സമരം: കേരള ഗ്രാമീണ്‍ ബാങ്കിന്റെ പ്രവര്‍ത്തനം താളം തെറ്റുന്നു

Saturday 22 December 2018 1:24 am IST

ണ്ണൂര്‍: കേരള ഗ്രാമീണ്‍ ബാങ്ക് എംപ്ലോയീസ് യൂണിയന്‍ ആന്റ് ഓഫീസേഴ്‌സ് യൂണിയന്‍ അഞ്ച് ദിവസമായി നടത്തിവരുന്ന സമരം കേരള ഗ്രാമീണ്‍ ബാങ്കിന്റെ പ്രവര്‍ത്തനത്തെ താളം തെറ്റിക്കുന്നു. പ്യൂണ്‍ തസ്തികയില്‍ ജോലി ചെയ്യുന്ന മുന്നൂറില്‍പരം ദിവസവേതന ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് ഇടത് അനുകൂല സംഘടനകള്‍ അഞ്ച് ദിവസമായി സമരം ചെയ്യുന്നത്. ദിവസവേതന ജോലി ചെയ്യുന്ന പ്യൂണ്‍ തസ്തികയിലുള്ള 183 പേരുടെ കാര്യത്തില്‍ നിയമാനുസരണം ഉചിതമായ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. ബാക്കിയുള്ളവരെ കൂടി സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് ഇപ്പോള്‍ സമരം. ദിവസ വേതന അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്താന്‍ സാങ്കേതികമായ പ്രശ്‌നങ്ങളുണ്ടെന്നാണ് മാനേജമെന്റ് നിലപാട്. സമരം ഒത്തുതീര്‍പ്പാക്കുന്നതിന് ഇന്നലെ മലപ്പുറത്ത് ചര്‍ച്ച നടന്നെങ്കിലും സമവായമായില്ല. മുന്‍പ് നടന്ന ചര്‍ച്ചയില്‍ നിന്ന് വ്യത്യസ്തമായി മാനേജ്‌മെന്റിന് ഒന്നും പറയാന്‍ സാധിക്കാത്തതിനാല്‍ സമരവുമായി മുന്നോട്ട് പോകുമെന്നാണ് നേതാക്കള്‍ വ്യക്തമാക്കിയത്.

തുടര്‍ച്ചയായി അഞ്ച് ദിവസം ബാങ്കുകള്‍ അടഞ്ഞ് കിടന്നത് ഇടപാടുകാരെയും ബാധിച്ച് തുടങ്ങിയിട്ടുണ്ട്. വിവിധ ക്ഷേമ പെന്‍ഷനുകളുടെ വിതരണം മുടങ്ങിയിരിക്കുകയാണ്. ഓണ്‍ലൈന്‍ ഇടപാട് നടത്താത്ത ഇടപാടുകാരെയാണ് സമരം ഏറെ ബാധിച്ചത്. സിഐടിയുവിന്റെ സഹായത്തോടെയാണ് ഇടത് അനുകൂല സംഘടനകള്‍ ബാങ്കുകള്‍ അടപ്പിക്കുന്നത്. ജീവനക്കാര്‍ എത്തിയാലും അവര്‍ക്ക് ബാങ്ക് തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്നില്ല. മിക്ക ബാങ്കുകളും പോലീസ് സഹായം ആവശ്യപ്പെട്ടെങ്കിലും നാമമാത്രമായ സഹായം മാത്രമാണ് ലഭിച്ചതെന്ന് ജീവനക്കാര്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.