിങ്ങില്‍ മുന്നിലെത്തിയവരെല്ലാം മുന്‍കാലങ്ങളില്‍ അത്‌ലറ്റിക് ലോകം ഭരിച്ചവരെന്നറിയുമ്പോള്‍ ഈ കഠിനാധ്വാനത്തെ ബഹുമാനിക്കണം. 

പങ്കെടുത്ത മത്സരങ്ങളിലെല്ലാം മെഡലുകള്‍ വാരിക്കൂട്ടിയ ശ്രീശങ്കര്‍ സപ്തംബറില്‍ ഭുവനേശ്വറില്‍ നടന്ന ഓപ്പണ്‍ അത്ലറ്റിക്സില്‍ 8.20 മീറ്റര്‍ ചാടി ദേശീയ റെക്കോഡ് മറികടന്നിരുന്നു. ഇതാണ് റാങ്കിങ്ങിലെ മുന്നേറ്റത്തിന് കാരണമായത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാളി താരവും രണ്ടാമത്തെ ഇന്ത്യക്കാരനുമാണ് ശ്രീശങ്കര്‍. ലോങ്ജംപില്‍ എട്ട് മീറ്റര്‍ പിന്നിടുന്ന എട്ടാമത്തെ ഇന്ത്യന്‍ താരവും രണ്ടാമത്തെ മലയാളിയുമാണ്. 

ശ്രീശങ്കറിന് ഏറെ സങ്കടങ്ങള്‍ സമ്മാനിച്ച വര്‍ഷമാണിത്. ലോങ്ജംപ് പിറ്റിനോട് വിടപറയേണ്ടി വരുമെന്ന ഘട്ടത്തില്‍ നിന്ന് എല്ലാവരുടെയും പ്രാര്‍ഥനയും മനക്കരുത്തുമാണ് ഇതുവരെ എത്തിച്ചതെന്ന് ശ്രീശങ്കര്‍ പറയുന്നു. മാര്‍ച്ചില്‍ ഉദരരോഗത്തിന് ശസ്ത്രക്രിയ നടത്തി. എട്ടു കിലോയോളം ഭാരം കുറഞ്ഞു. പരിശീലനം മുടങ്ങി. ഇതൊക്കെയായിട്ടും മൂന്നു മാസത്തെ പരിശീലനം കൊണ്ടാണ് ഭുവനേശ്വറില്‍ റെക്കോഡ് നേടിയത്. ഈ ദൂരം ഏഷ്യന്‍ ഗെയിംസില്‍ ചാടിയിരുന്നെങ്കില്‍ വെള്ളി മെഡല്‍ ലഭിക്കുമായിരുന്നുവെന്നതാണ് ശ്രീശങ്കറിന്റെ ദുഃഖം. അസുഖം മൂലം പല പ്രധാന മത്സരങ്ങളും നഷ്ടപ്പെട്ടതിന്റെ വേദനയുമുണ്ട് ഈ യുവതാരത്തിന്. 

ഫെബ്രുവരിയില്‍ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസ് പരിശീലന മീറ്റില്‍ നാലാംസ്ഥാനം (7.74 മീറ്റര്‍), ജൂലൈയില്‍ ഫിന്‍ലാന്‍ഡിലെ ലോക ജൂനിയര്‍ മീറ്റില്‍ ആറാം സ്ഥാനം (7.76 മീ.), ആഗസ്തില്‍ ഏഷ്യന്‍ ഗെയിംസില്‍ ആറാം സ്ഥാനം (7.95 മീ.) എന്നിവയാണ് ഈ വര്‍ഷത്തെ മറ്റു പ്രധാന നേട്ടങ്ങള്‍. അടുത്ത വര്‍ഷം ഏപ്രിലില്‍ ദോഹയില്‍ നടക്കുന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ്, മാര്‍ച്ചില്‍ പട്യാലയില്‍ നടക്കുന്ന ദേശീയ മീറ്റ് ഉള്‍പ്പെടെ പങ്കെടുക്കുവാനുള്ള തയാറെടുപ്പിലാണ് ശ്രീ.

മുന്‍ രാജ്യാന്തര അത്ലറ്റുകളായ എസ്. മുരളിയുടെയും കെ.എസ്. ബിജിമോളുടെയും മകനാണ് ശ്രീശങ്കര്‍. അച്ഛന്റെ പരിശീലനത്തില്‍ ഇനി മകന്‍ മത്സരിക്കാനൊരുങ്ങുമ്പോള്‍ ഏറെ അഭിമാനം തോന്നുന്നെന്ന് മുരളി ജന്മഭൂമിയോട് പറഞ്ഞു. ദിവസവും പാലക്കാട് മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ നാലര മണിക്കൂറാണ് പരിശീലനം. ഈ സമയത്ത് അച്ഛന്‍-മകന്‍ ബന്ധമൊന്നുമില്ല. ഗ്രൗണ്ടില്‍ വളരെ കര്‍ക്കശക്കാരായ പരിശീലകനും മത്സരാര്‍ത്ഥിയുമായിരിക്കും ഇവര്‍. പാലക്കാട് ഗവ. വിക്ടോറിയ കോളേജിലെ ഒന്നാം വര്‍ഷ ബിഎസ്‌സി ഗണിതശാസ്ത്ര വിദ്യാര്‍ഥിയാണ് ശ്രീശങ്കര്‍.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.